ആലപ്പുഴ: കനത്ത മഴയിലും തെരഞ്ഞെടുപ്പ് ചൂട് വിടാതെ അരൂര് മണ്ഡലം വിധിയെഴുതി. ഇവിടെ 80.47 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് നടന്ന അഞ്ചുമണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന മണ്ഡലമാണ് അരൂര്‍. തുടക്കത്തില്‍ മന്ദഗതിയില്‍ ആയിരുന്നെങ്കില്‍ അവസാന മണിക്കൂറുകളിലേക്ക് എത്തിയപ്പോള്‍ അരൂര്‍ സജീവമാവുകയായിരുന്നു. 152381പേരാണ് അരൂരില്‍ തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 ശതമാനവും 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 83 ശതമാനവുമാണ് അരൂരില്‍ പോള്‍ ചെയ്തിരുന്നത്.

 

നിയമസഭാ തെരഞ്ഞെടുപ്പുകളിലൊക്കെ എല്‍ഡിഎഫിനെ വലിയ രീതിയില്‍ തുണച്ചിട്ടുള്ള മണ്ഡലമാണ് അരൂര്‍. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടായിട്ടുണ്ട് ഇവിടെ. അതുകൊണ്ട് തന്നെ ഇത്തവണ അരൂര്‍ ആര്‍ക്ക് അനുകൂലമായാണ് വിധിയെഴുതുക എന്ന് കണ്ടുതന്നെ അറിയണം. തങ്ങളുടെ കോട്ടയായ അരൂരില്‍ ഈഴവവോട്ടുകള്‍ അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. കൂടാതെ ക്രിസ്ത്യൻ  വോട്ടുകൾ ലഭിക്കുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. എന്നാല്‍ ലോക്സഭയിലെ അനുകൂലതരംഗം തുടരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മുസ്ലീം വോട്ടുകളിലെ ഏകീകരണവും ധീവരരിലെ ഒരു വിഭാഗത്തിന്‍റെ വോട്ട് ഏകീകകരണവും യുഡിഎഫിന് പ്രതീക്ഷയേകുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കാഴ്ചവെച്ചെങ്കിലും ആലപ്പുഴ മാത്രം യുഡിഎഫിന് കൈപ്പിടിയില്‍ ഒതുങ്ങിയിരുന്നില്ല.പരാജയത്തിനിടയിലും കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ഇടയാക്കിയത് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ എം ആരിഫിന് ഭൂരിപക്ഷം നല്‍കിയ അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ നേടിയ മേല്‍ക്കൈ ആയിരുന്നു. 648 വോട്ടുകളുടെ മേല്‍ക്കൈ ആണ് അരൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത്.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം മനു സി പുളിക്കലിലൂടെ അരൂര്‍ വീണ്ടും സ്വന്തമാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. സംസ്ഥാന സർക്കാരിന്‍റെയും എ എം ആരിഫിന്‍റെയും വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞുള്ള പ്രചരണം നേട്ടമുണ്ടാക്കുമെന്നാണ് ഇടതു പക്ഷത്തിന്‍റെ പ്രതീക്ഷ. എന്നാൽ ഏഴ് ശതമാനമുള്ള മുസ്ലീം വോട്ടുകൾ ഒന്നടങ്കം ഷാനിമോൾക്ക് അനുകൂലമാകുമോ എന്ന ഭയവും ഇടത് ക്യാമ്പിന് ഉണ്ട്. സ്ഥാനാര്‍ത്ഥിയുടെ മണ്ഡലത്തിലെ പരിചയവും മനു സി പുളിക്കലിന്‍റെ യുവനേതാവെന്ന പരിവേഷവും ഗുണകരമാകുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. ഈഴവ സമുദായ അംഗത്തെ അരൂരില്‍ സ്ഥാനാർത്ഥിയാക്കിയത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. 

അരൂരില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയ പ്രതീക്ഷയില്‍ തന്നെയാണ്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചിരുന്നു. മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞിരുന്നു. ആലപ്പുഴയിലെ സിപിഎമ്മിന്‍റെ ചെങ്കോട്ടയിൽ മിന്നുന്ന നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്  യുഡിഎഫും ബിജെപിയും  അങ്കത്തിനിറങ്ങിയത്.