തിരുവനന്തപുരം: എന്‍എസ്എസിന്‍റെ ശരിദൂരം നിലപാട് യു‍ഡിഎഫിന് അനുകൂലമെന്ന് കെ മുരളീധരന്‍ എംപി. കോന്നിയിൽ മാത്രമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് തന്നെ വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ വോട്ടു കച്ചവടം നടക്കുന്നുണ്ട്. വട്ടിയൂർകാവിലും കോന്നിയിലും ഇടത്-ബിജെപി ധാരണയുണ്ട്.

വിശ്വാസികളെ വഞ്ചിക്കാനാണ് കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമല പ്രശ്നം വീണ്ടും ഉയർത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളെ എൻഎസ്എസ് രൂക്ഷമായി വിമർശിച്ചിരുന്നു. രണ്ട് സർക്കാരുകളും വിശ്വാസികളെ വഞ്ചിച്ചെന്ന് വിജയദശമിദിന സന്ദേശത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ കുറ്റപ്പെടുത്തി.

സമദൂരത്തിനിടയിലും ഉപതെരഞ്ഞെടുപ്പിൽ ശരിദൂരം കണ്ടെത്തണമെന്ന ആഹ്വാനവും അദ്ദേഹം നല്‍കിയിരുന്നു. വിശ്വാസപ്രശ്നത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഉപതെരഞ്ഞടുപ്പ് കാലത്ത് എൻഎസ്എസ് ആവർത്തിക്കുന്നത്. ശബരിമല വിഷയത്തിൽ മാത്രമല്ല സംസ്ഥാന സർക്കാരിനുള്ള വിമർശനം.

മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണ പ്രശ്നവും മന്നത്ത് പത്മനാഭന്‍റെ ജന്മദിനം പൊതു അവധിയാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതുമൊക്കെ ഉന്നയിച്ചാണ് പിണറായി സര്‍ക്കാരിനെതിരായ സുകുമാരൻ നായരുടെ കുറ്റപ്പെടുത്തൽ. ശബരിമല പ്രശ്നം ഉയർത്തി വോട്ട് തേടുന്ന ബിജെപിയെയും വെട്ടിലാക്കുന്നതാണ് എൻഎസ്എസ് നിലപാട്. ഫലത്തിൽ ശരിദൂരപ്രഖ്യാപനം തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ്. ഇതാണ് ഇപ്പോള്‍ മുരളീധരന്‍ ഉറപ്പിച്ച് പറയുന്നതും.