അരൂര്‍: ആര്‍പ്പുവിളികളും കരഘോഷങ്ങളുമായി അരൂരില്‍ കൊട്ടിക്കലാശം കെങ്കേമമായി സമാപിച്ചു. താളമേളങ്ങളുടെയും നാടന്‍പാട്ടുകളുയെും ഫ്ലാഷ് മോബുകളുടെയും അകമ്പടിയോടെ അവസാന വട്ട പ്രചാരണം മൂന്നുമുന്നണികളിലെയും പ്രവര്‍ത്തകര്‍ കൊഴുപ്പിച്ചു. പ്രായഭേദമന്യേ നൂറുകണക്കിന് ആളുകളാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുക്കാനായി അരൂരില്‍ എത്തിയത്. വൈകിട്ട് നാലുമണിയോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അരൂര്‍ക്ഷേത്രം ജംഗ്ഷനിലേക്ക് കൊട്ടിക്കലാശവുമായി എത്തിയത്. തുറവൂര്‍ ജംഗ്ഷനിലായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടെയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയും പ്രചാരണസമാപനം. ദേശീയപാത ഏതാണ്ട് ഗതാഗതക്കുരുക്കില്‍പ്പെട്ടെങ്കിലും ആവശം ഒട്ടുംചോരാതെ തന്നെയായിരുന്നു പ്രവര്‍ത്തകരുടെ പ്രകടനം. 

ഇടത് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനൊപ്പം എ എം ആരിഫും കൊട്ടിക്കലാശത്തില്‍ എത്തുകയും അണികളെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. വാഹനത്തിന് മുകളില്‍ കയറി നിന്ന് അഭിവാദ്യങ്ങള്‍ ചെയ്ത് പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ അവേശം പകര്‍ന്നു.

വൈകാരികമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചത്. ആലപ്പുഴയിലെ എല്‍ഡിഎഫിന്‍റെ കോട്ടകളിലൊന്നാണ് അരൂര്‍ മണ്ഡലം. എന്നാല്‍ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അരൂര്‍ മണ്ഡലത്തില്‍ മേല്‍ക്കൈ നേടിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന് ആറുമാസത്തിന് ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ മുന്നണികളെ സംബന്ധിച്ചിടത്തോളം വലിയ വീറും വാശിയും ആവശേവും ഏറിയതാകുന്നു.