തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മുതല്‍ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിന്‍റെ പ്രതീതിയാണുള്ളത്. പിഎസ്‍സി വിവാദം മുതല്‍ മാര്‍ക്ക് ദാനം വരെയും, കപടഹിന്ദു പ്രയോഗം മുതല്‍ എന്‍എസ്എസിന്‍റെ ശരിദൂരം വരെയുമുള്ള വിഷയങ്ങള്‍ നിറഞ്ഞ് നിന്ന ഒരു മാസത്തെ കാടിളക്കിയുള്ള പ്രചാരണം ആര്‍ക്ക് അനുകൂലമാകുമെന്ന വിധിയെഴുത്ത് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. 

അഞ്ചിടത്ത് അപ്രതീക്ഷിതമായി പുതുമുഖങ്ങളെ ഇറക്കി എല്‍ഡിഎഫ് ആദ്യം കളം നിറഞ്ഞപ്പോള്‍ പിഎസ് സി വിവാദം എടുത്തിട്ട് അതിനെ പ്രതിരോധിക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. കെ സുരേന്ദ്രനടക്കമുള്ള സ്ഥാനാര്‍ഥികളെ രംഗത്തിറക്കി ബിജെപിയും രംഗത്ത് വന്നു. കുമ്മനം രാജശേഖരന് സീറ്റില്ലാത്തതും, വച്ചുനീട്ടിയ അരൂര്‍ സീറ്റ് ബിഡിജെഎസ് നിഷേധിച്ചതും ബിജെപിക്ക് ആദ്യദിനങ്ങളില്‍ തിരിച്ചടിയായി. പതിവ് പോലെ സീറ്റ് തര്‍ക്കം യുഡിഎഫിനെ ആദ്യം പ്രതിരോധത്തിലാക്കി. പക്ഷേ ഇടഞ്ഞുനിന്ന നേതാക്കളെയെല്ലാം പാട്ടിലാക്കി യുഡിഎഫും രംഗത്തെത്തിയതോടെ അതിശക്തമായ ത്രികോണമത്സരത്തിന് കളമൊരുങ്ങുകയായിരുന്നു.

ശബരിമലയില്‍ ആചാരസംരക്ഷണത്തിനൊപ്പമാണ് താനെന്ന് പരസ്യമായി പറ‍ഞ്ഞ് മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി ശങ്കര്‍റൈ ശബരിമല വിഷയത്തിന് തുടക്കമിട്ടു. മുഖ്യമന്ത്രിയും സിപിഎമ്മും ശബരിമല പറയാതെ തന്ത്രപരമായി മാറി നില്‍ക്കുമ്പോഴാണ് ഇടതുസ്ഥാനാര്‍ഥി തന്നെ ചര്‍ച്ചക്ക് തുടക്കമിട്ടത്. ചെന്നിത്തലയുടെ കപട ഹിന്ദു പ്രയോഗവും മുഖ്യമന്ത്രിയുടെ മറുപടിയും തുടര്‍ന്ന് ചര്‍ച്ചയായി. മന്ത്രി ജി സുധാകരന്‍ അരൂരിലെ സ്ഥാനാര്‍ഥിയെ പൂതനയെന്ന് പറഞ്ഞെന്ന വിവാദം രംഗം ചൂടാക്കി. പക്ഷേ എന്‍എസ്എസ് നിലപാടാണ് പതുക്കെ കത്തിക്കയറിയത്. 

സമദൂരം വിട്ട് ശരിദൂരം വേണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ തുറന്ന് പറഞ്ഞു. ഈ ശരിദൂരം യുഡിഎഫിനുള്ള പിന്തുണയാണെന്ന് കൂടി സുകുമാരന്‍നായര്‍ വ്യക്തമാക്കിയതോടെ ബിജെപിയും പ്രതിരോധത്തിലായി. കോന്നിയില്‍ ഓര്‍ത്തഡോക്സ് പിന്തുണയെ ചുറ്റിപ്പറ്റിയും മൂന്ന് മുന്നണി നേതാക്കളും തലപുകച്ചതേോടെ മുമ്പെങ്ങുമില്ലാത്തവിധം തെരഞ്ഞെടുപ്പ് രംഗം ,സമുദായ വിഷയത്തില്‍ കറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ശബരിമല വിഷയത്തില്‍ നേരിട്ടേറ്റുമുട്ടി. 

ശബരിമല വിഷയത്തില്‍ തെറ്റ് ഏറ്റ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്ന് എ കെ ആന്‍റണിയടക്കം നേതാക്കള്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ശബരിമല വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി എണ്ണിപറഞ്ഞു. പച്ചക്കള്ളമെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു.ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചാരണം. ഒരുമാസത്തെ രാഷ്ട്രീയപ്പോര് ആരെ തുണക്കും. സാമുദായിക ഘടകങ്ങള്‍ വോട്ടായി ജയപരാജയങ്ങളെ സ്വാധീനിക്കുമോ, അഞ്ചില്‍ ആര് നേട്ടമുണ്ടാക്കും. അതിശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലങ്ങള്‍ എങ്ങോട്ട് ചായും. നാളെ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ സംസ്ഥാനത്തെ മിനി തെരഞ്ഞെടുപ്പ് കൗതുകമുണര്‍ത്തുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ്.