ആവേശവും നാടകീയതയും അവസാന പന്തിലേക്ക് നീണ്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഒരു വിക്കറ്റിന് വിജയിച്ചതിന് ശേഷമായിരുന്നു ഗംഭീറിന്‍റെ അതിരുവിട്ട ആവേശവും ആഘോഷവും

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ അഗ്രസീവ് താരങ്ങളിലൊരാളാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ടീം ഇന്ത്യക്കായി കളിക്കുമ്പോഴും ഐപിഎല്ലിനിടയിലും താരങ്ങളുമായി ഗംഭീര്‍ പല തവണ കോര്‍ക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ബാറ്റ് ചെയ്യവേ, റണ്ണിനായി ഓടവേ, വിക്കറ്റ് വീണ ശേഷം, ക്യാച്ച് എടുത്ത ശേഷം എല്ലാം ഗംഭീര്‍ സകല സീമകളും മറികടന്ന് എതിര്‍ താരങ്ങളുമായി കോര്‍ത്തിട്ടുണ്ട്. സ്വന്തം ടീമിലെ താരങ്ങളുമായി പോലും പൊരുത്തപ്പെട്ട് പോകാന്‍ പാടുള്ള ഗംഭീര്‍ ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഉപദേശകനായി വന്നപ്പോഴുള്ള പെരുമാറ്റവും വിമര്‍ശിക്കപ്പെടുകയാണ്.

ആവേശവും നാടകീയതയും അവസാന പന്തിലേക്ക് നീണ്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഒരു വിക്കറ്റിന് വിജയിച്ചതിന് ശേഷമായിരുന്നു ഗംഭീറിന്‍റെ അതിരുവിട്ട ആവേശവും ആഘോഷവും. മത്സര അവസാന ഓവറിലേക്ക് നീണ്ടപ്പോഴേ ഡഗൗട്ടില്‍ അക്ഷമനായിരുന്നു ഗംഭീര്‍. അവസാന പന്തില്‍ രവി ബിഷ്‌ണോയിയും ആവേശ് ഖാനും മത്സരം ജയിപ്പിച്ചതും ഡഗൗട്ട് വിട്ടിറങ്ങി ഗംഭീര്‍ തുള്ളിച്ചാടി. മത്സര ശേഷം ഗംഭീര്‍ ആര്‍സിബി താരങ്ങളുമായി ഹസ്‌തദാനം ചെയ്യുന്നതിടെ വിരാട് കോലിക്ക് കടുപ്പത്തില്‍ കൈ കൊടുക്കുന്നതും എന്തോ പറയുന്നതുമാണ് ടെലിവിഷനില്‍ കണ്ടത്. ഇതിനൊപ്പം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആര്‍സിബി ആരാധകരോട് വായടക്കാന്‍ മുന്‍ താരം ആംഗ്യം കാട്ടുന്നതും കണ്ടു. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് നാടകീയ ജയം സ്വന്തമാക്കിയത്. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ബോളില്‍ ഒരു വിക്കറ്റ് മാത്രം കയ്യിലിരിക്കേ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ഉന്നം പിഴച്ചപ്പോള്‍ ബൈ റണ്‍ ഓടി ആവേശ് ഖാനും രവി ബിഷ്‌ണോയിയും ലഖ്‌നൗ ടീമിനെ നാടകീയമായി ജയിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ 23 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ശേഷം മാര്‍ക്കസ് സ്‌റ്റോയിനിസ്(30 പന്തില്‍ 65), നിക്കോളാസ് പുരാന്‍(19 പന്തില്‍ 62), ആയുഷ് ബദോനി(24 പന്തില്‍ 30) എന്നിവരുടെ ബാറ്റിംഗിലായിരുന്നു മത്സരത്തിലേക്ക് ലഖ്‌നൗവിന്‍റെ തിരിച്ചുവരവ്. 19-ാം ഓവറിലെ നാലാം പന്തില്‍ ബദോനിയും അവസാന ഓവറിലെ രണ്ടാം പന്തില്‍ മാര്‍ക്ക് വുഡും(1) അഞ്ചാം പന്തില്‍ ജയ്‌ദേവ് ഉനദ്‌കട്ടും(9) പുറത്തായിട്ടും ബൈ റണ്ണിന്‍റെ ആനുകൂല്യത്തില്‍ ലഖ്‌നൗ ഒരു വിക്കറ്റ് ജയം സ്വന്തമാക്കി. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ വിരാട് കോലി(44 പന്തില്‍ 61), നായകന്‍ ഫാഫ് ഡുപ്ലെസിസ്(46 പന്തില്‍ 79*), ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍(29 പന്തില്‍ 59) എന്നിവരുടെ കരുത്തിലാണ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് നേടിയത്. ഐപിഎല്ലില്‍ അഞ്ചാം തവണയാണ് 200ലേറെ സ്കോര്‍ നേടിയിട്ടും ആര്‍സിബി പരാജയപ്പെടുന്നത്. 

Read More: ആദ്യ ജയത്തിന് മുംബൈയും ഡല്‍ഹിയും, പരിക്കും ഫോംഔട്ടും ടീമുകള്‍ക്ക് ബാധ്യത; ടോസ് വിധിയെഴുതും