പത്തനംതിട്ട: സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ ചര്‍ച്ചക്ക് ഒടുവിൽ അടൂര്‍ പ്രകാശിനെ നേരിട്ടിറക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കോന്നിയിലെ കോൺഗ്രസ് ക്യാമ്പ്. അവസാന നിമിഷമാണ് കലാപം ഒഴിഞ്ഞതെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ ഒറ്റക്കെട്ടാണെന്ന സന്ദേശം അണികളിലെത്തിക്കാൻ നേതാക്കളെല്ലാം രംഗത്തുണ്ട്.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പഠിച്ച പണി പതിനെട്ടും പയറ്റി അടൂര്‍ പ്രകാശിനെ തെരഞ്ഞെടുപ്പ് കൺവെൻഷനെത്തിച്ചതോടെ കഥയാകെ മാറി. പിണക്കവും പരിഭവവും പൊട്ടിച്ചിരികൾക്കിടെ മറികടന്നിരിക്കുകയാണ് നേതാക്കൾ. പിജെ കുര്യനും ആന്റോ ആന്റണിയും അടക്കം കോൺഗ്രസ് നേതാക്കളും യുഡിഎഫ് ഘടകക്ഷി പ്രമുഖരുമെല്ലാം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്.

മുഴുവൻ സമയ സാന്നിധ്യം കൊണ്ട് അടൂര്‍ പ്രകാശും  ശ്രദ്ധ നേടുന്നുണ്ട്. 23 വര്‍ഷം നീണ്ട ഭരണ നേട്ടങ്ങളുടെ തുടര്‍ച്ച തേടിയാണ് കോന്നിയിൽ കോൺഗ്രസ് കളത്തിലിറങ്ങുന്നത്. തുടക്കത്തിലെ കല്ലുകടിയിൽ സമവയമായത് നേതൃത്വത്തിന് ആശ്വാസമാണ്. എന്നിരുന്നാലും പ്രചാരണത്തിലെ പങ്കാളിത്തമായിരിക്കും ഫലത്തിൽ നിര്‍ണ്ണായകം.

അതേസമയം, വട്ടിയൂർക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്നും ഇതിനുള്ള തെളിവുകള്‍ കൈയിലുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുമ്പോഴാണ് സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ടുകച്ചവടമുണ്ടെന്ന ആരോപണം അദ്ദേഹം ഉയര്‍ത്തിയത്. 

എന്നാല്‍ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുല്ലപ്പള്ളിക്ക് മറുപടി നല്‍കിയത്. മുല്ലപ്പള്ളിയുടേത് തരംതാണ നടപടിയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. 

വട്ടിയൂർക്കാവിൽ ബിജെപി സിപിഎമ്മിനും കോന്നിയിൽ തിരിച്ച് സിപിഎം ബിജെപിക്കും വോട്ടു  മറിക്കാനായി ധാരണയുണ്ടാക്കിയെന്നാണ് കോൺഗ്രസ് ആക്ഷേപിക്കുന്നത്.  വട്ടിയൂർക്കാവിലെ യുഡിഎഫ് കൺവെൻഷനിൽ വച്ചാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വോട്ടുകച്ചവടം എന്ന ബോംബ് പൊട്ടിച്ചത്.