കാസര്‍കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മൂന്നാം ദിനം സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്‍റേതാണ്. കപ്പ് തിരിച്ചുപിടിക്കാന്‍ കോഴിക്കോട് വാശിയേറിയ പോരാട്ടത്തിലാണ്. കണ്ണൂരും കപ്പിനായുള്ള മത്സരത്തില്‍ ഒപ്പത്തിനൊപ്പമുണ്ട്. രണ്ടാം സ്ഥാനത്തുള്ളത് പാലക്കാടാണ്. തൃശ്ശൂരാണ്  മൂന്നാം സ്ഥാനത്തുള്ളത്. വാരാന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ് ഇന്ന് കലോത്സവസദസ്സുകളിലേക്കെത്തിയത്. 

കലോത്സവം പോയിന്‍റ് നില അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പല മത്സരങ്ങളും ആരംഭിക്കാന്‍ നിശ്ചയിച്ച സമയത്തിലുമേറെ വൈകുന്നു എന്ന വിവരമാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്നത്. തിരുവാതിര, മാര്‍ഗംകളി, ആണ്‍കുട്ടികളുടെ നാടോടിനൃത്തം എന്നിവയെല്ലാം ആരംഭിക്കാന്‍ ഏറെ വൈകുകയാണ്. 

 

ഒപ്പനവേദിയില്‍ ശബ്ദവിന്യാസത്തില്‍ പ്രശ്നങ്ങളുണ്ടായതിനെത്തുടര്‍ന്ന് ഒരു ടീമിന് രണ്ടാമതും അവസരം നല്‍കുന്ന സ്ഥിതിയുണ്ടായി. രാവിലെ തുടങ്ങിയ നാടകമത്സരം ഇപ്പോഴും തുടരുകയാണ്. ഇന്നത്തെ മത്സരങ്ങള്‍ ഇന്നു തന്നെ അവസാനിപ്പിക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

പ്രധാനവേദിയില്‍ രാവിലെ തന്നെ സദസ്സ് കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഭരതനാട്യവും തിരുവാതിരയുമാണ് പ്രധാനവേദിയിലെ ഇന്നത്തെ ആകര്‍ഷണം.