Asianet News MalayalamAsianet News Malayalam

'ജാതി സംഘടനകള്‍ക്ക് കേരളത്തിന്‍റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല': വി എസ്

'വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നും ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്'. 

community organizations cant determine keralas fate said vs
Author
Thiruvananthapuram, First Published Oct 24, 2019, 1:29 PM IST

തിരുവനന്തപുരം: ജാതിസംഘടനകള്‍ക്ക് കേരളത്തിന്‍റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ലെന്ന് വി എസ് അച്യുതാനന്ദന്‍. വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് വി എസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ലെന്നും വി എസ് പറഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവിലും കെ യു ജനീഷ് കുമാര്‍ കോന്നിയിലും മിന്നുന്ന വിജയം സ്വന്തമാക്കിയിതിന് ശേഷമായിരുന്നു വി എസിന്‍റെ പ്രതികരണം. 

വി എസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഒരു തെരഞ്ഞെടുപ്പ് വിശകലനത്തിന് സമയമായിട്ടില്ല. പക്ഷെ, ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നത് ജാതി സംഘടനകള്‍ക്ക് കേരളത്തിന്‍റെ വിധി നിര്‍ണയിക്കാനുള്ള കെല്‍പ്പില്ല എന്നുതന്നെയാണ്. ജനങ്ങളുടെ ആ മനോഭാവമാണ് വാസ്തവത്തില്‍ നവോത്ഥാനത്തിന്‍റെ സൂചന. രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതും ഭാവി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യമാണത്. വിശ്വാസവും വൈകാരികതയും ഹിന്ദുത്വവുമൊന്നും കേരള ജനതയുടെ മനസ്സിലേക്കിറങ്ങിയിട്ടില്ല എന്നും ഈ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ഞാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ വിജയം ആദ്യം പ്രഖ്യാപിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിതന്നെയായിരുന്നു. അതിന്‍റെ കാരണങ്ങളും അദ്ദേഹം പറഞ്ഞു. ഇതെഴുതുമ്പോള്‍, യുഡിഎഫ് നേതാക്കള്‍ ഓരോരുത്തരായി, പ്രതികരണങ്ങളുമായി വന്നുകൊണ്ടിരിക്കുന്നു. അവിടെ പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞു. എല്‍ഡിഎഫിനെ സംബന്ധിച്ച്, കോന്നിയിലേതും രാഷ്ട്രീയ വിജയംതന്നെ. പക്ഷെ, വിശ്രമിക്കാന്‍ ഒരു നിമിഷംപോലും ബാക്കിയില്ലാത്ത മുന്നണിയാണ് എല്‍ഡിഎഫ് എന്ന തിരിച്ചറിവും ആവശ്യമാണ്.

Follow Us:
Download App:
  • android
  • ios