Asianet News MalayalamAsianet News Malayalam

മഞ്ചേശ്വരത്ത് ബിജെപിയുടെ കണ്ണ് ന്യൂനപക്ഷവോട്ടുകളിൽ; ഖാസിയുടെ മരണവും ക്രിസ്ത്യൻ പള്ളി ആക്രമണവും പ്രചാരണായുധങ്ങൾ

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തിൽ പ്രതികളെ കണ്ടെത്താത്തത് യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ഒത്തുകളി...ക്രിസ്ത്യൻ പള്ളി ആക്രമണത്തിലെ പ്രതികളെ ഇടതുവലത് മുന്നണി പിന്തുണക്കുന്നെന്നും ബിജെപി. കുതന്ത്രങ്ങൾ വിലപ്പോകില്ലെന്ന് എൽഡിഎഫും യുഡിഎഫും.
 

BJP's eyes on minority votes in Manjeshwar
Author
Manjeshwar, First Published Oct 13, 2019, 8:20 AM IST

കാസർകോ‍ഡ്:മഞ്ചേശ്വരത്ത് ന്യൂനപക്ഷ വോട്ടുകളിൽ കണ്ണ് വച്ച് ബിജെപി പ്രചാരണം. ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തിൽ പ്രതികളെ കണ്ടെത്താത്തതും മഞ്ചേശ്വരം ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ അക്രമവുമാണ് ബിജെപി പ്രചാരണയുധമാക്കുന്നത്. ന്യൂനപക്ഷത്തിനിടയിൽ ബിജെപിയുടെ തന്ത്രങ്ങൾ വിലപ്പോകില്ലെന്നാണ് യുഡിഎഫിന്റേയും എൽഡിഎഫിന്റേയും പ്രതികരണം.

ഇ കെ സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം ആണ് മുസ്ലിം വോട്ടർമാരെ ലക്ഷ്യമാക്കി ബിജെപി പ്രചാരണത്തിൽ ഉയർത്തുന്നത്. പ്രതികളെ കണ്ടെത്താത്തത് യുഡിഎഫും എൽഡിഎഫും ഒത്ത് കളിച്ചിട്ടാണെന്നാണ് ആരോപണം. കൂടാതെ സമരപന്തലിലെത്തി പരസ്യ പിന്തുണയും നൽകി. 

ചെമ്പരിക്ക ഖാസിയായിരുന്ന സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നടത്തി വരുന്ന സമരം ഒരു കൊല്ലം പിന്നിടുകയാണ്. 2010 ഫെബ്രുവരി പതിനഞ്ചിനാണ് ഖാസിയെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.  മരണത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം. സമരസമിതി നേതാക്കളെ കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും അടുത്തെത്തിച്ചും ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങളും മഞ്ചേശ്വരത്ത് ബിജെപി നടത്തുന്നുണ്ട്.

മഞ്ചേശ്വരം ക്രിസ്ത്യൻ പള്ളിക്ക് നേരെയുണ്ടായ അക്രമമാണ് മറ്റൊരു വിഷയം. ആക്രമണത്തിന് പിറകിൽ മണൽ മാഫിയ ആണെന്നും യുഡിഎഫും എൽഡിഫും അക്രമികളെ പിന്തുണക്കുന്നതാണ് കേസിൽ ആരും പിടിയിലാകാതിരിക്കാൻ കാരണമെന്നുമാണ് ബിജെപി പ്രചാരണം. കുറ്റവാളികളെ കയ്യാമം വച്ച് മഞ്ചേശ്വരത്ത് കൂടി നടത്താൻ ബിജെപി പ്രതിജ്ഞാബദ്ധമെന്ന് പ്രചാരണവേദികളിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറയുന്നു. ചെമ്പരിക്ക ഖാസിയ്ക്ക് നീതി കിട്ടാൻ പരിശ്രമിക്കുമെന്നതാണ് പ്രചാരണവേദികളിലെ മറ്റൊരു വാഗ്ദാനം. ആഗസ്റ്റ് പത്തൊൻപതിനാണ് മഞ്ചേശ്വരത്ത് മംഗളൂരു രൂപതയുടെ കീഴിലുള്ള  കാരുണ്യാ പള്ളിക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം അക്രമം നടത്തിയത്.

ഈ രണ്ട് പ്രചാരണ ആയുധങ്ങൾക്കൊപ്പം ന്യൂനപക്ഷ വോട്ടർമാരെ ഉന്നം വച്ച് നേതാക്കളെ ഇറക്കുകയും ചെയ്യുന്നുണ്ട് ബിജെപി. ന്യൂനപക്ഷ വോട്ടർമാർ കൂടുതലുള്ള സ്ഥലങ്ങളിൽ എപി അബ്ദുള്ള കുട്ടി അടക്കമുള്ള നേതാക്കളെ രംഗത്തിറക്കിയാണ് പ്രചാരണം.
ന്യൂനപക്ഷങ്ങൾക്ക് 50 ശതമാനത്തിലധികം വോട്ടുള്ള മണ്ഡലത്തിൽ അവരുടെ പിന്തുണ ഇല്ലാതെ മുന്നേറാനാവില്ലെന്ന തിരിച്ചറിവാണ് ബിജെപിയെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ മഞ്ചേശ്വരത്ത് ഈ രാഷ്ട്രീയതന്ത്രം വിലപ്പോവില്ലെന്ന് ഉറപ്പിച്ചു തന്നെ പറയുന്നു യുഡിഎഫും എൽ‍ഡിഎഫും.
 

Follow Us:
Download App:
  • android
  • ios