കാഞ്ഞങ്ങാട്: ''ഉന്നം നോക്കി വെടി വയ്ക്കുമ്പം പിറകീന്ന് തോണ്ടാതെടാ'', കണ്ണും കാതും കൂർപ്പിച്ച്, തോക്കിന്‍റെ കാഞ്ചി വലിയ്ക്കുന്ന ദൃശ്യത്തിലറിയാം അജ്മലെന്ന നടന്‍റെ സൂക്ഷ്മത. ശരീരത്തിലെ ഓരോ അണുവും അഭിനയിക്കും. അരങ്ങിലങ്ങ് അലിഞ്ഞ് പോകും അജ്മൽ. പിന്നെ അജ്മലില്ല, കഥാപാത്രം മാത്രം.

നിങ്ങൾക്കറിയാം ഈ അജ്മലെന്ന കൊച്ചുമിടുക്കനെ. ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'അമ്പിളി' എന്ന ചിത്രത്തിൽ സൗബിൻ ഷാഹിറിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച ആ 'കുഞ്ഞമ്പിളി' ഇതാ ഈ അജ്മലാണ്. അത് തിരിച്ചറിഞ്ഞ ചിലരൊക്കെ നാടകം കഴിഞ്ഞപ്പോൾ ഒപ്പം കൂടി, സെൽഫിയെടുത്തു.

ഹയർസെക്കന്‍ററി വിഭാഗം നാടകമത്സരം കഴിഞ്ഞ് പിരിഞ്ഞ കാണികളാരും അജ്മലിനെ മറക്കില്ല. അത്ര പെട്ടെന്ന് മറക്കാവതായിരുന്നില്ല പാലക്കാട് പെരിങ്ങോട് എച്ച്എസ്എസ്സിലെ ഈ കുഞ്ഞുമിടുക്കന്‍റെ അഭിനയമികവ്. ആ മികവിന് സമ്മാനവും കിട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കന്‍ററി വിഭാഗത്തിലെ മികച്ച നടൻ. 

അപ്പോഴാണ് അജ്മലിനെ കാണാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രതിനിധികളായ സുജിത് ചന്ദ്രനും അഭിലാഷ് രാമചന്ദ്രനും എത്തിയത്. അജ്മലിന്‍റെ നാടകപ്രേമത്തെക്കുറിച്ചൊക്കെ സംസാരിച്ചു. 'വലുതാകാൻ കുറേ ചെറുതാകണം' എന്ന നാടകത്തിലൂടെ മൂന്ന് വ‍ർഷം മുമ്പ് അജ്മൽ ആദ്യമായി ഒരു സംസ്ഥാനസ്കൂൾ കലോത്സവത്തിൽ മികച്ച നടനായത് ഓർത്തു.

ആത്മകഥാംശമുള്ള റോളാണന്ന് അജ്മൽ ചെയ്തത്. 'പോത്തുവെട്ടുകാരൻ ഹസ്സന്‍റെ മകൻ അജ്മലെ'ന്ന വേഷം ചെയ്താണ് അന്ന് മികച്ച നടനുള്ള സമ്മാനം അജ്മൽ സഞ്ചിയിലാക്കിയത്. ''ഞാൻ വലിയൊരു നടനാകൂന്നാ പ്രിയേട്ടൻ പറഞ്ഞത്. വലിയൊരു സ്റ്റാറാകണംന്നാ ആഗ്രഹം. അത് സഫലീകരിക്കണം'', അന്ന് അജ്മൽ പറഞ്ഞു.

അത് ഓർക്കുമ്പോൾ, അജ്മലിന്‍റെ കണ്ണുകളിൽ ഒരു വിഷാദച്ഛവി പടരും. അന്നത്തെ സ്വപ്നങ്ങളുടെ ആർജവമില്ല ഇന്ന് അജ്മലിന്. ആ കുട്ടിസ്വപ്നത്തിന്‍റെ നിഷ്കളങ്കതയുമില്ല. ''ആഗ്രഹം ആഗ്രഹം തന്നെയാ. പക്ഷേ, എന്‍റെ ഇപ്പഴത്തെ സാഹചര്യം വച്ച് നടൻ മാത്രം ആയാൽപ്പോരാ. വേറെ ഒരു തൊഴിലും നോക്കണം. പക്ഷേ, സിനിമ തന്നെയാ ഇഷ്ടം എനിക്ക്'', എന്ന് അജ്മൽ പറഞ്ഞു.

