Asianet News MalayalamAsianet News Malayalam

കോന്നിയില്‍ ശബരിമല മാത്രമല്ല; സഭാ തര്‍ക്കത്തിലെ നിലപാടും മുന്നണികള്‍ക്ക് തലവേദനയാകുന്നു

മൂന്ന് ഭദ്രാസനങ്ങളിലായി 53 പള്ളികൾ, മുപ്പതിനായിരത്തോളം വോട്ട്, ഭൂരിപക്ഷ വോട്ടുകൾ മുന്നണി സമവാക്യങ്ങൾക്കിടക്ക് ചിതറിപ്പോയാലും അന്തിമ ഫലത്തിൽ അത് പ്രതിഫലിക്കരുതെന്ന കണക്ക് കൂട്ടൽ കൂടിയുണ്ട് മുന്നണികൾക്ക്

christian sabha clash effect in konni by election
Author
Konni, First Published Oct 13, 2019, 10:34 PM IST

കോന്നി: ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കോന്നിയിൽ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ് മുന്നണികളുടെ പ്രവര്‍ത്തനം. പരസ്യ പ്രചാരണത്തിന് അപ്പുറം നിര്‍ണ്ണായകമായ ഓര്‍ത്തഡോക്സ് വോട്ടുകൾ ഉറപ്പിക്കാൻ പലവിധ പരിശ്രമങ്ങളിലാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും. സഭാ നേതൃത്വമാകട്ടെ ഇക്കാര്യത്തിൽ മനസ്സ് തുറന്നിട്ടുമില്ല. വികസനവും വിശ്വാസവും ഇഴകലര്‍ന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ ശബരിമലക്കൊപ്പം പ്രചരണരംഗത്ത് സജീവമായുണ്ട് സഭാ തര്‍ക്കവും. സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിയിൽ ഇരട്ടത്താപ്പുണ്ടെന്ന് തുടക്കം മുതൽ നിലപാടെടുത്ത ബിജെപി ഓര്‍ത്തഡോക്സ് വിഭാഗത്തെ കൂടെ കൂട്ടാനുള്ള പരിശ്രമത്തിലാണ്.

പിന്തുണ തേടി ദേശീയ സംസ്ഥാന നേതൃത്വങ്ങൾ നിരന്തരം സഭാ നേതൃത്തെ സമീപിക്കുന്നതിന് പുറമെ വാട്ട്‍സ് ആപ്പ് കൂട്ടായ്മകളിലടക്കം വിശ്വാസ സമൂഹത്തിൽ വേരുറപ്പിക്കാനുള്ള പരിശ്രമങ്ങളും സജീവമാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ സഭാവോട്ടുകൾ അനുകൂലമായിരുന്നു എന്ന് വിലയിരുത്തുന്ന ഇടത് മുന്നണി കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ യുഡിഎഫിനെതിരെ ഓര്‍ത്തഡോക്സ് വിഭാഗത്തിനുള്ള അതൃപ്തി കൂടി വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ്. പിറവം പള്ളിയിൽ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയതും ഇടത് മുന്നണി ചൂണ്ടിക്കാട്ടുന്നു.

വിജയസാധ്യത വിലയിരുത്തി അടൂര്‍ പ്രകാശ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയതിലെ അതൃപ്തി മറികടക്കുന്നതിനൊപ്പം, സഭാ തര്‍ക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹ്നാന്‍റെ നിലപാടിൽ സഭാവിശ്വാസികൾക്കിടയിലെ അമര്‍ഷവും കോന്നിയിലെ കോൺഗ്രസിനും യുഡിഎഫിനും മുന്നിലുണ്ട്. മൂന്ന് ഭദ്രാസനങ്ങളിലായി 53 പള്ളികൾ, മുപ്പതിനായിരത്തോളം വോട്ട്, ഭൂരിപക്ഷ വോട്ടുകൾ മുന്നണി സമവാക്യങ്ങൾക്കിടക്ക് ചിതറിപ്പോയാലും അന്തിമ ഫലത്തിൽ അത് പ്രതിഫലിക്കരുതെന്ന കണക്ക് കൂട്ടൽ കൂടിയുണ്ട് മുന്നണികൾക്ക്.

 

Follow Us:
Download App:
  • android
  • ios