തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ചിടത്തും ബിജെപിയുടെ വോട്ടുനില കുറയാന്‍ കാരണമായത് മഴയും മോദി സര്‍ക്കാരിനെതിരായ രാഷ്ട്രീയ കാലാവസ്ഥയുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.

'രാഷ്ട്രീയ കാലാവസ്ഥ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, കേരളത്തിലും അതിന് പുറത്തുമെല്ലാം മോദി സര്‍ക്കാരിനെതിരെ ഉണ്ടായ പ്രചാരണങ്ങളാണ്. പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് ഈ പ്രചാരണങ്ങളെല്ലാം നടന്നത്. ആഗോളതലത്തില്‍ പല രാജ്യങ്ങളും സാമ്പത്തികപ്രശ്‌നത്തിലാണ്. അതിന്റെ ഭാഗമായിത്തന്നെയാണ് ഇന്ത്യയിലും പ്രശ്‌നങ്ങളുള്ളത്. മോദി സര്‍ക്കാര്‍ സ്വീകരിച്ച പല സാമ്പത്തികനയങ്ങളുടേയും അനുകൂലഫലങ്ങള്‍ ലഭിക്കണമെങ്കില്‍ അല്‍പം കൂടി കാത്തിരിക്കണം'-അബ്ദുള്ളക്കുട്ടി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

'കേരളത്തിലാണെങ്കില്‍ വര്‍ഗീയത പറഞ്ഞും ജാതി പറഞ്ഞുമാണ് എല്ലാവരും വോട്ട് പിടിക്കുന്നത്. എന്നാല്‍ ബിജെപി അങ്ങനെയല്ല. ബിജെപി മുസ്ലീംങ്ങള്‍ക്കെതിരെയാണ് എന്നൊരു പ്രചാരണം ഇവിടെ നടന്നിരുന്നു. ബിജെപി മുസ്ലീങ്ങള്‍ക്കെന്നല്ല ലോകത്ത് ഒരു മനുഷ്യനും എതിരല്ല. അങ്ങനെയാണെങ്കില്‍ ലീഗ് ചെയ്യുന്നത് വര്‍ഗീയവാദമല്ലേ? മുസ്ലീങ്ങളെ പാക്കിസ്ഥാനിലേക്കയക്കും എന്നൊക്കെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവരുണ്ട്. അത് വര്‍ഗീയവാദമല്ലേ?' അബ്ദുള്ളക്കുട്ടി ചോദിച്ചു.

'ലീഗുമായി പിണറായി സഹകരിക്കുന്നുണ്ട്. അങ്ങനെയൊരു കൂട്ടുകെട്ടിന്റെ തുടക്കമാണ് ഇപ്പോള്‍ കാണുന്നത്. ഇല്ലാത്ത ഫാസിസത്തിന്റെ പേരില്‍ ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എന്നിട്ട് പ്രബലരായ എല്ലാവരും ഒരു വശത്തും മറുവശത്ത് ബിജെപിയും. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഏകതാമാനവ ദര്‍ശനത്തിനായി ബിജെപി കഷ്ടപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ആ ആത്മാര്‍ത്ഥതയില്‍ കുറവുണ്ടായത് കൊണ്ടല്ല തെരഞ്ഞെടുപ്പ് വിജയത്തിന് മങ്ങലേറ്റത്. മറിച്ച് ബിജെപിക്കെതിരായ ശക്തികള്‍ ഒറ്റക്കെട്ടായത് കൊണ്ടാണ്...'- അബ്ദുള്ളക്കുട്ടി പറഞ്ഞു.