സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വച്ചുനീട്ടിയ 187 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാന്‍ ഇറങ്ങുമ്പോള്‍ വിരാട് കോലിയും നായകനും സഹ ഓപ്പണറുമായ ഫാഫ് ഡുപ്ലസിസും തമ്മില്‍ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു

ഹൈദരാബാദ്: കിംഗ്, ആ പേരിന് ക്രിക്കറ്റില്‍ ഒരേയൊരു അവകാശിയേയുള്ളൂവെന്ന് അരക്കിട്ടുറപ്പിച്ച ഇന്നിംഗ‌്‌സാണ് ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആര്‍സിബി സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി പുറത്തെടുത്തത്. അളന്നുമുറിച്ച ഷോട്ടുകള്‍ കൊണ്ട് 51 പന്തില്‍ 8 ഫോറും 6 സിക്‌സറും ഉള്‍പ്പെടെയായിരുന്നു 100 റണ്ണുമായി കിംഗിന്‍റെ ബാറ്റിംഗ് വിളയാട്ടം. കോലിയുടെ കരിയറിലെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്നായി ഈ ശതകം വാഴ്‌ത്തപ്പെടുമ്പോള്‍ ഈ മിന്നും മൂന്നക്കത്തിന് പുറകില്‍ അധികമാരും അറിയാത്തൊരു കഥയുണ്ട്. വിരാട് കോലി തന്നെയാണ് അക്കാര്യം വെളിപ്പെടുത്തിയത്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വച്ചുനീട്ടിയ 187 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാന്‍ ഇറങ്ങുമ്പോള്‍ വിരാട് കോലിയും നായകനും സഹ ഓപ്പണറുമായ ഫാഫ് ഡുപ്ലസിസും തമ്മില്‍ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. സണ്‍റൈസേഴ്‌സ് ബൗളര്‍മാരെ കണക്കിന് ശിക്ഷിക്കണമെന്ന് ഇരുവരും ഉറപ്പിച്ചു. നമ്മുടെ ടോപ് ത്രീയില്‍ ആരെങ്കിലും ഒരാള്‍ സെഞ്ചുറി നേടുമെന്ന് എനിക്ക് തോന്നുന്നതായി കോലിയോട് ഫാഫ് പറഞ്ഞു. അത് താങ്കളായിരിക്കും എന്നായിരുന്നു ഇതിനോട് കോലിയുടെ മറുപടി. എന്നാല്‍ സെഞ്ചുറി നേടാന്‍ പോകുന്നത് കോലിയായിരിക്കും എന്നായിരുന്നു ഫാഫിന്‍റെ പ്രതികരണം, അതുപോലെ സംഭവിക്കുകയും ചെയ്‌തു എന്നാണ് മത്സര ശേഷം കിംഗിന്‍റെ വാക്കുകള്‍. 

വിരാട് കോലി താണ്ഡവമാടിയ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്‌ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 186 റണ്‍സാണ് നേടിയതെങ്കില്‍ ആര്‍സിബി മറുപടി ബാറ്റിംഗില്‍ 19.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 187ലെത്തി. കോലി 63 പന്തില്‍ 100 ഉം ഫാഫ് 47 പന്തില്‍ 71 ഉം റണ്‍സെടുത്ത് പുറത്തായി. ഗ്ലെന്‍ മാക്‌സ്‌വെല്ലും(5*), മൈക്കല്‍ ബ്രേസ്‌വെല്ലും(4*) ടീമിനെ ജയിപ്പിച്ചു. നേരത്തെ, സണ്‍റൈസേഴ്‌സിനായി 51 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം 104 റണ്‍സെടുത്ത ഹെന്‍‌റിച്ച് ക്ലാസന്‍റെ സെഞ്ചുറി പാഴായി. 

Read moer: ഫാബുലസ് വിന്‍! കിംഗ് കോലിക്ക് 100; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ആർസിബി

SSLC result 2023 |Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News