തിരുവനന്തപുരം: കയ്യിലുണ്ടായിരുന്ന സീറ്റുകൾ കളഞ്ഞു കുളിച്ചു, എൻഎസ്എസ് പരസ്യമായി രംഗത്തിറങ്ങി പ്രചാരണരംഗത്തേക്ക് ഭാരവാഹിയെത്തന്നെ ഇറക്കിയിട്ടും വട്ടിയൂർക്കാവ് കയ്യിൽ നിന്ന് പോയി. പാലായിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. എറണാകുളത്ത് ജയിച്ചത് എന്തോ ഭാഗ്യത്തിനാണ്. അരൂരിലാകട്ടെ ഫോട്ടോ ഫിനിഷിലാണ് ജയിച്ചത് താനും. യുഡിഎഫിന് കുത്തിയിരുന്ന് ആലോചിക്കേണ്ടി വരും, ഈ തിരിച്ചടി എങ്ങനെ മറി കടക്കുമെന്നത്. അതേസമയം, കൃത്യമായ മുന്നറിയിപ്പുമായി ലീഗ് രംഗത്തെത്തിയിട്ടുമുണ്ട്.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ എറണാകുളം, മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ് എന്നീ നാലെണ്ണം യുഡിഎഫിന്‍റേതായിരുന്നു. അരൂർ മാത്രമാണ് എൽഡിഎഫിനൊപ്പമുണ്ടായിരുന്നത്. പാലാ ഉപതെരഞ്ഞെടുപ്പ് പതിറ്റാണ്ടുകൾക്ക് ശേഷം കെ എം മാണിയുടെ കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് പോരാട്ടത്തിനിറങ്ങിയത്. 

ഫലം വന്നപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലെന്ന് വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പിൽ മൂന്നും മൂന്നുമായി ഇഞ്ചോടിഞ്ച് പോരാട്ടവുമായി നിൽക്കുകയാണ് ഇരുമുന്നണികളും. പക്ഷേ, ഇതിൽ പലതും യുഡിഎഫിന് കഷ്ടിച്ചുണ്ടായ വിജയമാണെന്നതാണ് ശ്രദ്ധേയം. ചിട്ടയായ പ്രവർത്തനവുമായി എൽഡിഎഫ് മുന്നോട്ടു പോയി. ഭരണവിരുദ്ധ വികാരമാണെന്ന പ്രചാരണത്തെ അട്ടിമറിക്കുന്നു.

ഫലം വന്ന ആദ്യമണിക്കൂറിൽത്തന്നെ കോൺഗ്രസിൽ നിന്ന് അതൃപ്തി പതുക്കെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. ആദ്യം പ്രതികരണവുമായി രംഗത്തെത്തിയത് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മനുഷ്യാവകാശ കമ്മീഷനംഗവുമായ കെ മോഹൻകുമാറാണ്. 

''എൻഎസ്എസ്സിന്‍റെ പിന്തുണ കിട്ടിയത് മറ്റ് സമുദായങ്ങൾക്ക് എതിരായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടോ എന്ന് പരിശോധിക്കേണ്ടി വരും. പ്രചാരണ രംഗത്ത് പിന്നിൽ പോയിട്ടുണ്ട്. അതെങ്ങനെ സംഭവിച്ച് എന്നത് വിശദമായി പരിശോധിക്കണം. അവസാന ദിവസങ്ങളിൽ മാത്രമാണ് യുഡിഎഫിന് മുന്നിൽ എത്താൻ കഴിഞ്ഞ‌ത്'', എന്ന് മോഹൻ കുമാർ ഉടൻ തന്നെ പ്രതികരിച്ചു.

സ്ഥാനാർത്ഥി നിർണയം മുതലിങ്ങോട്ട് പ്രചാരണത്തിന് ആരും എത്താതിരുന്നത് വരെ വിവാദ വിഷയങ്ങളായ മണ്ഡലമാണ് വട്ടിയൂർക്കാവ്. ഒടുവിൽ എൻഎസ്എസ്സിന്‍റെ തുറന്ന പിന്തുണ വാങ്ങിയെടുത്തിട്ട് പോലും ജയിച്ചില്ല വട്ടിയൂർക്കാവിൽ.

തുറന്ന പ്രതികരണത്തിന് എന്നും മടിക്കാതിരുന്ന ഒരു നേതാവായതുകൊണ്ടുതന്നെ മോഹൻകുമാർ ആ പ്രതികരണം നടത്തി. പക്ഷേ, കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻരാജിന് അത്ര തുറന്ന പ്രതികരണം നടത്താനായില്ല. ജനീഷ് കുമാർ എങ്ങനെ ജയിച്ചു? താനെങ്ങനെ തോറ്റു? സിംപിൾ. 'ജനീഷിന് എന്നേക്കാൾ കൂടുതൽ വോട്ട് കിട്ടി' - അത്രമാത്രം. 

