ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി ജെംഷഡ്‌പൂര്‍ എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വരവ്.

മഡ്‌ഗാവ്: ഐഎസ്‌എല്ലില്‍ മൂന്നാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. 10 മത്സരങ്ങളില്‍ നിന്നായി ഒന്‍പത് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ പത്താം സ്ഥാനത്താണ്. 10 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്താണ് ഉള്ളത്.

ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി ജെംഷഡ്‌പൂര്‍ എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വരവ്. രണ്ടാംപകുതിയില്‍ ജോര്‍ദാന്‍ മുറേ നേടിയ ഇരട്ട ഗോളിലായിരുന്നു മഞ്ഞപ്പടയുടെ ജയം. കഴിഞ്ഞ മത്സരത്തിലെ പോലെ ആക്രമണത്തില്‍ ഗാരി ഹൂപ്പറും ജോര്‍ദാന്‍ മുറേയും തുടരാനാണ് സാധ്യത. ഇരുവരും തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവുക. മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദിനേയും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കിബു വികൂന നിലനില്‍ത്തിയേക്കും. 

അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ അട്ടിമറിച്ച ആത്മവിശ്വാസം ഈസ്റ്റ് ബംഗാളിനുമുണ്ട്. സ്റ്റെയ്‌ന്‍മാന്‍റെ ഏക ഗോളിലായിരുന്നു ജയം. ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്‌ജിത് മജുംദാറിന്‍റെ അഞ്ച് സേവുകളും നിര്‍ണായകമായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ തോറ്റിട്ടില്ല എന്നതും ബംഗാള്‍ ടീമിന് കരുത്താണ്. മൂന്ന് സമനിലയും രണ്ട് ജയവുമായിരുന്നു ഇവയില്‍ ടീമിനെ തേടിയെത്തിയത്. 

ഇന്നലെ നടന്ന മത്സരത്തില്‍ ജെംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോള്‍ ജയവുമായി ഗോവ പോയിന്‍റ് പട്ടികയില്‍ മൂന്നാമതെത്തി. ഇതേസമയം ഏഴാം സ്ഥാനത്താണ് ജെംഷഡ്‌പൂര്‍. മെന്‍ഡോസയുടെ ഇരട്ട ഗോളും ഗോണ്‍സാലയുടെ ഗോളുമാണ് ഗോവയ്‌ക്ക് ജയമൊരുക്കിയത്. 85-ാം മിനുറ്റില്‍ ജെംഷഡ്‌പൂരിന്‍റെ ഡി ലിമ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഗോള്‍ബാറിന് കീഴെ ഗോവയുടെ നവീന്‍ കുമാര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 

ഗോവന്‍ ക്രോസ് ബാറിന് കീഴില്‍ ഉറച്ചുനിന്ന് നവീന്‍; ഹീറോ ഓഫ് ദ മാച്ച്