കാസര്‍കോട്: അണിയുന്ന ചിലങ്കകൾ, ആടയാഭരണങ്ങൾ, ചമയം... എല്ലാത്തിനും പരാധീനതകളുടെ ഭാരവുമായാണ് ഗൗതം കാസര്‍കോട്ടെ കലോത്സവവേദിയിലെത്തിയത്. അങ്ങനെ കലോത്സവവേദിയിലെത്തിയ ഗൗതം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് തന്‍റെ ഒരു സ്വപ്നം പങ്കുവച്ചിരുന്നു, ഇന്നാവട്ടെ അത് യാഥാര്‍ത്ഥ്യമാകാനുള്ള വഴി തെളിഞ്ഞിരിക്കുന്നു.

 

നടി മഞ്ജുവാര്യരുടെ നൃത്തം മുൻനിരയിൽ ഇരുന്നു കാണണമെന്ന ആഗ്രഹമാണ് ഗൗതം ഇന്നലെ പങ്കുവച്ചത്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥിയായ ഗൗതമിന്‍റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ രംഗത്തെത്തിയത് സൂര്യാ കൃഷ്ണമൂര്‍ത്തിയാണ്. ജനുവരി 12ന് സൂര്യ ഫെസ്റ്റിവലിൽ മഞ്ജുവാര്യർ കുച്ചിപ്പുടി ആടുമ്പോൾ ആസ്വാദകരുടെ മുൻനിരയിൽ ഗൗതവുമുണ്ടാകും. "അന്ന് മുന്‍നിരയില്‍ മധ്യത്തില്‍ ഈ കുട്ടിക്ക് സീറ്റുണ്ടാകും. ഞാന്‍ ആ കുട്ടിയെ ക്ഷണിക്കുകയാണ്."- സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

മുദ്രകൾ വഴങ്ങും മുൻപേ ജീവിതത്തിന്റെ അരങ്ങിൽ പയറ്റിത്തെളി‍ഞ്ഞവനാണ് ഈ കൊച്ചുകലാകാരന്‍.  കടമെടുത്ത പണവുമായി തിരുവനന്തപുരം ജില്ലാകലോത്സവത്തിനെത്തിയ ഗൗതം മടങ്ങിയത് മൂന്ന് ഒന്നാം സ്ഥാനവും കാലിക്കീശയുമായിട്ടായിരുന്നു. പെരുകുന്ന കടക്കെണിയിൽ ആശങ്കപ്പെട്ട് കാഞ്ഞങ്ങാട് യാത്ര തന്നെ ഒഴിവാക്കണോ എന്ന് ചിന്തിച്ച ഘട്ടത്തിലാണ് ഗൗതമിനായി സുമനസ്സുകൾ ഒന്നിച്ചത്. 

സാന്പത്തിക പരാധീനതയിൽ വലയുന്ന ഗൗതം നല്ലവരായ കുറച്ചു പേരുടെ സഹായത്തോടെയാണ് കലോത്സവത്തിനെത്തിയത്. കൂലിപ്പണിക്കാരനായ അച്ഛനും ആശാവർക്കറായ അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു നൃത്തമെന്ന ഗൗതമിന്റെ സ്വപ്നം. ഏഴാം ക്ലാസിൽ മാത്രം നൃത്തം പഠിച്ചു തുടങ്ങിയ ഗൗതം കഴിഞ്ഞ നാല് വർഷമായി സംസ്ഥാനതലത്തിലെ സ്ഥിരം സാന്നിധ്യമാണ്. കുച്ചിപ്പുടി, ഭരതനാട്യം,നാടോടിനൃത്തം എന്നിവയാണ് മത്സരഇനങ്ങൾ. പ്രതിഫലം വാങ്ങാതെ പഠിപ്പിക്കുന്ന ഗുരു ആറ്റിങ്ങൽ ജോഷിയാണ് ഗൗതമിന്റെ ഏറ്റവും വലിയ കരുത്ത്. കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും എ ഗ്രേഡ്. നാടോടിനൃത്തം ബാക്കിയുണ്ട്. കലോത്സവത്തിൽ മികച്ച നേട്ടവുമായി മടങ്ങുന്ന ഗൗതമിന് ഇരട്ടി സന്തോഷമായി ഈ മോഹസാഫല്യം.