അരൂർ: അരൂർ നിയമസഭ മണ്ഡലത്തിലെ 1,91,898 വോട്ടർമാർ നാളെ പോളിങ്ങ് ബൂത്തിലേക്ക്. ആലപ്പുഴയിലെ സിപിഎമ്മിന്‍റെ ചെങ്കോട്ടയിൽ മിന്നുന്ന നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫും ബിജെപിയും അങ്കത്തിനിറങ്ങുന്നത്. യുഡിഎഫിനായി ഷാനിമോൾ ഉസ്മാനും, എൽഡിഎഫിനായി മനു സി പുളിക്കലും എൻഡിഎയ്ക്കായി പ്രകാശ് ബാബുവും ഇറങ്ങുമ്പോൾ ത്രികോണ പോരാട്ടത്തിനാണ് അരൂർ വേദിയാകുന്നത്.

നിശബ്ദ  പ്രചരണ ദിനവും പരമാവധി വോട്ടർമാരെ നേരിൽ കാണാനായിരുന്നു സ്ഥാനാർത്ഥികളുടെ ശ്രമം. എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കൽ പത്തു പഞ്ചായത്തുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ എത്തി.ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ പ്രചരണം. ബൂത്ത് തല പ്രവർത്തകരെ അടക്കം നേരിൽ കാണുന്ന തിരക്കിലായിരുന്നു എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബു.

നിശബ്ദ പ്രചാരണ ദിവസവും മുന്നണിപ്പോരിന് അരൂരിൽ കുറവുണ്ടായില്ല. ഇരട്ട വോട്ടുകൾ ഉണ്ടെന്ന യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നിയമസഭാ മണ്ഡലത്തിൽ ഇന്ന് 181 ഇരട്ട വോട്ടുകൾ കണ്ടെത്തി. 12,000 ഇരട്ട വോട്ടുകൾ ഉണ്ടെന്ന് യുഡിഎഫ് ജില്ലാ കളക്ടർക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരട്ട വോട്ടുകൾ കണ്ടെത്തിയത്. ബി എൽ ഓ മാരുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ ക്രമക്കേട് തടയാൻ ഇരട്ട വോട്ടുകൾ ഒഴിവാക്കുമെന്ന് എന്ന് ജില്ലാകളക്ടർ അറിയിച്ചു. ഇതുസംബന്ധിച്ച് നിർദ്ദേശം പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.

നിശബ്ദ പ്രചരണം ദിവസം സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ അരൂർ മണ്ഡലത്തിൽ തങ്ങുന്നു എന്ന ആരോപണവും യുഡിഎഫ് ഉയർത്തി. ഇത് സംബന്ധിച്ച് യുഡിഎഫ് ജില്ലാ കളക്ടർക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. 

അരൂരിലെ സ്ഥാനാർത്ഥികളുടെ നിശബ്ദ പ്രചാരണം ഇങ്ങനെ...

 

വീടുകൾ കയറി ഇടതു സ്ഥാനാർത്ഥി മനു സി പുളിക്കൽ

യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം ആരംഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീടുകളില്‍ നിന്നാണ് പ്രചാരണം തുടങ്ങിയത്. നിശബ്ദപ്രചാരണ ദിവസം പരാമവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനാണ് ശ്രമിക്കുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കൽ പറഞ്ഞു. യുഡിഎഫിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയും. ഓരോ സമയത്തും പിന്തുണയേറുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പള്ളികളിലെത്തി വോട്ട് തേടി ഷാനി മോൾ ഉസ്മാൻ

ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവര്‍ കൂടുതലായുള്ള എഴുപുന്ന തുടങ്ങിയ പഞ്ചായത്തുകളിലെ പള്ളികളിലെത്തി വോട്ട് അഭ്യര്‍ത്ഥിച്ചായിരുന്നു ഷാനിമോള്‍ ഉസ്മാന്‍റെ തുടക്കം. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് ശ്രമമെന്നും വോട്ടര്‍മാരുടെ പ്രതികരണം കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. അരൂര്‍ മണ്ഡലം യുഡിഎഫിനൊപ്പമാണ്. അത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണ്. അതിന്‍റെ ആവര്‍ത്തനം ഉണ്ടാവുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

വിശ്വാസികളുടെ വോട്ടെന്ന പ്രതീക്ഷയിൽ ബിജെപി സ്ഥാനാർത്ഥി

തുറവൂര്‍ അമ്പലത്തില്‍ നിന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ പ്രചാരണം ആരംഭിച്ചത്. അരൂരിലെ 10 പ‍ഞ്ചായത്തുകളിലെത്തി പ്രധാന വോട്ടര്‍മാരെ കാണാനാണ് പ്രകാശ് ബാബുവിന്‍റെ തീരുമാനം. എല്ലാ വിശ്വാസികളുടെയും വോട്ട് ലഭിക്കുമെന്ന് പറഞ്ഞ പ്രകാശ് ബാബു എൻഎസ്എസിന്‍റെയും ബിഡിജെഎസിന്‍റെയും എസ്എന്‍ഡിപിയുടെയും വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അരൂരിലെ മുന്നണി പ്രതീക്ഷകൾ

2016 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ 38519 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന എ എം ആരിഫിന് ലഭിച്ചത്. എന്നാല്‍ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് എത്തുമ്പോള്‍ യുഡിഎഫിന് പ്രചാരണത്തില്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ അധികം മേല്‍ക്കൈ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവസാനവട്ട പ്രചാരണരംഗത്ത് ഏതാണ്ട് ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് മൂന്ന് മുന്നണികളും. 

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 38000 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ എൽ ഡി എഫിന് കനത്ത വെല്ലുവിളിയാണ് ഇത്തവണ യുഡിഎഫ് ഉയർത്തുന്നത്. സിപിഎം കോട്ടയായ മണ്ഡലത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കിട്ടിയ മേൽക്കൈ വലിയ പ്രതീക്ഷയാണ് യുഡിഎഫിന് നൽകുന്നത്. ഈ കാറ്റ് അതേ രീതിയിൽ നില നിന്നാൽ ആലപ്പുഴയിൽ എൽഡിഎഫ് കോട്ടയിൽ യുഡിഎഫിന് കൊടി ഉയർത്താനാകും.

ആയിരം കോടിയുടെ വികസനമെന്ന എൽഡിഎഫിന്റെ പ്രചരണായുധം വെറും ചീട്ടുകടലാസ് എന്ന ആരോപണം ഉന്നയിച്ചുള്ള പ്രചാരണങ്ങളാണ് തുടക്കം മുതൽ യുഡിഎഫ് നടത്തുന്നത്. മുൻപെങ്ങും അരൂരിൽ കണ്ടിട്ടില്ലാത്ത വിധം കോൺഗ്രസ് സംഘടനാ സംവിധാനം ഉണർന്ന് പ്രവർത്തിച്ചതും യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം കൂട്ടുന്നു

എരമല്ലൂർ- എഴുപുന്ന റോഡിന്റെ നിർമ്മാണം തടസപ്പെടുത്തിയതിന് ഷാനിമോൾ ഉസ്മാനെതിരെ കേസ് എടുത്തതിന് തൊട്ടു പിന്നാലെ സുധാകരനിൽ നിന്നുണ്ടായ പൂതനാ പരാമർശം, മനു സി പുളിക്കലിന്റെ കുടുംബത്തിന് എതിരായ ആരോപണം എന്നിവയൊക്കെയായി കളം നിറയ്ക്കാൻ യുഡിഎഫിന് കഴിഞ്ഞു.

അതേ സമയം സിറ്റിങ്ങ് സീറ്റായ മറ്റ് നാലുമണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം അരൂര്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോള്‍ മണ്ഡലം നിലനിര്‍ത്തുകയെന്നത് എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പ്രത്യേകിച്ചും ആറ് മാസം മുൻപ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ അരൂർ പിന്തുണച്ച പശ്ചാത്തലത്തിൽ ഇടതുപക്ഷത്തിനിത് അഭിമാനപോരാട്ടവും ആകും.

പ്രചരണത്തിന്റെ അവസാന ദിവസങ്ങളിൽ മുഖ്യമന്ത്രിയെ തന്നെ മണ്ഡലത്തിൽ ഇറക്കി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയത്തിക്കാട്ടിയായിരുന്നു ഇടത് മുന്നണി പ്രചാരണം. മുൻ എംഎൽഎ എഎം ആരിഫിനെ പ്രചാരണത്തിന്റെ തുടക്കം മുതൽ സ്ഥാനാർത്ഥിക്കൊപ്പം നിർത്തിയതും വോട്ടായി മാറുമെന്ന് ഇടത്പക്ഷം കരുതുന്നു. 

വികസന വിഷയങ്ങൾക്കൊപ്പം വിവാദങ്ങളും ആരോപണങ്ങളും കളം നിറഞ്ഞ അരൂരിൽ മത- സാമുദായിക ഘടകങ്ങളും ഏറെ നിർണായകമാകും.  പകുതിയോളം ഈഴവ സമുദായംഗങ്ങൾ ഉൾപ്പെടുന്ന അരൂരിൽ ബിഡിജെഎസ് നിലപാടും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രധാനമാകും. വച്ചു നീട്ടിയ സീറ്റ് ഉപേക്ഷിച്ച ബിഡിജെഎസ് ബിജെപിക്കെതിരെ പരസ്യമായി രംഗത്തെത്തിയതിനും അരൂർ സാക്ഷ്യം വഹിച്ചതാണ്. 

എന്നാൽ ഈഴവ സമുദായ അംഗത്തെ തങ്ങൾ മാത്രമാണ് മത്സര രംഗത്തിറക്കിയെന്നത് ചൂണ്ടിക്കാട്ടി ബിജെപി പ്രചാരണം കൊഴിപ്പിച്ചു. ഒപ്പം ബിഡിജെഎസിന്റെ വോട്ടറുപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. പക്ഷെ ബിഡിജെഎസ് ഉയർത്തിയ അപസ്വരം ആർക്ക് ഗുണം ചെയ്യും എന്നത് കണ്ട് തന്നെ അറിയണം. ഈ വോട്ടുകൾ എൽഡിഎഫിലേക്ക് പോകുന്ന തരത്തിലുള്ള അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടോ അതോ ബിജെപിക്ക് തന്നെ ലഭിക്കുമോ എന്നതും അരൂരിലെ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. ഒപ്പം ലത്തീൻ -മുസ്ലീം വോട്ടുകളും അന്തിമ വിധിയെഴുത്തിൽ നിർണായകം ആകുന്ന കാഴ്ചയാകും അരൂരിൽ ഉണ്ടാകുക.