ഉണ്ണിത്താൻ പതിവ് പോലെ അങ്ങനെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. മഞ്ചേശ്വരം യുഡിഎഫ് നിലനിർത്തി. മറ്റ് മണ്ഡലങ്ങളിൽ എന്തുപറ്റി? കൃത്യമായ പരിശോധന വേണം. പാർട്ടിയ്ക്ക് മീതെ ആരും പറക്കരുത്. അത് എത്ര വലിയ നേതാക്കളായാലും - ഉണ്ണിത്താൻ അടൂർ പ്രകാശ് അടക്കമുള്ള നേതാക്കൾക്കെതിരെ ഒളിയമ്പെയ്യുന്നു. 

ഇതേ തരത്തിലുള്ള പ്രതികരണമാണ് തരൂരടക്കമുള്ള നേതാക്കളും ഉന്നയിക്കുന്നത്. വട്ടിയൂർക്കാവിൽ എങ്ങനെ തോറ്റെന്ന് പരിശോധിക്കണം. ഞെട്ടിക്കുന്ന തോൽവിയാണിത്. സ്ഥാനാർത്ഥി നിർണയത്തിലടക്കം യുഡിഎഫ് എന്നും പിന്നിലാണ്. തന്‍റെ സ്ഥാനാർത്ഥിത്വത്തിലടക്കം ഇത്തരം വൈകലുണ്ടായിട്ടുണ്ട്. ഇതിനി തുടരരുതെന്ന് തരൂർ. 

വട്ടിയൂർക്കാവും കോന്നിയിലെയും പരാജയം പരിശോധിക്കുമെന്ന് എറണാകുളത്ത് നിന്ന് സീറ്റ് നിഷേധിക്കപ്പെട്ട കെ വി തോമസും പറയുന്നു. എറണാകുളം കോൺഗ്രസ് കോട്ടയെന്ന് വീണ്ടും തെളിയിച്ചു. അരൂരിൽ ഇടതുകോട്ടയിലാണ് മുന്നേറ്റം നടത്തിയത്. എറണാകുളത്ത് മഴ തിരിച്ചടിയായിട്ടുണ്ടെന്നും കെ വി തോമസ് പറയുന്നു. 

2016-ൽ നിന്ന് 2019-ലേക്ക് എത്തുമ്പോൾ, ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ മാറ്റം

 

 

മുന്നറിയിപ്പുമായി ലീഗ്, ഇത് പറ്റില്ലെന്ന് കുഞ്ഞാലിക്കുട്ടി

മഞ്ചേശ്വരത്ത് പാർട്ടിക്ക് സന്തോഷമുള്ള വിജയമുണ്ടായതിൽ സന്തോഷമുണ്ടെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി കേരളം ബിജെപി ക്ക് കൊടുക്കാതെ കാത്തു സൂക്ഷിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പറയുന്നു. പക്ഷേ അത് പോരാ. ഇതിനൊക്കെ ഒടുവിൽ യുഡിഎഫിനിട്ട് ഒരു കൊട്ട് കൊടുക്കുകയാണ് ലീഗ്. 

പല മണ്ഡലത്തിലും അനൈക്യമുണ്ടായെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിക്കുന്നു. എറണാകുളത്ത് പോളിംഗ് കുറഞ്ഞിട്ടും വിജയിക്കാനായി. മറ്റ് മണ്ഡലങ്ങളിൽ അനൈക്യമുണ്ടായി. അനൈക്യം വിഭാഗീയതയുണ്ടാക്കി. ജനങ്ങൾ അത് ഇഷ്ടപ്പെടുന്നില്ല.

തോൽവി എൻഎസ്എസ്സിന്‍റെ തലയിൽ വെക്കുന്നത് ശരിയല്ല. അവർ അവരുടെ അഭിപ്രായമാണ് പറഞ്ഞത്. പക്ഷേ യുഡിഎഫ് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ശ്രദ്ധിച്ചില്ല. തോൽവിയായാലും ജയമായാലും പാർട്ടികൾ ഏറ്റെടുക്കണമെന്ന് പറയുന്നു കുഞ്ഞാലിക്കുട്ടി.

തോൽവി യുഡിഎഫ് ചർച്ച ചെയ്യണം, ചെയ്യും എന്ന് കുഞ്ഞാലിക്കുട്ടി പറയുമ്പോൾ വരാനിരിക്കുന്ന ദിവസങ്ങളിൽ യുഡിഎഫ് രാഷ്ട്രീയം ഏറെ ചർച്ച ചെയ്യുന്ന വിഷയം കൂടിയാകും ഇതെന്ന് ഉറപ്പ്.