കാസര്‍കോട്: കളിയിലെ മേന്മ കൊണ്ടു മാത്രമല്ല, മത്സരാര്‍ഥികളുടെ വേഷവിധാനത്തിലെ വൈവിധ്യം കൊണ്ടുകൂടിയാണ് ഹൈസ്കൂള്‍ വിഭാഗം ഒപ്പന മത്സരം ശ്രദ്ധേയമായത്. ഇടുക്കിയിൽ നിന്നെത്തിയ കുട്ടികളാണ് വേഷവിധാനം കൊണ്ട് ശ്രദ്ധ നേടിയത്.

വെള്ള പെങ്കുപ്പായവും കാച്ചിമുണ്ടും അണിഞ്ഞാണ്  കാലങ്ങളായി ഒപ്പനക്ക് പെൺകിടാങ്ങളെത്തുന്നത്. ഇത്തവണയും ഹൈസ്കൂൾ വിഭാഗം ഒപ്പന മത്സരത്തിൽ പതിനെട്ടില്‍  17 ടീമും  എത്തിയത് ഇങ്ങനെ തന്നെ. എന്നാൽ ഒരു ടീം മാത്രം പരമ്പരാഗത ഒപ്പനയുടെ ആസ്വാദകരെ ഞെട്ടിച്ച് കളർ വസ്ത്രമണിഞ്ഞു. ഇടുക്കി വണ്ടൻമേട് സെന്‍റ് ആന്‍റണീസ് ഹൈസ്കൂളിലെ കുട്ടികളാണ് വെള്ള ഉപേക്ഷിച്ച് ചുവപ്പ് പെങ്കുപ്പായത്തെ കൂട്ടുപിടിച്ചത്. 

പ്രാദേശികമായുള്ള വേഷമാണ് ഒപ്പനക്ക് വേണ്ടതെന്ന് ഒപ്പന അധ്യാപകൻ മുഹമ്മദ് ഹനീഫ പറയുന്നു. ഏത് പ്രദേശത്താണോ ഒപ്പന അവതരിപ്പിക്കുക അവിടുത്തെ വേഷവിധാനങ്ങൾ ആകാമെന്നും വെള്ള വസ്ത്രം നിർബന്ധമില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം. 

സിബിഎസ്‍ഇ കലോത്സവത്തിൽ മുഹമ്മദ് ഹനീഫയുടെ വിദ്യാർത്ഥികൾ കളർ വസ്ത്രം ധരിച്ചെത്തി സമ്മാനം നേടിയിരുന്നു.അതേസമയം, വണ്ടന്‍മേട്ടിലെ കുട്ടികള്‍ക്ക് പറയാനുള്ളത് ഇങ്ങനെ- " ഇത് ഇടുക്കിക്കാരുടെ വെറൈറ്റിയാ!"