മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ ബെംഗളൂരു എഫ്‌സി ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 

തുട‍ർതോൽവിയിൽ നട്ടംതിരിയുകയാണ് ബെംഗളൂരു എഫ്സി. അവസാന മൂന്ന് കളിയും തോറ്റ് 12 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്ത്. ടീം രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ബിഎഫ്‌സി തുടർച്ചയായ മൂന്ന് കളിയിൽ തലകുനിക്കുന്നത്. ഇതുകൊണ്ടുതന്നെ കോച്ച് കാർലെസ് കൗഡ്രാറ്റിനെ പാതിവഴിയിൽ ബെംഗളൂരു ഉപേക്ഷിച്ചുകഴിഞ്ഞു. താൽക്കാലിക കോച്ച് നൗഷാദ് മൂസയുടെ തന്ത്രങ്ങളുമായാണ് ബിഎഫ്‌സി തലവര മാറ്റാൻ ഇറങ്ങുന്നത്. 

സമനിലപൂട്ടുപൊളിച്ച് ലിസ്റ്റന്‍റെ ഇരട്ടപ്രഹരം; നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ഹൈദരാബാദ്

ഒൻപത് കളിയിൽ 12 ഗോൾ നേടിയ ബിഎഫ്‌സി ഇത്രയും ഗോളുകൾ വഴങ്ങുകയും ചെയ്തു. ഗുർപ്രീത് സിംഗ് സന്ധു ഗോൾവലയത്തിന് മുന്നിലുണ്ടായിട്ടും രണ്ട് ക്ലീൻ ഷീറ്റ് മാത്രം. ടീമിന് ഇതുവരെ പഴയ മികവിലേക്ക് എത്താനായിട്ടില്ല എന്നതാണ് ആരാധകരെ നിരാശയിലാഴ്ത്തുന്നത്. ടീം വിട്ട മികുവിന് പകരംനിൽക്കുന്നൊരു താരത്തെ കണ്ടെത്താൻ കഴിയാതിരുന്നതും തിരിച്ചടിയായി. പ്രതീക്ഷകളുടെ അമിതഭാരം താങ്ങാൻ നായകൻ സുനിൽ ഛേത്രിക്കും കഴിയുന്നില്ല. 

ഒറ്റജയം മാത്രം അക്കൗണ്ടിലുള്ള ഈസ്റ്റ് ബംഗാൾ ഏഴ് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. ഒൻപത് ഗോൾ നേടിയപ്പോൾ വഴങ്ങിയത് പതിനഞ്ചെണ്ണം. എങ്കിലും അവസാന മത്സരങ്ങളിലെ ടീമിന്റെ പോരാട്ടം ആരാധകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ഗോളടിച്ചും ഗോളടിപ്പിച്ചും കളിയിലെ താരമായി ജോയല്‍ ചിയാന്‍സെ