തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സിപിഎം നേതൃത്വം. സുധാകരന്‍റെ പൂതന പരാമര്‍ശവും കടകംപള്ളിയുടെ കുമ്മനം പരാമര്‍ശവും വിവാദമായ സാഹചര്യത്തിലാണ്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നത്. പ്രചാരണത്തില്‍ ജാഗ്രത പുലര്‍ത്തണം. പൂതന പരാമർശവും, കുമ്മനം വിമർശനവും അനാവശ്യമായിരുന്നു. വാക്കുകളില്‍ നിയന്ത്രണം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതൃത്വം വ്യക്തമാക്കി.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തില്‍ പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. ഇതിനെതിരെ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തി. തുടര്‍ന്ന് ഷാനി മോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും മന്ത്രി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിരീക്ഷണം. 

വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിന്‍റെ നിരാശ കുമ്മനം രാജശേഖരന്‍ അസത്യപ്രചാരണത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നതിന്‍റെ വാര്‍ത്തകള്‍ കണ്ടെന്നായിരുന്നു കടകംപള്ളിയുടെ പരാമര്‍ശം. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം എംപിയാകാന്‍ വന്ന കുമ്മനം ഗതികെട്ടാ പ്രേതമായി അലയുന്നതില്‍ സഹതാപമുണ്ട്. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് ലോക് സഭയിലേക്ക് മത്സരിക്കാന്‍ വന്ന സമയത്ത് കുമ്മനത്തിന് കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന സ്ഥിതിയുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം അദ്ദേഹത്തിന് ഇപ്പോള്‍ മനസിലായിട്ടുണ്ടാകുമെന്നും കടകംപള്ളി പറഞ്ഞിരുന്നു. പിന്നാലെ പരാമര്‍ശം വിവാദമായതോടെ കുമ്മനടി പ്രയോഗം വിഷമിപ്പിച്ചെങ്കില്‍ കുമ്മനത്തോട് ക്ഷമചോദിക്കുന്നതായും കടകംപള്ളി വ്യക്തമാക്കിയിരുന്നു.