തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ പരാജയം പാര്‍ട്ടി പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍ കുമാര്‍. എന്‍എസ്എസിന്‍റെ പിന്തുണയെക്കുറിച്ച് എല്‍ഡിഎഫ് തെറ്റായ പ്രചാരണം നടത്തി. ഈ പ്രചാരണം പ്രതിരോധിക്കുന്നതില്‍ പാര്‍‍ട്ടി പരാജയപ്പെട്ടു. ഇതിനെ ന്യായീകരിക്കുന്നതിനും ആരും തയ്യാറായില്ല. 

പരാജയം പാര്‍ട്ടി വിലയിരുത്തണം. തുടര്‍നടപടി സ്വീകരിക്കണം. മുന്‍കാലത്ത് സിവി പത്മരാജന്‍റേയും വക്കം പുരുഷോത്തമന്‍റേയും നേതൃത്വത്തില്‍ സമിതികളെ വച്ച് തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പാര്‍ട്ടി പഠിച്ചിരുന്നു. എന്നാല്‍ ആ സമിതികളുടെ റിപ്പോര്‍ട്ടിലെന്നും തുടര്‍നടപടിയുണ്ടായില്ല. അതിനി ആവര്‍ത്തിക്കാന്‍ പാടില്ല

എന്‍എസ്എസിന്‍റെ  പരസ്യപിന്തുണ വിപരീതഫലം ചെയ്തോ എന്ന് കൃത്യമായി പറയാനറിയില്ല. എന്നാല്‍ എന്‍എസ്എസ് പിന്തുണ സാമുദായിക ധ്രുവീകരണത്തിനായി ഒരു വിഭാഗം ഉപയോഗിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാനോ ന്യായീകരിക്കാനോ നേതൃത്വത്തിനായില്ലെന്ന് മോഹന്‍ കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ നേതാക്കന്‍മാരെക്കുറിച്ച് പരാതിയില്ല. വോട്ടെടുപ്പിന്റെ അവസാന മൂന്ന് ദിവസങ്ങളിൽ ഇടത് മുന്നണി വേദനാജനകമായ പ്രചാരണം നടത്തിയെന്നും മോഹന്‍ കുമാര്‍ വ്യക്തമാക്കി.