കോഴിക്കോട്: അധ്യാപകര്‍ സമ്മാനമായി നല്‍കിയ തബലയുമായി സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മത്സരിക്കാനൊരുങ്ങുകയാണ് കോഴിക്കോട് നൈനാംവളപ്പിലെ അജ്മല്‍. കോതി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ എന്‍ വി റഹീമിന്‍റെ മകനാണ് ഈ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി.

അജ്മല്‍ പഠിക്കുന്ന പരപ്പില്‍ എംഎം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകര്‍ കഴിഞ്ഞ വര്‍ഷം സമ്മാനമായി നല്‍കിയതാണ് കൈയിലുള്ള തബല. അത് മിനുക്കിയെടുത്ത്, ഇത്തവണത്തെ മത്സരത്തിന് പോകുന്നുള്ള പരിശീലനത്തിലാണ് മുഹമ്മദ് അജ്മല്‍. കഴിഞ്ഞ രണ്ട് വര്‍ഷവും സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണ ഒന്നാം സ്ഥാനവും കൊണ്ടേ തിരിച്ചെത്തൂ എന്ന ആത്മവിശ്വാസത്തിലാണ് ഈ മിടുക്കന്‍.

പിതാവ് റഹീമില്‍ നിന്നാണ് തബല വാദനത്തിന്‍റെ ആദ്യപാഠങ്ങള്‍ അജ്മല്‍ പഠിക്കുന്നത്. ഇപ്പോള്‍ ആനന്ദ് കൃഷ്ണന്‍ മാസ്റ്ററുടെ കീഴില്‍ അഭ്യസിക്കുന്നു. മത്സ്യതൊഴിലാളി കുടുംബത്തിന്‍റെ വറുതിയുടെ കടലിരമ്പം മറന്ന് അജ്മല്‍ തബലയില്‍ പെരുക്കുകയാണ്.