കോലി-ഗംഭീര്‍ പോര് വലിയ വിവാദമായിരിക്കുന്നതോടെ തന്‍റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്

ലഖ്‌നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സര ശേഷം നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. ആര്‍സിബി താരം കോലിയും ലഖ്‌നൗ ടീം ഉപദേശകന്‍ ഗൗതം ഗംഭീറും വാക്‌പോരുമായി ഐപിഎല്ലിനും ഇന്ത്യന്‍ ക്രിക്കറ്റിനും നാണക്കേടുണ്ടാക്കുകയായിരുന്നു. ഇതാദ്യമല്ല ഇരുവരും മൈതാനത്ത് കോര്‍ക്കുന്നത്. കോലി-ഗംഭീര്‍ പോര് വീണ്ടും വലിയ വിവാദമായിരിക്കുന്നതോടെ തന്‍റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. 

'2008ല്‍ എസ് ശ്രീശാന്തിനെ തല്ലിയതില്‍ എനിക്ക് ലജ്ജയുണ്ട്. വിരാട് കോലി ഇതിഹാസമാണ്. അതിനാല്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ ഉള്‍പ്പെടാന്‍ പാടില്ല. വിരാടും ഗംഭീറും തമ്മില്‍ നടന്നത് ക്രിക്കറ്റിന് യോജിച്ചതല്ല. വിരാട് കോലിയും ഗൗതം ഗംഭീറും അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ക്രിക്കറ്റ് ലോകത്തിന് മനോഹരമായ സന്ദേശം നൽകുകയാണ് വേണ്ടത്. ഇരുവരും ഒരേ സിറ്റിയില്‍ നിന്നുള്ളവരാണ്. ഒന്നിച്ച് ലോകകപ്പ് നേടിയവരാണ്' എന്നും ഹർഭജൻ സിംഗ് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയും തന്‍റെ യൂട്യൂബ് ചാനലിലൂടെയുമാണ് ഭാജി തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

ഐപിഎല്ലിന്‍റെ 2008 സീസണില്‍ എസ് ശ്രീശാന്തിന്‍റെ മുഖത്ത് അടിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് ഹര്‍ഭജന്‍ സിംഗ് പിന്നീട് വ്യക്തമാക്കിയിരുന്നു. അന്ന് മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഭാജി മത്സര ശേഷം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായ ശ്രീശാന്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. 'മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ ഇങ്ങനെയൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നു. ഞാന്‍ കാരണം എന്റെ സഹതാരം നാണംകെട്ടു. എനിക്കും നാണക്കേടുണ്ടായി. എന്റെ ഭാഗത്ത് തന്നെയായിരുന്നു തെറ്റ്. മൈതാനത്ത് വെച്ച് അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ട്. വീണ്ടും മാപ്പ് ചോദിക്കുന്നു' എന്നുമായിരുന്നു ഹര്‍ഭജന്‍റെ പ്രതികരണം. 

Scroll to load tweet…

തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായി ശ്രീശാന്തും തുറന്നുപറഞ്ഞിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരുക്കിയ വിരുന്നില്‍ വച്ചായിരുന്നു പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. മാത്രമല്ല, ഇതിന് ശേഷം ഇരുവരും ഇന്ത്യന്‍ ടീമില്‍ ഒന്നിച്ച് കളിക്കുകയും ചെയ്‌തു. ഐപിഎല്‍ 2023 സീസണില്‍ ഹര്‍ഭജനും ശ്രീശാന്തും ഒരുമിച്ചിരുന്ന് കമന്‍ററി പറയുന്നുണ്ട്. 

Read more: മുഖത്തടിയൊക്കെ എന്നേ മറന്നു; ഒന്നിച്ചിരുന്ന് ഐപിഎല്‍ കമന്‍ററി പറയാന്‍ ശ്രീശാന്തും ഹര്‍ഭജനും