തിരുവനന്തപുരം: കൊട്ടിക്കലാശത്തിലേക്ക് നീങ്ങുകയാണ് ജനാധിപത്യ കേരളം. മുമ്പെങ്ങും കാണാത്ത വിധം ജാതി സമവാക്യങ്ങൾ കൊട്ടിക്കയറുന്ന കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോൾ, ഓർക്കേണ്ട ജാതിസമവാക്യ നിലപാടുകളെന്ത്? പ്രസംഗങ്ങളെന്ത്? ഒരു തിരിഞ്ഞുനോട്ടം.

'മുന്നാക്കക്കാർക്ക് വേണ്ടി എൽഡിഎഫ് എന്ത് ചെയ്തു?'

സമദൂരം വിട്ട എൻഎസ്എസ്, ഇടതാഭിമുഖ്യം തുടരുന്ന എസ്എൻഡിപി, ബിജെപിയെ തള്ളാതെ ഓർത്തഡോക്സ് സഭ. അഞ്ചിൽ പോര് ചുറ്റിത്തിരിയുന്നത് സാമുദായിക നിലപാടുകളെ ചൊല്ലിത്തന്നെ. വട്ടിയൂർകാവിൽ ശരിദൂരവും കടന്ന് യുഡിഎഫിനായി പരസ്യമായി രംഗത്തിറങ്ങിയ എൻഎസ്എസും സിപിഎമ്മും നേർക്കുനേർ പോരിലാണ്. പാലാ തോൽവിയിൽ ഞെട്ടിയ യുഡിഎഫ് ക്യാമ്പിന് എൻഎസ്എസ് പിന്തുണ നൽകുന്നത് വലിയ ആത്മവിശ്വാസം. എൻഎസ്എസിനെ കടന്നാക്രമിക്കുന്ന വെള്ളാപ്പള്ളി നടേശന്‍റെ കൂട്ട് തുടരുന്നത് ഇടതിന് ചെറുതല്ലാത്ത ആശ്വാസവും നൽകുന്നു.

''സംസ്ഥാനസർക്കാരിനെതിരെത്തന്നെയാണ് പ്രതികരിക്കേണ്ടത്. സമദൂരമാണെങ്കിലും ഒരു ശരിദൂരം കണ്ടെത്തേണ്ടത് അനിവാര്യമായിരിക്കുന്നു'', എന്ന സുകുമാരൻ നായരുടെ പ്രസ്താവന ചെറിയ അലയൊലികളല്ല തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാക്കിയത്. ആദ്യം എൻഎസ്എസ്സിനോട് ശത്രുതാനിലപാടില്ലെന്ന് പറഞ്ഞ കോടിയേരി പക്ഷേ, വട്ടിയൂർക്കാവിൽ യുഡിഎഫിനായി എൻഎസ്എസ് ഭാരവാഹികൾ തന്നെ രംഗത്തിറങ്ങിയത് കണ്ടപ്പോൾ സ്വരം കടുപ്പിച്ചു, ആഞ്ഞടിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറിയെന്താ യുഡിഎഫ് കൺവീനറാണോ എന്ന് പരിഹസിച്ചു. പാലായിൽ ജീവച്ഛവമായ യുഡിഎഫിന് ജീവൻ കൊടുക്കാൻ പാടുപെടുകയാണ് എൻഎസ്എസ്സെന്ന് ആഞ്ഞടിച്ചു. എൻഎസ്എസ്സിനെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനിലെത്തുകയും ചെയ്തു. 

ഓർത്തഡോക്സ് താമരക്കൂട്ടത്തിന് നൽകുന്ന പ്രതീക്ഷ

വിശ്വാസത്തിൽ പ്രതീക്ഷ വെച്ച ബിജെപിക്ക് എൻഎസ്എസ് നിലപാടിൽ അങ്കലാപ്പുണ്ടെങ്കിലും ഓർത്തഡോക്സ് സഭയിൽ നിന്നും കിട്ടിയത് അപ്രതീക്ഷിത പിന്തുണ. ന്യൂനപക്ഷ വോട്ട് ബാങ്കിലേക്കുള്ള കടന്നുകയറ്റമെന്ന കടമ്പ കടക്കാനാകുമെന്നത് താമരക്കൂട്ടത്തിന് ഭാവിയിലേക്ക് കൂടിയുള്ള വൻ പ്രതീക്ഷയാണ്. ഇടത് വലത് മുന്നണികളുടെ സമീപനത്തിൽ നിരാശ മാത്രമായിരുന്നെന്നാണ് ഓർത്തഡോക്സ് സഭയുടെ അങ്കമാലി രൂപതാംഗമായ ഫാദർ വർഗീസ് പറയുന്നത്. അതിനാലാണ് എൻഡിഎക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതത്രേ. 

അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പഴന്തോട്ടം പള്ളി വികാരി കൂടിയായ വൈദികൻ കോന്നിയിലെ എൻഡിഎ ഓഫീസിലെത്തി നേതാക്കളെ കണ്ട ശേഷമാണ് പ്രചാരണത്തിനിറങ്ങിയത്. കോന്നിയുടെ ചുമതലയുള്ള എ എൻ രാധാകൃഷ്ണൻ അടക്കം ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസവും കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയും വിശ്വാസി വീടുകളും പള്ളികളും കേന്ദ്രീകരിച്ചും എൻഡിഎ പ്രചാരണം ശക്തമാക്കുന്നതോടെ വോട്ട് ചോര്‍ച്ചക്ക് തടയിടാൻ ഇടത് വലത് മുന്നണികളും ശ്രമങ്ങളാരംഭിച്ചു. കഴിഞ്ഞ ദിവസം കോന്നിയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൈലപ്രയിലെ ഓര്‍ത്ത്ഡോക്സ് മഠത്തിലെത്തി വൈദികരെ കണ്ടിരുന്നു. വീണാ ജോര്‍ജ്ജ് മത്സരിച്ച പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ എൺപത് ശതമാനം ഓര്‍ത്ത്ഡോക്സ് വോട്ടുകളും അനുകൂലമായിരുന്നു എന്നിരിക്കെ ഉപതെരഞ്ഞെടുപ്പിൽ ആ പിന്തുണ അതേപടി നിലനിര്‍ത്തുക വെല്ലുവിളിയാകുമെന്ന വിലയിരുത്തലും ഇടത് മുന്നണിക്ക് ഉണ്ട്.

മന്ത്രിസഭാ പ്രാതിനിധ്യമടക്കം വാദ്ഗാനങ്ങളും പ്രചാരണ വേദിയിൽ പറഞ്ഞു കേൾക്കുന്നു. 53 ദേവാലയങ്ങളും മുപ്പതിനായിരത്തോളം വോട്ടും ഉള്ള ഓര്‍ത്ത്ഡോക്സ് വിഭാഗത്തെ കൂടെ നിര്‍ത്താൻ സഭാപ്രതിനിധികളെ തന്നെ രംഗത്തിറക്കുകയാണ് യുഡിഎഫും. രാഷ്ട്രീയ വോട്ടുകൾക്കൊപ്പം സ്ഥാനാര്‍ത്ഥിയുടെ വ്യക്തിബന്ധങ്ങളും കൂടിയാകുന്പോൾ വലിയ ദോഷം വരില്ലെന്ന വിലയിരുത്തലാണ് യുഡിഎഫിന്.