തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നത് കാക്ക മലർന്ന് പറക്കുന്ന കാലത്തായിരിക്കുമെന്ന് തിരിച്ചടിച്ച് സിപിഎം. പരാജയഭീതി കൊണ്ടാണ് മുല്ലപ്പള്ളി ഇത് മാതിരി ഓരോന്ന് പറയുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ആരോപിക്കുന്നത്. പാലായിൽത്തന്നെ കോൺഗ്രസ് ആകെ പേടിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎം - ബിജെപി വോട്ട് കച്ചവടം നടക്കുമെന്നതിന് തെളിവുണ്ടെന്ന് ആരോപിച്ച മുല്ലപ്പള്ളി അത് പുറത്തുവിടട്ടെയെന്നും ആനത്തലവട്ടം വെല്ലുവിളിച്ചു. 

''മുല്ലപ്പള്ളിയും മുരളീധരനും എന്നാ ബിജെപിയിലോട്ട് പോകുന്നതെന്ന് മാത്രം നോക്കിയാൽ മതി'', എന്നാണ് ആനത്തലവട്ടം ആനന്ദൻ പരിഹസിക്കുന്നത്. ''കോൺഗ്രസ് മുൻകൂർ ജാമ്യമെടുക്കുകയാണ്. ഈ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തിരിച്ചുവരാൻ പോകുന്നില്ല. അവരുടെ കയ്യിലിരിക്കുന്ന സീറ്റുകൾ പോലും കിട്ടില്ല. ഇടത് പക്ഷം വൻ വിജയം നേടാൻ പോകുകയാണ്'', എന്ന് ആനത്തലവട്ടം.

Read More: എൽഡിഎഫ് - ബിജെപി വോട്ട് കച്ചവടത്തിന് തെളിവുണ്ട്: പിണറായിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി

പുച്ഛിച്ചു തള്ളുന്നെന്ന് ശ്രീധരൻ പിള്ള

സിപിഎമ്മും ബിജെപിയും തമ്മിൽ ഉപതെര‍ഞ്ഞെടുപ്പുകളിൽ വോട്ട് കച്ചവടം നടത്തുകയാണെന്ന ആരോപണം പരാജയഭീതിയിൽ നിന്നാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയും പറയുന്നത്. ആരോപണം പുച്ഛിച്ചു തള്ളുന്നെന്ന് പിള്ള പറയുന്നു. തെളിവുണ്ടെങ്കിൽ പുറത്ത് വിടാൻ മുല്ലപ്പള്ളിയെ പിള്ളയും വെല്ലുവിളിക്കുന്നു. കുമ്മനത്തിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ അന്തിമതീരുമാനമെടുത്തത് കേന്ദ്രനേതൃത്വമാണ്. ഒരു പ്രശ്നവുമില്ലെന്ന് കുമ്മനം തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്താണ് പ്രശ്നമെന്ന് ശ്രീധരൻപിള്ള. വട്ടിയൂർക്കാവിൽ മത്സരം സിപിഎമ്മും ബിജെപിയും നേർക്കുനേരാണെന്ന് പറഞ്ഞ എൻഡിഎ സ്ഥാനാർത്ഥി എസ് സുരേഷാകട്ടെ, വോട്ട് കച്ചവട ആരോപണം പുച്ഛിച്ചു തള്ളുന്നെന്നും പറഞ്ഞു. 

മുല്ലപ്പള്ളി പറഞ്ഞതെന്ത്?

വരാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ വോട്ട് കച്ചവടം നടത്താനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നുവരുന്നെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതിന് ആധികാരികമായ തെളിവുകൾ കെപിസിസിയുടെ പക്കലുണ്ട്. സമയമാകുമ്പോൾ പുറത്തുവിടും. ഇതിൽ ബിജെപി പ്രതികരണം നടത്തട്ടെ. അതല്ലെങ്കിൽ ഈ ആരോപണം മുഖ്യമന്ത്രി നിഷേധിക്കട്ടെയെന്നും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ ഇറക്കുന്നതിന് പകരം ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ ഇറക്കിയത് വോട്ട് കച്ചവടത്തിന്‍റെ ഭാഗമാണെന്ന് ആരോപണമുയർന്നിരുന്നു. പാലായിലും ബിജെപിയുടെ വോട്ട് കുത്തനെ കുറയാൻ കാരണം എൽഡിഎഫിന് വോട്ട് മറിച്ചതാണെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചത്. സ്വന്തം പാളയത്തിലെ തമ്മിലടി കാരണമല്ല വോട്ട് കുറഞ്ഞതെന്നും, രണ്ടില ചിഹ്നം കിട്ടാത്തതും ചെറിയ തിരിച്ചടിയ്ക്ക് കാരണമായി എന്നായിരുന്നു ജോസ് കെ മാണി പറഞ്ഞത്. പിന്നീട് തോൽവിയ്ക്ക് കാരണമായി ഇരുവരും കുറ്റപ്പെടുത്തിയത് പി ജെ ജോസഫിനെയാണ്. എന്നാൽ വോട്ടെണ്ണുന്നതിന് മുമ്പ്, പാലായിൽ യുഡിഎഫും ബിജെപിയും വോട്ട് കച്ചവടം നടത്തിയെന്ന് എൽഡിഎഫ് സ്ഥാനാ‍ർത്ഥി മാണി സി കാപ്പനും ആരോപിച്ചിരുന്നു.