ഒന്നാം ഘട്ടത്തിന്‍റെ അവസാനത്തിൽ നേടിയെടുത്ത ലീഡ് ഇതുവരെ നിലനിർത്താനായെങ്കിലും ജയം ഉറപ്പിക്കാവുന്ന ഒരു മുൻതൂക്കം ഇത് വരെ ഷാനിമോളിന് ഉറപ്പിക്കാനായിട്ടില്ല
അരൂർ: അരൂരിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ തുറവൂർ പഞ്ചായത്തിലെ അവസാന 15 ബൂത്തുകളിലെ വോട്ടായിരിക്കും വിജയിയെ തീരുമാനിക്കുക.പത്താം ഘട്ടം കഴിഞ്ഞപ്പോൾ ഷാനിമോൾ ഉസ്മാൻ വീണ്ടും രണ്ടായിരം വോട്ടുകളുടെ ലീഡിലേക്ക് ഉയർന്നുവെങ്കിലും പതിനൊന്നാം ഘട്ടത്തിലേക്ക് കടന്നപ്പോൾ വീണ്ടും ലീഡ് നില താഴ്ന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അരൂർ ആർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പിച്ച് പറയാൻ ഇനിയും കാത്തിരിക്കണം. ഇടത് പക്ഷം വലിയ പ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളാണ് ഇപ്പോൾ എണ്ണുന്നത്. ചേർത്തലയോട് ചേർന്ന് നിൽക്കുന്ന പഞ്ചായത്തുകളിൽ നിന്ന് എൽഡിഎഫിന് വോട്ട് ലഭിക്കുമെന്നാണ് ഇടത് കേന്ദ്രങ്ങൾ പ്രതീക്ഷ വയ്ക്കുന്നത്.
കുത്തിയതോട്, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം എന്നീ ഇടത് ശക്തി കേന്ദ്രങ്ങളിൽ വിള്ളലുണ്ടാക്കാൻ ഷാനിമോളിന് കഴിഞ്ഞുവെന്ന് തന്നെയാണ് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നത്. ഇനി എണ്ണുവാൻ ബാക്കിയുള്ള തുറവൂർ പള്ളിപ്പുറം പഞ്ചായത്തുകളിലെ വോട്ടുകൾ കൊണ്ട് നിലവിലെ ഭൂരിപക്ഷം മറികടക്കാനാകുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
ആദ്യ ഘട്ട വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഷാനിമോൾ ഉസ്മാന് ലഭിച്ചത് 632 വോട്ടിന്‍റെ ലീഡ് മാത്രമാണ് ഉണ്ടായിരുന്നത്. അരൂർ പഞ്ചായത്തിലെ വോട്ടുകളായിരുന്നു ആദ്യഘട്ടത്തിൽ എണ്ണിയത്. 4919 വോട്ടുകളാണ് യുഡിഎഫിന് ഇവിടെ നിന്ന് ആകെ ലഭിച്ചത്. തൊട്ടുപിന്നിൽ എൽഡിഎഫിന്‍റെ മനു സി പുളിക്കലാണ് 4287 വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥിക്ക് 1057 വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാം ഘട്ടം മുതൽ ലീഡ് ഉയർത്തിയ ഷാനിമോൾ ആറാം ഘട്ടം വരെ രണ്ടായിരം വോട്ടുകളുടെ ലീഡ് നിലനിത്തി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂർ പഞ്ചായത്തിലെ വോട്ടുകൾ മാത്രം എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫിന് 1290 വോട്ടുകളുടെ ലീഡുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ മുൻതൂക്കം എൽഡിഎഫിനായിരുന്നു 6011 വോട്ടുകളുടെ മുൻതൂക്കമായിരുന്നു അന്ന് എൽഡിഎഫിന് അരൂരിൽ നിന്ന് മാത്രം ലഭിച്ചത്. അരൂർ പഞ്ചായത്തിലെ ആദ്യ ഘട്ട വോട്ടുകൾ എണ്ണിയപ്പോൾ 500ഓളം വോട്ടുകൾക്ക് മനു സി പുളിക്കൻ മുന്നിലായിരുന്നു എന്നാൽ അരൂർ പഞ്ചായത്തിന്‍റെ അവസാന ബൂത്തുകളിലേക്ക് എത്തിയപ്പോൾ ഷാനിമോൾ ലീഡ് പിടിക്കുകയായിരുന്നു. പിന്നീട് ഇത് വരെ ഷാനിമോൾ പിന്നിൽ പോയിട്ടില്ലെങ്കിലും ആധികാരികമായ ഒരു ലീഡ് ഉറപ്പിക്കാനായിട്ടില്ല.
ബിജെപിക്ക് കാര്യമായി വോട്ട് ചോർച്ചയുണ്ടായി എന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
അരൂർ മണ്ഡലത്തിലെ 2016 നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതം ഇങ്ങനെയായിരുന്നു