കാരണമുണ്ട്. നാടകത്തേക്കാൾ നാടകീയമാണ് അവനിപ്പോൾ ജീവിതം. അച്ഛനുപേക്ഷിച്ചുപോയി, അമ്മ ഒരപകടത്തിൽ പരിക്കുപറ്റി ജോലി ഉപേക്ഷിച്ചു. പരാധീനതകൾക്കിടയിൽ പഠനം നിർത്തുന്നതിനെപ്പറ്റിപ്പോലും ഒരു വേള ആലോചിച്ചു. പക്ഷേ നാടകവും അഭിനയവും പിന്നെ വിദൂരസ്വപ്നമാകും. അധ്യാപകരാണ് ഇപ്പോൾ സഹായം. നോട്ടുപുസ്തകങ്ങളും യൂണിഫോമുമെല്ലാം അവർ വാങ്ങിക്കൊടുക്കും. അരങ്ങാണ് ആശ്വാസം. അവിടെയാണ് അവൻ അവനെ കണ്ടെത്തുന്നത്.

സഹായമെത്തുകയാണ്, സ്നേഹത്തോടെ ...

സ്വപ്നം കാണുന്ന അജ്മലിനൊപ്പം നിൽക്കാൻ കലാകേരളത്തിനുകൂടി ഉത്തരവാദിത്തമുണ്ടെന്ന ഞങ്ങളുടെ ആ റിപ്പോർട്ടിന് ഫലമുണ്ടായി. അജ്മലിന് സഹായങ്ങളെത്തിത്തുടങ്ങി. അജ്മലിന്‍റെ ജീവിതസാഹചര്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിലൂടെ കണ്ടറിഞ്ഞ് അമേരിക്കൻ മലയാളിയായ ഹരി നമ്പൂതിരി അവന് വീട് നിർമ്മിച്ചുനൽകും എന്ന് വാഗ്ദാനം ചെയ്തു. ഇന്ത്യ അസോസിയേഷൻ ഓഫ് സൗത്ത് ടെക്സസ് ഭാരവാഹിയായ ഹരി നമ്പൂതിരി അമേരിക്കയിലെ മറ്റ് സാംസ്കാരിക സംഘടനകളുടെ കൂടി സഹായം ഇതിനായി തേടുമെന്നും അറിയിച്ചു.

വീട് നിർമ്മിക്കാനുള്ള ഭൂമി കണ്ടെത്താനുള്ള ചുമതല അധ്യാപകർ ഏറ്റെടുക്കുകയാണെന്ന് അജ്മലിന്‍റെ അധ്യാപകൻ നവീൻ പറഞ്ഞു.

കണ്ണീരോടെ, നന്ദി..

എല്ലാവർക്കും നന്ദി പറയവേ അജ്മൽ വാക്കുകിട്ടാതെ വിതുമ്പി. ''ഉമ്മാക്ക് സന്തോഷാകും'', അജ്മൽ പറഞ്ഞു. ''എല്ലാരോടും നന്ദി പറയുന്നു. ഉമ്മോട് വിളിച്ച് പറയണം. ഞാനിപ്പ അറിഞ്ഞോള്ളൂ'', കണ്ണ് നിറഞ്ഞ് സുജിത് ചന്ദ്രനെ കെട്ടിപ്പിടിച്ച് കരഞ്ഞു അജ്മൽ.

മൂന്നുകൊല്ലം മുമ്പ് കണ്ണൂരിൽ നടന്ന കലോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പങ്കുവച്ച സ്വപ്നത്തിലേക്ക് അജ്മലിന് ഇനി ചുവടുറച്ച് നീങ്ങാം. അവന്‍റെ സ്വപ്നത്തിനൊപ്പം ഇപ്പോൾ ഒരുപാട് സുമനസ്സുകളുണ്ട്.