ആലപ്പുഴ: ബിജെപി കേന്ദ്രനേതൃത്വത്തിനെതിരെ ബിഡിജെഎസ്സിൽ അതൃപ്തി പുകയുന്നു. മുന്നണിയിലുണ്ടെന്ന് ആവർത്തിക്കുമ്പോഴും അഞ്ച് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിഡിജെഎസ് സജീവമല്ല. മുന്നണി വിടാനൊരുങ്ങുകയാണ് ബിഡിജെഎസ്സെന്ന വ്യക്തമായ സൂചനയുമായി ബിഡിജെഎസ് ജനറൽ സെക്രട്ടറി ടി വി ബാബു ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

ആഞ്ഞടിച്ച് ബിഡിജെഎസ്സ് 

ബിഡിജെഎസ്സിന് മുന്നിൽ മൂന്ന് മുന്നണികളും ഒരു പോലെയാണെന്ന് പോസ്റ്റിൽ ടി വി ബാബു ആഞ്ഞടിക്കുന്നു. മുന്നണികളോട് സീറ്റിനും സ്ഥാനമാനങ്ങൾക്കും വേണ്ടി ഇരന്നു നിൽക്കുകയാണ് വേണ്ടതെന്നുള്ള അഹങ്കാരം ഭേദിക്കുകയാണ് ബിഡിജെഎസ്സിന്‍റെ ചുമതലയെന്ന് ടി വി ബാബു പോസ്റ്റിൽ എഴുതുന്നു. എല്ലാക്കാലവും എൻഡിഎ മുന്നണിയിൽ നിൽക്കില്ലെന്ന സൂചനയാണ് ബാബുവിന്‍റെ പോസ്റ്റിലുള്ളത്. 

ബിഡിജെഎസ്സിന്‍റെ ശക്തി അളക്കുവാൻ ഈ ഉപതെരഞ്ഞെടുപ്പ് തന്നെ ധാരാളമാണെന്നാണ് ടി വി ബാബു പറയുന്നത്. രാഷ്ട്രീയകേരളത്തിൽ സ്വന്തം മുന്നേറ്റങ്ങൾക്ക് ധാരാളം ഇടം ബിഡിജെഎസ്സിന് മുന്നിലുണ്ട്. അനുഭവത്തിലൂടെ ബിഡിജെഎസ് പഠിച്ചുകൊണ്ടിരിക്കുകയാണ്. എവിടെയാണെങ്കിലും ബിഡിജെഎസ് നിലപാടുകൾ ധീരമായി തുറന്നു പറയുമെന്ന് പറയുന്ന ബാബു, നരേന്ദ്രമോദിയോടും അമിത് ഷായോടും പറയുന്നു, ''ആന കൊടുത്താലും ആശ കൊടുക്കരുതേ''. 

അരൂരിൽ മത്സരിക്കാതെ മാറി നിന്നു, ഇനിയെന്ത്?

അർഹമായ പ്രാതിനിധ്യവും സ്ഥാനമാനങ്ങളും കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് അരൂർ സീറ്റിൽ മത്സരിക്കാതെ ബിഡിജെഎസ് മാറി നിന്നത്. കേരളത്തിലെ എൻഡിഎ സംഘടനാ സംവിധാനം ശക്തമല്ലെന്ന് അന്ന് തുഷാർ വെള്ളാപ്പള്ളി തുറന്നടിച്ചതാണ്. അന്ന് തന്നെ സംസ്ഥാന സമിതിയിൽ എൻഡിഎ വിടണമെന്ന അഭിപ്രായം ശക്തമായിരുന്നു. എന്നാൽ വാർത്താ സമ്മേളനത്തിൽ തുഷാർ ഇത് നിഷേധിച്ചു. പാർട്ടി ജനറൽ സെക്രട്ടറി തന്നെ ഇത്തരത്തിൽ കേന്ദ്രനേതാക്കളെ പേരെടുത്ത് പറഞ്ഞ് പോസ്റ്റിട്ടതിനാൽ ഇനിയെന്താകുമെന്ന് കണ്ടുതന്നെ അറിയണം. 

''ഈ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥി എവിടെയും മത്സരിക്കേണ്ടെന്നാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പൊതു അഭിപ്രായം. ബിജെപിക്ക് ഞങ്ങളോട് പല കാര്യങ്ങളും സംസാരിച്ച് ഒരു സമവായത്തിൽ എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല, കേരളത്തിലെ എൻഡിഎ സംഘ‍ടനാ സംവിധാനം ശക്തമല്ല. ബൂത്ത് തലത്തിലുൾപ്പടെ കൃത്യമായ വോട്ടർമാരുടെ പട്ടികയടക്കം ഞങ്ങളുടെ പക്കലുണ്ട്. എന്നാലതൊന്നും എൻഡിഎയിൽ കൃത്യമായില്ല. ഇതിനർത്ഥം ഞങ്ങൾ എൻഡിഎ വിടാൻ പോകുന്നെന്നോ അത്തരത്തിൽ പ്രശ്നമുണ്ടാക്കുമെന്നോ അല്ല'', എന്നാണ് അന്ന് തുഷാർ പറഞ്ഞത്.

കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയ സ്ഥാനമാനങ്ങൾ ഇനിയും കിട്ടാത്തതിലാണ് ബിഡിജെസ് പ്രതിഷേധം. പക്ഷെ അത് മാത്രമല്ല കാര്യം. തുഷാർ അജ്മാനിൽ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയിലായപ്പോൾ ബിജെപി നേതാക്കൾ തുടർന്ന തണുപ്പൻ സമീപനത്തിൽ ബിഡിജെഎസിന് അതൃപ്തിയുണ്ട്. മോചനത്തിനായി പിണറായി ഇടപെട്ടതോടെ പാർട്ടി മുന്നണി വിടണമെന്ന ആവശ്യം വെള്ളാപ്പള്ളി നടേശൻ വീണ്ടും ശക്തമാക്കി.

എൻഡിഎ വിടില്ലെന്ന് തുഷാർ പറയുമ്പോഴും വരും ദിവസങ്ങളിലെ നീക്കങ്ങൾ പ്രധാനമാണ്. വരാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അതിന് മുമ്പേ ബിഡിജെഎസ് മുന്നണി വിട്ടാൽ അത് ബിജെപിയെ തളർത്തുമെന്നുറപ്പ്. ബിജെപി കേന്ദ്രനേതൃത്വം നേരിട്ട് വിളിച്ച് വരുത്തിയ ബിഡിജെഎസ്സിനോട് സംസ്ഥാനനേതൃത്വത്തിനുള്ള അതൃപ്തി പ്രചാരണത്തെയടക്കം ബാധിച്ചേക്കും.