ഐപിഎല്‍ ചരിത്രത്തില്‍ ആറാം തവണ മാത്രമാണ് ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പിറക്കുന്നത്

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-ലഖ‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന്‍റെ വിധിയെഴുതിയത് ഒരൊറ്റ ഓവറാണ്. 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ അഞ്ച് സിക്‌സുകളോടെ 31 റണ്‍സാണ് മാര്‍ക്കസ് സ്റ്റോയിനിസും നിക്കോളസ് പുരാനും അടിച്ചുകൂട്ടിയത്. ഇതോടെ ലഖ്‌നൗ വിജയപ്രതീക്ഷകളിലേക്ക് മത്സരത്തില്‍ എത്തുകയായിരുന്നു. അതേസമയം ഈ ഓവര്‍ എറിഞ്ഞ ഓള്‍റൗണ്ടര്‍ അഭിഷേക് ശര്‍മ്മ നാണക്കേടിന്‍റെ പടുകുഴിയിലേക്ക് മൂക്കുംകുത്തി വീണു. 

ഐപിഎല്‍ ചരിത്രത്തില്‍ ആറാം തവണ മാത്രമാണ് ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പിറക്കുന്നത്. ഐപിഎല്‍ 2023 സീസണില്‍ ഇത് രണ്ടാം തവണയും. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ യഷ് ദയാലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗ് തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ക്ക് പറത്തിയതായിരുന്നു ഈ സീസണിലെ ആദ്യ സംഭവം. 2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ശിവം മാവിയും 2021ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഹര്‍ഷല്‍ പട്ടേലും 2020ല്‍ പഞ്ചാബ് കിംഗ്‌സിന്‍റെ ഷെല്‍ഡന്‍ കോട്രലും 2012ല്‍ പൂനെ വാരിയേഴ്‌സിന്‍റെ രാഹുല്‍ ശര്‍മ്മയുമാണ് ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ വഴങ്ങിയിട്ടുള്ള മറ്റ് ബൗളര്‍മാര്‍. 

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ അഭിഷേക് ശര്‍മ്മയുടെ ആദ്യ പന്ത് മാര്‍ക്കസ് സ്റ്റോയിനിസ് ഗ്യാലറിയിലെത്തിച്ചു. തൊട്ടടുത്ത പന്ത് വൈഡായപ്പോള്‍ വീണ്ടുമെറിഞ്ഞ ബോളും സിക്‌സായി. എന്നാല്‍ മൂന്നാം പന്തില്‍ സ്റ്റോയിനിസിനെ ലോംഗ് ഓഫില്‍ അബ്ദുല്‍ സമദ് ക്യാച്ചിലൂടെ പുറത്താക്കി. നാലാം പന്ത് നേരിടാനെത്തിയ പുതിയ ബാറ്റര്‍ നിക്കോളാസ് പുരാന്‍ സിക്‌സര്‍ പറത്തി. അടുത്ത രണ്ട് പന്തുകള്‍ കൂടി ഗ്യാലറിയിലെത്തിച്ച് പുരാന്‍ ഹാട്രിക് സിക്‌സ് തികച്ചതോടെ അഭിഷേകിന്‍റെ ഈ ഓവറില്‍ 31 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ തെളിയുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തിലാണ് 182 റണ്‍സ് നേടിയത്. 29 പന്തില്‍ 47 റണ്‍സുമായി ഹെന്‍‌റിച് ക്ലാസനും 25 പന്തില്‍ 37* എടുത്ത് അബ്‌ദുല്‍ സമദും തിളങ്ങി. ഓപ്പണര്‍ അമോല്‍പ്രീത് സിംഗ് 36 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ക്വിന്‍റണ്‍ ഡികോക്കും(19 പന്തില്‍ 29), പ്രേരക് മങ്കാദും(45 പന്തില്‍ 64*), മാര്‍ക്കസ് സ്റ്റോയിനിസും(25 പന്തില്‍ 40), നിക്കോളസ് പുരാനും(13 പന്തില്‍ 44*) 19.2 ഓവറില്‍ ഏഴ് വിക്കറ്റിന്‍റെ ജയം ലഖ്‌നൗവിന് സമ്മാനിക്കുകയായിരുന്നു. 

Read more: എന്തൊക്കെയാണ് നടക്കുന്നത്? ലഖ്‌നൗ ഡഗൗട്ടിലേക്ക് നട്ടും ബോള്‍ട്ടും ഏറ്! ഇറങ്ങിയോടി താരങ്ങളും സ്റ്റാഫും

Karnataka Assembly Election Result 2023| Asianet News | Malayalam Live News | Kerala Live TV News