മഞ്ചേശ്വരം: മുന്നണികൾ മൂന്നും ശക്തമായ ത്രികോണപോരാട്ടം കാഴ്ച വച്ച മണ്ഡലമാണ് മഞ്ചേശ്വരം. മറ്റ് മണ്ഡലങ്ങളെയെല്ലാം മഴ ബാധിച്ചപ്പോൾ മഞ്ചേശ്വരത്തിന്റെ കാലാവസ്ഥ തെരഞ്ഞെടുപ്പിന് അനുകൂലമായിരുന്നു. മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ ആർക്ക് അനുകൂലമാകുമെന്നത് പക്ഷെ വോട്ടെടുപ്പിന് ശേഷവും പ്രവചനാതീതമായി തുടരുന്നു.

ഇക്കുറിയും കോൺഗ്രസ് കോട്ട കാക്കാനാകുമെന്ന  പ്രതീക്ഷയാണ് ലീഗ് സ്ഥാനാര്‍ഥി എം സി  കമറുദ്ദീൻ പുലർത്തുന്നത്. ലീഗിന് വലിയ സ്വാധീനമുള്ള തീരദേശ മേഖലകളിൽ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത് പ്രതീക്ഷക്ക് ശക്തി പകരുന്നു. ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണവും പൗരത്വ പ്രശ്നമടക്കമുള്ള കേന്ദ്ര സർക്കാർ നയങ്ങളും അനുകൂലമാകുമെന്നും വലത് ക്യാമ്പ് വിലയിരുത്തുന്നു.

ഇത് കൊണ്ടൊക്കെ തന്നെ മഞ്ചേശ്വരത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മില്‍ തന്നെയാണെന്ന് വീണ്ടും ആവർത്തിക്കുന്നു യുഡിഎഫ് സ്ഥാനാർത്ഥി കമറുദ്ദീൻ. പോളിംഗിനിടെ പ്രകോപനങ്ങളുണ്ടാക്കാൻ ചിലർ ശ്രമിച്ചു. എല്‍ഡിഎഫിന്‍റെ കുതന്ത്രങ്ങള്‍ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്നും കമറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യുഡിഎഫ് കേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള കുപ്രചാരണങ്ങൾ തെരഞ്ഞെടുപ്പിൽ നടന്നു. പോളിംഗ് മന്ദഗതിയിൽ ആക്കുന്നതടക്കമുള്ള കുതന്ത്രങ്ങൾ പ്രയോഗിച്ച് ചിലർ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. കാസർകോഡ്, കണ്ണൂരിൽ നിന്ന് പ്രവർത്തകരെ ഇറക്കി യുഡിഎഫ് കേന്ദ്രങ്ങളിൽ വിള്ളൽ ഉണ്ടാക്കാൻ എൽഡിഎഫ് ശ്രമിച്ചു. എന്നാൽ എല്ലാത്തിനെയും യുഡിഎഫ് അതിജീവിക്കുമെന്ന് കമറുദ്ദീൻ പറയുന്നു.  എന്നാൽ ഭൂരിപക്ഷം എത്രയാകും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാനാകില്ലെന്നായിരുന്നു സ്ഥാനാർത്ഥിയുടെ മറുപടി. 

അതേ സമയം കള്ളവോട്ട് എന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. പല കേന്ദ്രങ്ങളിലും കള്ളവോട്ട് നടന്നതായി സംശയമുണ്ടെന്നും ഫലം വന്ന ശേഷം നടപടി സ്വീകരിക്കുമെന്നുമാണ് ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രിയുടെ പ്രതികരണം. പോളിംഗ് മന്ദഗതിയിൽ ആക്കാൻ ശ്രമം നടന്നെന്ന യുഡിഎഫിന്റെ അതേ ആരോപണം ബിജെപിയും ആവർത്തിച്ചു.

എൽഡിഎഫ് യുഡിഎഫ് സഹകരണം ഉണ്ടായെന്നും രവീശ തന്ത്രി ആരോപിച്ചു. എങ്കിലും 2500  വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയം നേടുമെന്ന് രവീശ തന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ഇന്നലെ രാത്രി തന്നെ എൽഡിഎഫും യുഡിഎഫും തമ്മിൽ ഒത്തുകളി നടന്നുവെന്ന ആരോപണം ഉന്നയിച്ച് ബിജെപി വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷമാണ് മുന്നണിക്ക് നാട്ടുകാരനായ സ്ഥാനാർത്ഥിയെ കിട്ടിയത് ഗുണം ചെയ്യുമെന്ന ശുഭപ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. എൽഡിഎഫിന് എന്ന് പറയാനാകുന്ന വോട്ടുകൾ 42 ,000 ആണെങ്കിലും പ്രദേശവാസിയെന്നതും മറ്റ് ചില ഘടകങ്ങളും തന്റെ വോട്ടുകൾ കൂട്ടുമെന്ന് ആണ് ഇടത് സ്ഥാനാർത്ഥി ശങ്കർ റൈയുടെ പ്രതീക്ഷ.

വിശ്വാസിയാണെന്ന ലേബൽ നിഷേധിക്കാത്ത, ശബരിമലയിലടക്കം കൃത്യമായി നിലപാട് വ്യക്തമാക്കുന്ന ഇടത് സ്ഥാനാര്‍ഥി ശങ്കർ റൈ മറ്റ് രണ്ട് മുന്നണികൾക്കും ഭീഷണിയുണ്ടാക്കുന്നുമുണ്ട്. പ്രാദേശികമായി ശക്തമായ ബന്ധങ്ങളുണ്ടെന്നതും മുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. എന്നാൽ ഭൂരിപക്ഷം എത്രയെന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ ഇടത് സ്ഥാനാർത്ഥിയും തയ്യാറായില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടിയ പോളിംഗ് ശതമാനം ഇത്തവണ മഞ്ചേശ്വരത്ത് രേഖപ്പെടുത്തി എന്നത് മൂന്ന് മുന്നണികൾക്കും ഏറെ പ്രതീക്ഷ പകരുന്നതാണ്. 75.82 ശതമാനം പോളിംഗ് ആണ് ഇക്കുറി മഞ്ചേശ്വരത്ത് നടന്നത്. എന്നാൽ കഴിഞ്ഞ തവണത്തേ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിനേക്കാൾ ഇത് കുറവുമാണ്.

എന്തായാലും ജയിക്കുന്ന മുന്നണിക്ക് ചെറിയ ഭൂരിപക്ഷം ആകും ലഭിക്കുക. കഴിഞ്ഞ 30  വർഷത്തെ ചരിത്രം പരിശോധിച്ചാലും നേരിയ ഭൂരിപക്ഷത്തിൽ മാത്രമാണ് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥികളുടെ ജയിച്ചു കയറിയത്. ശക്തമായ ത്രികോണപോരാട്ടം നടന്ന മണ്ഡലത്തിൽ ജനമനസ് ആർക്കൊപ്പം നിൽക്കുമെന്നത് കണ്ടറിയാം.