തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനും കുമ്മനം രാജശേഖരനും തമ്മിലുള്ള വാക് പോരാട്ടം തുടരുകയാണ്. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്താണ് ഇരുവരും ആരോപണങ്ങളും പരിഹാസവുമായി നിറഞ്ഞത്. കുമ്മനം ഗതികിട്ടാത്ത പ്രേതത്തെപോലെ അലയുകയാണെന്ന് കടകംപള്ളി പറഞ്ഞപ്പോള്‍ കള്ളവാറ്റുകാരുടെ ഡയറിയില്‍ എന്‍റെ പേരില്ലെന്നായിരുന്നു കുമ്മനത്തിന്‍റെ മറുപടി. ഇപ്പോള്‍ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനും കടകംപള്ളിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

കടകംപള്ളി സുരേന്ദ്രൻ മാസപ്പടി വാങ്ങുന്ന നേതാവാണെന്നായിരുന്നു രാധാകൃഷ്ണന്‍ പരിഹസിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നിടത്തെല്ലാം ശബരിമല വിഷയമാകുമെന്നും ബിജെപി നേതാവ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് വിജയം ഉറപ്പെന്നും അദേഹം കൊച്ചിയിൽ പറഞ്ഞു.