എറണാകുളം: നിശബ്ദപ്രചാരണം ഇന്ന് അവസാനിച്ചതോടെ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അ‍ഞ്ച് മണ്ഡലങ്ങളും നാളെ ബൂത്തുകളിലേക്ക് നീങ്ങും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ഥികളും ശുഭപ്രതീക്ഷയിലാണ്. അവധി ദിവസമായതിനാല്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനുമായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ടിജെ വിനോദും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയിയും എന്‍ഡിഎ സ്ഥാനാര്‍ഥി സി ജി രാജഗോപാലും ഇന്നത്തെ ദിവസമുപയോഗിച്ചത്.

നഗര സ്വഭാവമുള്ള മണ്ഡലമായ എറണാകുളത്ത് നഗര കേന്ദ്രീകൃത പ്രചാരണമാണ് ഈ തെരഞ്ഞെടുപ്പില്‍ നടന്നത്. താരതമ്യേനെ കുറഞ്ഞ പോളിംഗ് ശതമാനമുണ്ടാകുന്ന മണ്ഡലമാണ് എറണാകുളം. കനത്ത മഴയുടെ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം മാറ്റി നിര്‍ത്തി വോട്ടര്‍മാര്‍ മണ്ഡലങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികളും മുന്നണികളും. 

പാലാ ഉപതെര‍ഞ്ഞെടുപ്പിലുണ്ടാക്കിയ മിന്നും വിജയം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.  പാലാരിവട്ടം പാലം വിഷയം എല്‍ഡിഎഫ് വലിയ പ്രചാരണയായുധമാക്കിയെങ്കിലും സ്ഥാനാര്‍ഥി മനു റോയിയുടെ പരിചയക്കുറവ് ഇടതു പക്ഷത്തിന്‍റെ വലിയ ദൗര്‍ഭല്യമാണ്. മണ്ഡലത്തില്‍ നിര്‍ണായകമായ ലത്തീന്‍ വോട്ടുകള്‍ ലക്ഷ്യം വെച്ച് ലത്തീന്‍ സഭയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയയെയാണ് മുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇക്കാര്യം മുന്നണിക്ക് അനുകൂലമായേക്കും. 

നിശബ്ദ പ്രചാരണ ദിവസം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു എറണാകുളം ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മനു റോയിയുടെ പ്രചാരണം. വിജയപ്രതീക്ഷയിലാണെന്നും  നാല്‍പതു ശതമാനം വരുന്ന യുവാക്കളുടെ വോട്ടുകള്‍ ലഭിക്കുമെന്നാണ് അവരുടെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതെന്നും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. മനു റോയ് പ്രതികരിച്ചു. പള്ളികളിലെത്തുന്നവരെ കണ്ടും ബന്ധുക്കളെ സന്ദര്‍ശിച്ചുമായിരുന്നു മനു റോയിയുടെ നിശബ്ദപ്രചാരണം. 

കുത്തകമണ്ഡലം നിലനിര്‍ത്താമെന്ന ഇറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. അവസാന ഘട്ടത്തില്‍ പരമാവധിപ്പേരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ത്ഥി ടിജെ വിനോദ്. ഉറച്ച മണ്ഡലമായിരുന്നതിനാലുണ്ടായിരുന്ന അമിത ആത്മവിശ്വാസം തിരിച്ചടിയാകുമോയെന്ന ഭയവും യുഡിഫിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യുഡിഫിനായിരുന്നു ലത്തീന്‍ സഭയുടെ വോട്ടുകള്‍ ലഭിച്ചിരുന്നത്. ഇത്തവണ എല്‍ഡിഎഫും ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയത് ആ വോട്ടുകളില്‍ വിള്ളലുണ്ടാക്കിയേക്കുമോയെന്ന ആശങ്ക യുഡിഎഫില്‍ നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിന്‍റേയും യുഡിഎഫിന്‍റേയും ശക്തിമണ്ഡലമായ എറണാകുളത്ത്  ഒരു വിള്ളലുണ്ടാക്കാന്‍ ഇടതു മുന്നണിക്ക് കഴിയില്ലെന്ന വിശ്വാസത്തിലാണ് ടിജെ വിനോദ്. 

സ്ഥാനാര്‍ത്ഥിയായ സി ജി രാജഗോപാല്‍ മണ്ഡലത്തിന് പരിചിതനാണെന്നതാണ് എന്‍ഡിഎയുടെ പ്രതീക്ഷ. കഴിയാവുന്നത്ര ആളുകളെ കാണാനായിരുന്നു നിശബ്ദപ്രചാരണദിവസം എന്‍ഡിഎ സ്ഥാനാര്‍ഥി വിനിയോഗിച്ചത്. മണ്ഡലത്തില്‍ എന്‍ഡിഎ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും വികസനം ആഗ്രഹിക്കുന്നവര്‍ താമരയ്ക്ക് ഒപ്പം നില്‍ക്കുമെന്നുള്ള ശുഭ പ്രതീക്ഷയിലാണ്  അദ്ദേഹം. 

വോട്ടര്‍മാര്‍ ബൂത്തുകളിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇത്തവണ മഴ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ഈ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ശുഭ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.വിജയം ആര്‍ക്കൊപ്പമാകുമെന്ന് കണ്ടറിയാം