Asianet News MalayalamAsianet News Malayalam

'ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്താണോ ഇരിക്കുന്നത്?', ചെന്നിത്തലയോട് പിണറായി

മഞ്ചേശ്വരത്തെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ കപടഹിന്ദുക്കളാണെന്ന ചെന്നിത്തലയുടെ പരാമർശത്തിനെതിരെയാണ് പിണറായി ആഞ്ഞടിച്ചത്. ചെന്നിത്തലയുടെ പരാമർശം എന്തൊരൽപ്പത്തരമാണ് - പിണറായി ചോദിക്കുന്നു. 

cheif minister says some have a problem with ldf candidate because he is a believer
Author
Manjeshwar, First Published Oct 12, 2019, 11:58 AM IST

മഞ്ചേശ്വരം: എൽഡിഎഫിന്‍റെയും എൻഡിഎയുടെയും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥികൾ കപട ഹിന്ദുക്കളാണെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് എതിരെ ആ‌ഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വർഗീയ കാർഡിറക്കാനുള്ള ശ്രമമാണ്. പ്രതിപക്ഷനേതാവിന്‍റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്ന് പിണറായി ചോദിച്ചു. 

''ഇവിടെ വർഗീയ കാർഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്? അത് നാം തിരിച്ചറിയണം. പ്രതിപക്ഷനേതാവ് ഇപ്പോൾ ഈ സ്ഥാനത്തിന് ചേർന്ന പദമാണോ ഇപ്പോൾ പറഞ്ഞത്? കപടഹിന്ദു, എന്നല്ലേ പറഞ്ഞത്? ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരെങ്കിലും ഏൽപിച്ച്  തന്നിട്ടുണ്ടോ? (കയ്യടികൾ) ഈ പ്രതിപക്ഷനേതാവിന്‍റെ? ഇവിടെ ശങ്കർ റൈയെപ്പോലൊരു സ്ഥാനാർത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അൽപത്തം എങ്ങനെയാണ് വന്നത്? നമ്മടെ അങ്ങോട്ടൊക്കെ പറഞ്ഞാൽ നിങ്ങളെ അറിയാം എല്ലാവർക്കും. ഈ മഞ്ചേശ്വരത്തെ സാധുക്കൾക്ക് മുന്നിൽ വന്നിട്ട് ഇത് പോലെ നിങ്ങളാണെന്ന് പറയണമായിരുന്നോ?'', പിണറായി പറഞ്ഞു. 

ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അഞ്ച് മണ്ഡലങ്ങളിലും മുന്നണികളിലെ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി എത്തുകയാണ്. ഇതിന്‍റെ ഭാഗമായാണ് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എത്തിയത്.

ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ജനങ്ങൾ കാണുന്നുണ്ടെന്നും അതാണ് പാലായില്‍ കണ്ടതെന്നും മുഖ്യമന്ത്രി മഞ്ചേശ്വരത്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫും ബിജെപിയും രാഷ്ട്രീയം പറയുന്നില്ല. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വിശ്വാസിയായതാണ് ചിലരുടെ പ്രശ്നം. ഈ പരിപാടിയിൽ പോലും മഹാഭൂരിപക്ഷം വിശ്വാസികളാണ് - എന്ന് മുഖ്യമന്ത്രി.

വീട്ടില്‍ ടിവിയിൽ വാർത്ത (സോളാര്‍) കാണാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു കേരളത്തിൽ. ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന നിലയില്‍ നിന്നും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 30,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ഈ വര്‍ഷം നടപ്പാക്കുന്നത്. ബേക്കൽ - കോവളം 600 കിലോമീറ്റർ ജലപാത അടുത്ത വര്‍ഷം പൂര്‍ത്തിയാകും, ഇത് വരുന്നതോടെ നാടിന്‍റെ മുഖച്ഛായ മാറും. റെയിൽ യാത്രാദുരിതം ശാപമായി നിൽക്കുകയാണ്. 

സെമി ഹൈ സ്പീഡ് റെയിൽവേ ലൈൻ വരുന്നതോടെ നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നു തിരുവനന്തപുരം എത്തുമെന്നും കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടമണ്‍ - കൊച്ചി പവർ ഹൈവേ പണി പൂർത്തിയായി, ഇതിലൂടെ 3700 മെഗാവാട്ട് വൈദ്യുതി ലഭിക്കാനുള്ള സൗകര്യമുണ്ട്. പ്രവാസികൾക്ക് പണം അയക്കാനുള്ള മാർഗമായി കേരള ബാങ്കിനെ മാറ്റും. നല്ല കാര്യങ്ങൾ നടക്കുമ്പോൾ അപശബ്ദങ്ങൾ ഉണ്ടാകുമെന്നും അതിനെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios