ആലപ്പുഴ: പരസ്യ പ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അരൂരിൽ പോരാട്ടം ആവേശക്കൊടുമുടിയില്‍. അവസാന മണിക്കൂറുകളില്‍ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലാണ് യുഡിഎഫിന്റെ പ്രചരണം. അവസാന നിമിഷത്തിലും  മുൻ എംഎൽഎ എഎം ആരിഫിനെ മുന്നിൽ നിർത്തിയാണ് ഇടതുപക്ഷത്തിന്‍റെ മുന്നേറ്റം. പിണങ്ങി നില്‍ക്കുന്ന ബിഡിജെഎസ് വോട്ടുകള്‍ ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബിജെപി.

കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ എഴുപുന്ന, കോടംതുരുത്ത്, പെരുമ്പളം പഞ്ചായത്തുകളിൽ പരാമവധി ഭൂരിപക്ഷം നേടി മുന്നേറാനുള്ള ശ്രമത്തിലാണ്  യുഡിഎഫ്. മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം അരൂരിൽ കോൺഗ്രസ് സംഘടനാ സംവിധാനം ഉണർന്ന് പ്രവർത്തിച്ചത് യുഡിഎഫ് ക്യാംപിന്‍റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

പ്രചരണത്തിന്റെ അവസാന ദിവസങ്ങളിൽ മുഖ്യമന്ത്രിയെ മണ്ഡലത്തിൽ ഇറക്കി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയത്തിക്കാട്ടുകയാണ് ഇടത് മുന്നണി. മുൻ എംഎൽഎ എഎം ആരിഫിനെ പ്രചരണത്തിന്റെ തുടക്കം മുതൽ സ്ഥാനാർത്ഥിക്കൊപ്പം നിർത്തിയതും വോട്ടായി മാറുമെന്ന് ഇടത്പക്ഷം കരുതുന്നു.

ഈഴവ സമുദായത്തില്‍ നിന്നുള്ള ആളെ തങ്ങൾ മാത്രമാണ് മത്സരരംഗത്തിറക്കിയെന്നത് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചരണം. ഒപ്പം ബിഡിജെഎസിന്റെ വോട്ടറുപ്പിക്കാനുള്ള അവസാന വട്ട ശ്രമവും ബിജെപി സജീവമായി നടത്തുന്നുണ്ട്. 

കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി രാവിലെ 7 മണി മുതൽ അരൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാനാർത്ഥികൾ പര്യടനം തുടങ്ങും. വൈകീട്ട് അഞ്ചുമണിയോടെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനും എൻഡിഎ സ്ഥാനാർഥി അഡ്വക്കേറ്റ് പ്രകാശ് ബാബു തുറവൂരിൽ കൊട്ടിക്കലാശത്തിന്റെ സമാപനത്തിൽ പങ്കെടുക്കും. അരൂർ ക്ഷേത്രത്തിനു സമീപമാണ് ഇടതുമുന്നണിയുടെ കൊട്ടിക്കലാശം. റോഡ് ഷോയ്ക്ക് ശേഷം ഇടതു സ്ഥാനാർഥി മനു സി പുളിക്കൽ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും