കാസര്‍കോഡ്: മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈയെ താൻ അനുഗ്രഹിച്ചിട്ടില്ലെന്ന് ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാര്‍. ശങ്കർ റൈ തന്‍റെ കൈ ബലമായി പിടിച്ച് തലയിൽ വയ്ക്കുകയായിരുന്നു. സന്തോഷത്തോടെ ചെയ്താല്‍ അനുഗ്രഹം ഫലിക്കും.  എന്നാല്‍ പിടിച്ചുവലിച്ച് കൈ തലയില്‍ വെപ്പിച്ചാല്‍ അനുഗ്രഹം ഫലിക്കില്ല. കൈഎടുത്ത് തലയില്‍ വെച്ചതിന് പിന്നാലെ നിങ്ങള്‍ തോറ്റാലേ ഞാന്‍ ജയിക്കുകയുള്ളു അതുകൊണ്ട് അനുഗ്രഹം കിട്ടില്ലെന്ന് താന്‍ പറഞ്ഞെന്നും രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. വിശ്വാസികളുടെ പിന്തുണ തനിക്ക് തന്നെയെന്നും രവീശ തന്ത്രി പറഞ്ഞു. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരത്തേതെങ്കിലും ഇവിടെ ഇതുവരെ വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കള്ളവോട്ട്, ഒത്തുകളിയൊക്കെയാണ് ഇതിന് പിന്നിലെന്നാണ് രവീശ തന്ത്രി പറയുന്നത്. എന്നാല്‍ മാറ്റം അനിവാര്യമാണെന്ന് വോട്ടര്‍മാര്‍ തന്നെ തീരുമാനിച്ചതോടെ അത് ബിജെപിക്ക് അനുകൂലമാണെന്ന് രവീശ തന്ത്രി പറഞ്ഞു. വോട്ട് ലഭിക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പാകുമ്പോള്‍ എല്ലാവരും വിശ്വാസികളാകും. എന്നാല്‍ വിശ്വാസ സംരക്ഷണത്തിന്‍റെ വിഷയം വന്നപ്പോള്‍ മുന്നില്‍  നിന്ന് പ്രവര്‍ത്തിച്ചത് എന്‍ഡിഎയാണെന്നും സ്ഥാനാര്‍ത്ഥി വോട്ട് ചെയ്തതിന് പിന്നാലെ പറഞ്ഞു.

എന്നാല്‍ മണ്ഡലം സ്വന്തമാക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികളെല്ലാം. കനത്ത മഴ മറ്റ് നാല് മണ്ഡലങ്ങളിലെയും പോളിങ്ങനെ പ്രതികൂലമായി ബാധിക്കുമ്പോള്‍ മഞ്ചേശ്വരത്ത് മഴ വില്ലനല്ല. സംഘടനാ ശേഷി കാര്യമായില്ലാത്ത മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതൽ വേറിട്ട ശൈലിയുമായി ശങ്കർ റൈ ഉണ്ടാക്കിയെടുത്ത ചലനമാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. അതേസമയം ബൂത്തുകളിൽ മാത്രം തുടക്കം മുതൽ ശ്രദ്ധിച്ച ബിജെപി നിശബ്ദ പ്രചാരണ ദിവസവും ഇത് തുടർന്നിരുന്നു. വ്യക്തികളെയും വീടുകളെയും അളന്ന് തിരിച്ച് നടത്തിയ പ്രചാരണം വിജയമെത്തിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അഞ്ച് മണ്ഡലങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ക്കിടയില്‍ പോളിങ്ങ് നടക്കുന്നത് മഞ്ചേശ്വരത്താണ്.