കാസർകോട്: അറുപതാം സംസ്ഥാന സ്കൂൾ കലോത്സവ കിരീടത്തിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട് പാലക്കാട്. 951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. കോഴിക്കോട്, കണ്ണൂ‍ർ ജില്ലകൾ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഫോട്ടോഫിനിഷിൽ രണ്ട് പോയിന്‍റിന്‍റെ മുൻതൂക്കത്തിൽ കിരീടം പാലക്കാട് നിലനിർത്തുകയായിരുന്നു. ഒരേ പോയിന്റ് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ രണ്ടാം സ്ഥാനത്തേക്ക് ഉള്ള ട്രോഫി കോഴിക്കോട് നേടി.

ചരിത്രത്തിൽ മൂന്നാം തവണയാണ് പാലക്കാട് ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് പോരാടിയ കോഴിക്കോട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 940 പോയിന്റോടെ തൃശ്ശൂർ ജില്ലയാണ് നാലാം സ്ഥാനത്ത്. ആതിഥേയരായ കാസർകോട് റാങ്ക് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് ഒന്നാമത്. അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ജില്ല വേദിയാകും.

കോഴിക്കോടൻ കുതിപ്പിനെ ഫോട്ടോഫിനിഷിൽ മറികടന്നാണ് പൊൻകിരീടവുമായി പാലക്കാട് മടങ്ങുന്നത്. ആദ്യ ദിനങ്ങളിൽ പോയിന്‍റുപട്ടികയിൽ പിന്നിലായിരുന്ന പാലക്കാട് മൂന്നാംദിനം മുതലാണ് മത്സരം കടുപ്പിച്ചത്. പിന്നെ അവസാന മത്സരവും അപ്പീലുകളും വരെ നീണ്ടുനിന്ന ആകാംക്ഷ. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ആലത്തൂർ ഗുരുകുലം സ്കൂൾ പാലക്കാടൻ വിജയത്തിന്റെ നട്ടെല്ലായി. സമാപന സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടിയും വിന്ദുജ മേനോനും മുഖ്യാതിഥികളായി.

ഉച്ചയ്ക്ക് ശേഷം പെയ്ത കനത്തമഴ സമാപന ചടങ്ങിന്‍റെ ശോഭ കെടുത്തി. പല ടീം അംഗങ്ങളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ പെട്ടു. 28 വർഷത്തിന് ശേഷം കാസർകോട് ജില്ലയിലേക്കെത്തിയ കലോത്സവം ആസ്വാദക പങ്കാളിത്തത്തിന്‍റെ അതുല്യമായ മാതൃകയായി. കഴിഞ്ഞ വർഷത്തേതിനേക്കാൾ അപ്പീലുകളുടെ എണ്ണം കുറഞ്ഞതിനാൽ മത്സരങ്ങൾ അനിശ്ചിതമായി നീളുന്നത് അപൂർവമായിരുന്നു. അറുപത്തിഒന്നാം കലോത്സവത്തിന്‍റെ ആതിഥേയത്വം കൊല്ലത്തിന് കൈമാറിക്കൊണ്ട് കാഞ്ഞങ്ങാടിന്റെ കളിയാട്ടത്തിന് പരിസമാപ്തി.

പോയിന്റ് നില

പാലക്കാട് - 951
കോഴിക്കോട് - 949, കണ്ണൂർ – 949
തൃശൂര്‍ - 940
മലപ്പുറം - 909
എറണാകുളം - 904
തിരുവനന്തപുരം - 898
കോട്ടയം - 894
കാസര്‍കോട് - 875
വയനാട് - 874
ആലപ്പുഴ – 868
കൊല്ലം - 860
പത്തനംതിട്ട - 773
ഇടുക്കി - 722

ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രത്യേക പുരസ്കാരങ്ങൾ ജേതാക്കള്‍ക്ക് സമ്മാനിച്ചു. ജേതാക്കളായ പാലക്കാട് ജില്ലാ ടീമിന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആദരം. കൂടുതൽ പോയിന്റ് നേടിയ ആലത്തൂർ ഗുരുകുലം സ്കൂളിനും ഏഷ്യാനെറ്റ് ന്യൂസ് പുരസ്കാരം സമ്മാനിച്ചു.

അറബിക് കലോത്സവത്തിൽ നാല് ജില്ലകൾ ഒന്നാംസ്ഥാനം പങ്കിട്ടു. സംസ്കൃതോത്സവത്തിൽ എറണാകുളവും തൃശ്ശൂരും ജേതാക്കൾ. സ്കൂളുകളിൽ പാലക്കാട് ഗുരുകുലം ഹയർസെക്കന്ററി സ്കൂളാണ് ഒന്നാമത്. ആലപ്പുഴയിൽ കൈവിട്ട കപ്പ് ഇത്തവണ തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു കോഴിക്കോട്. അവസാന ദിവസം വരെ ചെറിയ ലീഡോട് കൂടിയാണെങ്കിലും കോഴിക്കോട് തന്നെയായിരുന്നു പോയിന്‍റ് നിലയിൽ ഒന്നാമത്. എന്നാൽ അവസാന ദിവസം പാലക്കാട് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

ശാസ്ത്രമേളയിൽ കോഴിക്കോടും പാലക്കാടും പോയിന്‍റ് കണക്കിൽ തുല്യരായിരുന്നെങ്കിലും ഒരു ഒന്നാം സ്ഥാനം കൂടുതലുണ്ടായിരുന്നതിനാൽ കിരീടം കോഴിക്കോടിനായിരുന്നു. അങ്ങനെ നോക്കുമ്പോൾ പാലക്കാടിന്‍റേത് മധുരപ്രതികാരം കൂടിയാണ്. കായികമേളയിലും ഇത്തവണ പാലക്കാടിനായിരുന്നു ചാമ്പ്യൻഷിപ്പ്. 

കലയുടെ രാപ്പകലുകൾക്ക് വിടപറയുകയാണ് കാഞ്ഞങ്ങാട്. കാണികളുടെ നിറസാന്നിധ്യമായിരുന്നു നാല് ദിവസത്തേയും പ്രധാന പ്രത്യേകത. അവസാന ദിവസവും നിറഞ്ഞ സദസ്സിന്‍റെ മുന്നിലാണ് പ്രധാനവേദിയിൽ മത്സരങ്ങൾ അരങ്ങേറിയത്. അവസാനദിനത്തിൽ 11 വേദികളിൽ മാത്രമാണ് മത്സരം നടന്നത്. നാടോടിനൃത്തം, മാർഗ്ഗംകളി, സ്കിറ്റ്, ദേശഭക്തിഗാനം എന്നിവയാണ് ഇന്ന് അരങ്ങിനെ സമ്പന്നമാക്കിയത്.