തിരുവനന്തപുരം: എന്‍എസ്എസിന്‍റെ ഇപ്പോഴത്തെ നിലപാട് സംഘടനാ അടിസ്ഥാനത്തിലുള്ള തീരുമാനമാണെന്ന് കരുതുന്നില്ലെന്ന് ഇ പി ജയരാജന്‍. വട്ടിയൂർകാവിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നുവെന്ന് കാണിച്ച് എൻഎസ്എസ്സിനെതിരെയും യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാറിനെതിരെയും സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ പരാതി നൽകിയതിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം. എന്‍എസ്എസിനെ യുഡിഎഫ് തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്‍ക്കുകയാണ്. എന്‍എസ്എസ് സാമുദായിക നിലപാട് എടുക്കുമെന്ന് കരുതുന്നില്ല. എല്ലാം എൻഎസ്എസിൽ ഉള്ള കോണ്‍ഗ്രസ്  കുബുദ്ധികൾ നടത്തുന്ന തെറ്റായ പ്രചരണമാണ്. കേരളം രാഷ്ട്രീയമായി  വോട്ടു ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു.

സമദൂരം വിട്ട് ശരിദൂരം പ്രഖ്യാപിച്ച എന്‍എസ്എസ് വട്ടിയൂർകാവിൽ യുഡിഎഫിനായി പരസ്യമായി തന്നെ വോട്ടുറപ്പാക്കിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി നായർ സമുദായ അംഗമായതിനാൽ മോഹൻകുമാറിന് വോട്ട് ചെയ്യണമെന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ടിന്‍റെ നേതൃത്വത്തിൽ  അഭ്യർത്ഥിക്കുന്നുവെന്ന് കാണിച്ചാണ് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെ പരാതി നല്‍കിയത്. എന്നാല്‍ എൻഎസ്എസ് നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് സിപിഎം ലക്ഷ്യം. എന്‍എസ്എസിനെതിരെ ഇന്നലെ കോടിയേരി ബാലകൃഷ്‍ണന്‍ രൂക്ഷപ്രതികരണം നടത്തിയിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണ്. പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന്‍ കൊടുക്കാനാണ് എൻഎസ്എസിന്‍റെ ശ്രമമം. ഇത് സമുദായ അംഗങ്ങൾ തന്നെ തള്ളുമെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം.