തിരുവനന്തപുരം; അഞ്ചിൽ നാലിടത്തും എൽഡിഎഫിനായി യുവ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ പ്രചാരണരംഗത്ത് യുവാക്കളുടെ സ്ക്വാഡും സജീവമാണ്. വോട്ടുകൾ ഉറപ്പാക്കാൻ  ഡിവൈഎഫ്ഐ ശ്രമിക്കുമ്പോൾ പിഎസ് സി വിഷയം ഉപയോഗിച്ചാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രതിരോധവും ആക്രമണവും.

വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന് വോട്ട് ചോദിച്ച് വീടുകൾ കയറി ഇറങ്ങുന്നത് ഡിവൈഎഫ്ഐ സംസ്ഥാന  നേതാക്കളടക്കമുള്ളവരാണ്. പതിവ് തെരഞ്ഞെടുപ്പ് നോട്ടീസുകളിൽ നിന്നും വ്യത്യസ്തമായി കാരിക്കേച്ചർ നോട്ടീസുകൾ, യുവാവ് എംഎൽഎ ആകുന്നതിലുള്ള നേട്ടങ്ങള്‍, അങ്ങനെ എന്തുകൊണ്ടും വ്യത്യസ്തമായാണ് യുവ വോട്ടു പിടിത്തം.

എൽഡിഎഫ് യൂത്ത് കാർഡ് പുറത്തിറക്കുമ്പോൾ പി എസ് സി  വിഷത്തിൽ യുവാക്കളെ സർക്കാർ വഞ്ചിച്ചു എന്നതാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും പ്രചരണായുധം. ഒപ്പം നഗരസഭാ വിവാദങ്ങൾ എണ്ണിപറഞ്ഞ് മേയർക്കെതിരായ ആരോപണങ്ങളും. ഇത്തരം  വിവാദങ്ങളും നേരിട്ടുകൊണ്ടാണ് ഡിവൈഎഫ്ഐ പ്രചരണം.

മേയർ ബ്രോ പ്രതിച്ഛായയും പിഎസ്‍സി വിവാദവും കൊമ്പുകോർക്കുമ്പോൾ യുവാക്കളെ തന്നെയാണ് എല്ലാ മുന്നണികളും ലക്ഷ്യമിടുന്നതെന്ന് വ്യക്തം. തെര‍ഞ്ഞെടുപ്പ് വേദികളിൽ നിന്നും ഗൃഹസന്ദർശനങ്ങളിലും പ്രതിച്ഛായയും വിവാദങ്ങളും ചർച്ചയാകുമ്പോൾ താഴെ തട്ടിലും പ്രചാരണത്തിന് വാശിയേറുകയാണ്.