വട്ടിയൂർക്കാവ്: കേരള നിയമസഭയും, സെക്രട്ടേറിയറ്റും ,തിരുവനന്തപുരം നഗരസഭയും, കേരള ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസും, പ്രതിപക്ഷനേതാവ് താമസിക്കുന്ന കന്‍റോണ്‍മെന്‍റ് ഹൗസും,തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ കൊട്ടാരവുമെല്ലാം സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ്- സംസ്ഥാനത്ത് വിഐപി പരിവേഷം ഏറ്റവും ചാർത്തപ്പെട്ട നിയോജക മണ്ഡലം.

എംഎല്‍എമാര്‍ താമസിക്കുന്ന നിയമസഭാ ഹോസ്റ്റല്‍ കൂടി ചേര്‍ത്താല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിഐപികള്‍ താമസിക്കുന്ന മണ്ഡലം എന്ന വിശേഷണവും വട്ടിയൂര്‍ക്കാവിന് സ്വന്തം. ഇന്ന നടന്ന ഉപതെരഞ്ഞെടുപ്പിലും ഇതേ വിഐപി സാന്നിധ്യം പ്രകടമായി. സുരേഷ് ഗോപി, എംപി കെ മുരളീധരൻ, വി എം സുധീരൻ, ബീനാ മോൾ അടക്കം നിരവധി പ്രമുഖരാണ് മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ എത്തി ഇന്ന് വോട്ട് രേഖപ്പെടുത്തിയത്.

ചെന്നൈയിൽ നിന്ന് പറന്നെത്തി സുരേഷ് ഗോപി

ചെന്നൈയിൽ നിന്നെത്തിയാണ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി വോട്ട് ചെയ്തത്. ഭാര്യ  രാധികയും ഒപ്പമുണ്ടായിരുന്നു. മഴക്കെട്ടിൽ കൊച്ചി വെള്ളക്കെട്ടായത് ദുഖം നൽകുന്ന കാഴ്ചയെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം.

 

 

''ഒറ്റ ദിവസം കൊണ്ട് നഗരത്തിൽ വെള്ളക്കെട്ടുണ്ടായതിൽ ആരെയും കുറ്റം പറയാനില്ല. പക്ഷെ കരുതലില്ലാത്ത അവസ്ഥയുണ്ട്. കൊട്ടിഘോഷിച്ച വികസനം മാത്രമാണ് ഗംഭീരമായി നടക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് സന്തോഷകരമാണ്. അതിന് വേണ്ടിയാണ് വോട്ടർമാരുടെ മുന്നിൽ വന്ന് കെഞ്ചുന്നത്''.

''18 മാസം കൊണ്ട് കഴിവ് തെളിയിക്കാൻ ബിജെപി സ്ഥാനാർത്ഥി അഡ്വ.സുരേഷിന് കഴിയും.വോട്ടിന്റെ എണ്ണം കുറഞ്ഞത് കൊണ്ട് ജീവിതത്തിൽ കുറവുകൾ സമ്മാനിക്കുന്ന തെരഞ്ഞെടുപ്പായി ഇത് മാറരുത്'' എന്നും സുരേഷ് ഗോപി പറഞ്ഞു. ശാസ്തമംഗലം ആ‍ർകെഡി എൻഎസ്എസ് സ്കൂളിൽ ആയിരുന്നു സുരേഷ് ഗോപിക്ക് വോട്ട്.

യുഡിഎഫിന് വിജയം സുനിശ്ചിതം എന്ന് കെ മുരളീധരൻ

വട്ടിയൂർക്കാവിൽ യുഡിഎഫ് ജയം സുനിശ്ചിതമെന്നായിരുന്നു മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുൻ എംഎൽഎ കെ മുരളീധരന്റെ പ്രതികരണം. മഴ പോളിംഗിനെ സാധാരണ രീതിയിൽ ബാധിക്കുന്ന നിയോജക മണ്ഡലം ആണെങ്കിലും പോളിംഗ് ശതമാനം കുറയുന്നത് യുഡിഎഫിനെ ബാധിക്കില്ലെന്ന് മുരളീധരൻ ഉറപ്പിച്ച് പറഞ്ഞു.

പൊതുവേ പോളിംഗ് കുറവായ മണ്ഡലത്തിൽ താൻ ആദ്യം മത്സരത്തിനിറങ്ങിയപ്പോഴും പോളിംഗ് ശതമാനം നന്നേ കുറവായിരുന്നു. എന്നാൽ അത് തന്റെ ജയത്തെ ബാധിച്ചില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. കുടുംബത്തോടൊപ്പം എത്തി ജവഹർനഗർ എൽപിഎസിലെ 83ആം നമ്പർ ബൂത്തിലാണ് മുരളീധരൻ വോട്ട് രേഖപ്പെടുത്തിയത്.

കുന്നുകുഴി ഗവ യുപി സ്കൂളിലാണ് വി എം സുധീരൻ വോട്ട് ചെയ്തത്. മഴ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക പങ്കുവച്ചാണ് സുധീരൻ ഭാര്യക്കൊപ്പം രാവിലെ തന്നെ വോട്ട് ചെയ്ത് മടങ്ങിയത്. അത്‍ലറ്റ് കെ എം ബീനാ മോളും വട്ടിയൂർക്കാവിലെ വോട്ടറാണ്. ശാസ്തമംഗലം ആർകെഡി എൻഎസ്എസ് സ്കൂളിലെത്തിയാണ് ബീനാ മോൾ വോട്ട് ചെയ്തത്.

മുൻ മന്ത്രി വി എസ് ശിവകുമാർ ഭാര്യക്കും മകൾക്കുമൊപ്പം എത്തിയാണ് വോട്ട് ചെയ്തത്. ശാസ്തമംഗലം എൻഎസ്എസ് സ്കൂളിലെ 95 ആം ബൂത്തിലായിരുന്നു ശിവകുമാറിന്റെയും കുടുംബത്തിന്റെയും വോട്ട്.

 

ശാസ്തമംഗലം എൻഎസ്എസ് സ്കൂളിൽ തന്നെയാണ് കെ എസ് ശബരീനാഥ് എംഎൽഎയും ഭാര്യ ദിവ്യ ഐഎഎസും വോട്ട് ചെയ്തത്.