കാസ‌‌ർകോട്: അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ ആദ്യ ദിനം മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സംഘാടനത്തിലെ പാളിച്ചകളും പുറത്ത് വരികയാണ്. ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിലും ചെണ്ട മത്സര വേദിയിലും വലിയ പ്രതിഷേധമുണ്ടായി. നാടക മത്സരത്തിൽ ഈ വർഷവും ശബ്ദ സംവിധാനത്തിനെതിരെ പരാതിയുയർന്നു തുടർന്ന് നാടകപ്രവർത്തകരും വിദ്യാർത്ഥികളും  ചേർന്ന് പ്രതിഷേധമുയർത്തിയതോടെ അൽപ്പനേരത്തേക്ക് മത്സരം നിർത്തിവച്ചു പിന്നീട് സംഘാകരെത്തി പ്രശ്നം പരിഹരിച്ചു. ചെണ്ട മത്സരവേദിയിലും പ്രതിഷേധമുണ്ടായി. മത്സരിച്ച ഒരു ടീമിന് താഴ്ന്ന ഗ്രേഡ് നൽകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഹയർ അപ്പീൽ വഴി ഈ പ്രശ്നവും പരിഹരിച്ചു. 

"

ഉച്ചവരെ കരിഞ്ഞുപോകുന്ന വെയിലായിരുന്നു കലോത്സവം നടക്കുന്ന കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും എന്നാൽ വൈകിട്ടോടെ ഇപ്പോൾ മഴ പെയ്ത് തുടങ്ങിയിരിക്കുകയാണ്. കനത്ത ചൂടും പൊടിയും കൊണ്ട് വല‌ഞ്ഞ മത്സരാർത്ഥികൾക്കും കാണികൾക്കുമെല്ലാം മഴ ആശ്വാസമായെങ്കിലും മഴയെ തുടർന്ന് ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരം നിർത്തിവച്ചിരിക്കുകയാണ്. 

ഏഴ് ദിവസമായിരുന്ന മത്സരം നാല് ദിവസമായി ചുരുക്കിയതിന്‍റെ തിരക്ക് പങ്കപ്പാട് എങ്ങും ദൃശ്യമാണ്. ഇത്രയധികം ആളുകൾ ചുരുങ്ങിയ ദിവസം കൊണ്ട് വന്ന് പോകുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ എല്ലാ മേഖലയിലും ദൃശ്യമാണ്. ഗതാഗതകുരുക്ക് മൂലം വേദികളിൽ നിന്ന് വേദികളിലേക്ക് യാത്ര ചെയ്യാൻ മണിക്കൂറുകൾ വേണ്ടി വരുന്നുവെന്ന് പരാതിയുണ്ട്. ഊട്ടുപുരയിലും വൻ തിരിക്ക് ദൃശ്യമാണ്. നീണ്ട ക്യൂ നിന്ന് വേണം ഭക്ഷണം കഴിക്കാൻ ഇനി പുറത്ത് പോയി കഴിക്കാമെന്ന് കരുതിയാൽ കിലോമീറ്ററുകൾ സഞ്ചരിക്കണം.