കാസര്‍കോട്: അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന്  തിരശ്ശീല വീഴും. കൗമാര കലയുടെ ഉത്സവം അവസാന ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ കിരീടത്തിനായി ശക്തമായ പോരാട്ടത്തിലാണ്. വൈകീട്ട് 3.30ന് നടക്കുന്ന സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്  ഉദ്ഘാടനം ചെയ്യും.

ചലച്ചിത്രതാരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ മുഖ്യാതിഥികളായെത്തും. നാടോടിനൃത്തം, മാർഗംകളി, ഇംഗ്ലീഷ് സ്കിറ്റ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് ഇന്ന് അരങ്ങേറുക. വാരാന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ്  കലോത്സവ വേദികളില്‍ അനുഭവപ്പെടുന്നത്.