മഞ്ചേശ്വരം:ജയമുറപ്പിച്ച് പോരിനിറങ്ങിയിട്ടും കനത്ത തിരിച്ചടി നേരിട്ടതിന്റെ ആഘാതത്തിലാണ് മഞ്ചേശ്വരത്തെ ബിജെപി നേതൃത്വവും പ്രവർത്തകരും. അതേസമയം വിശ്വാസിയായി അവതരിപ്പിച്ച് ശങ്കർ റൈയെ കളത്തിലറിക്കി നടത്തിയ പരീക്ഷണം അമ്പേ പാളിയതിന്റെ അമ്പരപ്പിലാണ് ഇടതുപക്ഷം. യുഡിഎഫിനാകട്ടെ, ഐക്യം കൊണ്ട് മറ്റ് മണ്ഡലങ്ങൾക്ക് പാഠമാവുകയാണ് മഞ്ചേശ്വരം.

മുപ്പത് പേരുൾപ്പെടുന്ന വോട്ടർ ലിസ്റ്റിലെ പേജൊന്നിന് ഒരു ചുമതലക്കാരൻ എന്ന നിലയിലായിരുന്നു മഞ്ചേശ്വരത്തെ പ്രവർത്തനം. വോട്ടർമാരെ പ്രത്യേകം പ്രത്യേകം വിളിക്കാൻ കോൾസെന്ററുകൾ. ഓരോ വോട്ടറേയും ചുരുങ്ങിയത് എട്ട് തവണയെങ്കിലും നേരിട്ട് കാണാനായി കർണാടകയിൽ നിന്നടക്കമെത്തിയ പ്രവർത്തകർ എന്നു വേണ്ട എല്ലാത്തരത്തിലും മികവ് പുലർത്തിയ പ്രചാരണവും. 

എന്നിട്ടും തെരഞ്ഞെടുപ്പ് പിന്നിടുമ്പോൾ പരിചിത രീതികളിൽ നിന്നും മാറിനടന്ന ബിജെപിക്ക് മുന്നിൽ ഇനി എന്ത് എന്ന ചോദ്യം ആണ് ബാക്കിയാകുന്നത്. സ്ഥാനാർത്ഥിയെന്ന നിലയിൽ തുടർച്ചയായ 3 തെരഞ്ഞെടുപ്പുകളിലെ തോൽവി രവീശ തന്ത്രിക്ക് വിലങ്ങുതടിയാണ്. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി തിരിച്ചടിച്ചോ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം.

വിശ്വാസിയെന്ന പേരിൽ അവതരിപ്പിച്ച്,  സ്ഥാനാർത്ഥിയിൽ കേന്ദ്രീകരിച്ച് പ്രാദേശിക വാദത്തെയും കൂട്ടുപിടിച്ച ഇടതുമുന്നണിയുടെ പരീക്ഷണവും അമ്പേ പാളി. ശബരിമലയിൽ മാറിയ നിലപാട് തുറന്നു പറഞ്ഞിട്ടും തിരികെ വന്നത് 5500 വോട്ടുകൾ മാത്രം ആണ്. 

തമ്മിലടിച്ച് കൈവിട്ട വട്ടിയൂർക്കാവും കോന്നിയും മുൻപിലിരിക്കെ, കോൺഗ്രസും ലീഗുമൊന്നിച്ച് കാഴ്ച്ച വെച്ച കെട്ടുറപ്പിലൂടെ യുഡിഎഫിന് പാഠമാവുകയാണ് മഞ്ചേശ്വരം.  കൂടെ 89 വോട്ടെന്ന കുറഞ്ഞ ഭൂരിപക്ഷത്തിന്റെ ദുഷ്പേരിനെ മായ്ച്ച വിജയവും സ്വന്തമാക്കാൻ മഞ്ചേശ്വരത്തെ പോരാട്ടത്തിലൂടെ കോൺഗ്രസിന് കഴിഞ്ഞു.

വാശിയേറിയ ത്രികോണ പോരിനൊടുവിൽ മഞ്ചേശ്വരത്ത് ആധികാരിക വിജയം ആണ് യുഡിഎഫ് സ്ഥാനാർത്ഥി എംസി കമറുദ്ദീന് നേടാനായത്. ബിജെപിക്കെതിരെ മുസ്ലിം വോട്ടുകൾ ഏകീകരിച്ചതും എൽ‍ഡിഎഫിന്റെ പ്രകടനം ദുർബലമായതുമാണ് എം സി കമറുദീന് നേട്ടമായത്.

7923 വോട്ടുകൾക്കാണ് കമറുദ്ദീൻ ബിജെപിയിലെ രവിശ തന്ത്രി കുണ്ഠാറിനെ തോൽപിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടായിരത്തിലേറെ വോട്ടുകൾ കുറഞ്ഞെങ്കിലും 40.19% വോട്ടുകളുമായി മികച്ച വിജയം തന്നെയാണ് യുഡിഎഫ് കൈപ്പിടിയിലൊതുക്കിയത്.