ചരിത്ര മത്സരത്തില്‍ വലിയ മികവിലേക്ക് ഉയരാന്‍ അമ്പാട്ടി റായുഡുവിന് കഴിയാതെ പോയി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 200 മത്സരങ്ങള്‍ കളിക്കുന്ന ഒന്‍പതാം താരമെന്ന നേട്ടത്തില്‍ അമ്പാട്ടി റായുഡു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഇറങ്ങിയതോടെയാണ് റായുഡു നേട്ടത്തിലെത്തിയത്. എം എസ് ധോണി(246), ദിനേശ് കാര്‍ത്തിക്(240), രോഹിത് ശര്‍മ്മ(238), വിരാട് കോലി(234), രവീന്ദ്ര ജഡേജ(222), ശിഖര്‍ ധവാന്‍(214), സുരേഷ് റെയ്‌ന(205), റോബിന്‍ ഉത്തപ്പ(205) എന്നിവര്‍ ഉള്‍പ്പെട്ട എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ചു ഇതോടെ അമ്പാട്ടി റായുഡു. 

എന്നാല്‍ ചരിത്ര മത്സരത്തില്‍ വലിയ മികവിലേക്ക് ഉയരാന്‍ അമ്പാട്ടി റായുഡുവിന് കഴിയാതെ പോയി. 17 പന്തില്‍ ഓരോ ഫോറും സിക്‌സറും സഹിതം 23 റണ്‍സെടുത്ത താരം സിഎസ്‌കെ ഇന്നിംഗ്‌സിലെ 17-ാം ഓവറില്‍ ഖലീല്‍ അഹമ്മദിന്‍റെ പന്തില്‍ പുറത്താവുകയായിരുന്നു. മികച്ച തുടക്കത്തിലൂടെ പ്രതീക്ഷ നല്‍കിയ ശേഷമായിരുന്നു റായുഡുവിന്‍റെ മടക്കം. ഐപിഎല്‍ കരിയറിലെ 200 മത്സരങ്ങളിലെ 185 ഇന്നിംഗ്‌സുകളില്‍ 4331 റണ്‍സാണ് നേടിയിട്ടുള്ളത്. 28.59 ശരാശരിയിലും 127.19 പ്രഹരശേഷിയുമുള്ള റായുഡുവിന് ഒരു സെഞ്ചുറിയും 22 ഫിഫ്റ്റികളുമുണ്ട്. 

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സിഎസ്‌കെ നിരയിലാരെയും 30 കടക്കാന്‍ ഡല്‍ഹി ബൗളര്‍മാര്‍ അനുവദിച്ചില്ല. മിച്ചല്‍ മാര്‍ഷ് മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും ഖലീല്‍ അഹമ്മദും ലളിത് യാദവും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും സ്വന്തമാക്കി. റുതുരാജ് ഗെയ്‌ക്‌വാദ്(24), ദേവോണ്‍ കോണ്‍വേ(10), അജിങ്ക്യ രഹാനെ(21), മൊയീന്‍ അലി(7), ശിവം ദുബെ(25), അമ്പാട്ടി റായുഡു(23), രവീന്ദ്ര ജഡേജ(21), എം എസ് ധോണി(20), ദീപക് ചാഹര്‍(1*), തുഷാര്‍ ദേശ്‌പാണ്ഡെ(0*) എന്നിങ്ങനെയായിരുന്നു സിഎസ്‌കെ താരങ്ങളുടെ സ്കോര്‍. 

Dr. Vandana Das Attack | Kottarakkara Kerala | Kottarakkara News LIVE Updates | Asianet Kollam News

Read more: രോഹിത് ശര്‍മ്മയുടെ ഐപിഎല്‍ ഭാവി കയ്യാലപ്പുറത്ത്; കാരണം വിശദീകരിച്ച് മുന്‍താരം