കാഞ്ഞങ്ങാട്: കലാകേരളത്തിന്‍റെ എല്ലാ കണ്ണും കാഞ്ഞങ്ങാടേക്ക്. 60 മത് സ്കൂള്‍ കലോത്സവത്തിന്‍റെ രണ്ടാം ദിനം കാഞ്ഞങ്ങാട് പുരോഗമിക്കുകയാണ്. കൗമാരകേരളത്തിന്‍റെ ആട്ടവും പാട്ടും കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ആയിരങ്ങളാണ് വേദികളിലേക്ക് ഒഴുകിയെത്തുന്നത്. ആദ്യംദിനം മുതൽ തുടങ്ങിയ കോഴിക്കോടൻ ആധിപത്യം ഇന്നും തുടരുകയാണ്. കണ്ണൂരാണ് രണ്ടാമത്. തൊട്ടുപിന്നാലെ  മലപ്പുറവും തൃശൂരുമുണ്ട്.  ജനപ്രിയ ഇനങ്ങൾ അരങ്ങിലെത്തിയതോടെ കാണികളുടെ ആവേശം വാനോളമായി. പ്രധാനവേദി ഒപ്പന കാണാനെത്തിയവരുടെ തിരക്കിലമർന്നു.

ഒന്നാം വേദിയില്‍  നടന്ന കലോത്സവത്തിന്‍റെ ഏറ്റവും മൊഞ്ചേറിയ ഇനമായ ഒപ്പന കാണാന്‍ നിരവധിപ്പേരാണ് എത്തിയിരുന്നത്. രണ്ടായിരത്തിലധികം ആളുകളാണ് മണവാട്ടിയേയും കൂട്ടുകാരികളെയും കാണാനായി വേദിയിലെത്തിയത്. കലോത്സവ വേദികളിലേക്കുള്ള ജനപ്രവാഹത്തെത്തുടര്‍ന്ന് ഗതാഗതംതടസ്സപ്പെട്ടു. ഗതാഗതപ്രശ്നം രൂക്ഷമായതോടെ ജില്ലാകളക്ടർ വരെ ഗതാഗതം നിയന്ത്രിക്കാൻ രംഗത്തിറങ്ങി. 

വേദി 24 ലെ അറബനമുട്ട് ഏറെ വൈകിയാണ് അവസാനിച്ചെന്നത് നേരിയ തോതില്‍ തടസ്സമുണ്ടാക്കി. ഇതേത്തുടര്‍ന്ന് 12 മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിചമുട്ട് വൈകിയാണ് ആരംഭിച്ചത്. തുടര്‍ന്ന് സംഘാടകരും മത്സരാര്‍ത്ഥികളുമായി നേരിയ തോതില്‍ പ്രശ്നങ്ങളുണ്ടായി. 

 

വേദി രണ്ടില്‍ നടക്കാനിരിക്കുന്ന തിരുവാതിരക്കളികാണാനായി നിരവധിപ്പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. വേദി ആറില്‍ മൈം മത്സരമാണ് നടക്കേണ്ടത്. അത് ഇതുവരേയും ആരംഭിച്ചിട്ടില്ല. സബ് ജില്ലയിൽ ജഡ്ജായി ഇരുന്നവരിലെ രണ്ടു പേര്‍ തന്നെ സംസ്ഥാനകലോത്സവത്തിനും ജഡ്ജായി വന്നത്  മത്സരാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് മൈം മത്സരാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്. വിധികര്‍ത്താക്കള്‍ക്കെതിരെയാണ്പ്രതിഷേധം. മൈം മത്സരത്തിന്റെ ചെസ്റ്റ് നമ്പർ വിതരണം ചെയ്ത ക്രമത്തെ ചൊല്ലിയും തർക്കമുണ്ട്. 

ആലപ്പുഴ ജില്ല വിധികർത്താവായിരുന്ന ചന്ദ്രശേഖരൻ തിക്കോടി, ഇരിട്ടി സബ് ജില്ല വിധികർത്താവ് മധു കൊട്ടാരം
എന്നിവരെച്ചൊല്ലിയാണ് തര്‍ക്കം. വിധികർത്താക്കൾ മടങ്ങിപ്പോയി. ഇതേത്തുടര്‍ന്ന് 2 മണിക്കൂറോളം മത്സരം വൈകി.