തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിളക്കമാർന്ന വിജയമാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എങ്കിലും അരൂരിൽ തോറ്റത് ഇതിന് മങ്ങലേൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടിയ മണ്ഡലങ്ങളാണ് ഇവയെന്ന് കോടിയേരി പറഞ്ഞു. പാലായിലും യുഡിഎഫിനായിരുന്നു മേൽക്കൈ. അങ്ങനെ യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്ന ആറ് മണ്ഡലങ്ങളിൽ മൂന്നിലും എൽഡിഎഫ് മികച്ച വിജയമാണ് നേടിയിരിക്കുന്നത്. അരൂരിലെ തോൽവി പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ വലിയ മുന്നേറ്റമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. "ഈ ജനവിധി സർകാരിനുള്ള അംഗീകാരമാണ്. പ്രതിപക്ഷത്തിന്റെ നശീകരണ സമീപനത്തിനുള്ള മറുപടിയാണ്. അതോടൊപ്പം മത നിരപേക്ഷതയുടെ അടിത്തറ കേരളത്തിൽ ശക്തമാണെന്ന് തെളിയിക്കുന്ന വിധിയാണ് ഇത്. ആർഎസ്എസിന്റെ എല്ലാ പ്രതീക്ഷയും തകർന്നു," കോടിയേരി പറഞ്ഞു.

"അരൂരിൽ ബിജെപി വോട്ടുകൾ ഗണ്യമായി കുറഞ്ഞു. എല്ലായിടത്തും ബിജെപിക്ക് വോട്ട് കുറഞ്ഞു. ജാതിമത ശക്തികൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിന് എതിരായ ജനങ്ങളുടെ പ്രതികരണം കൂടിയാണ് ഈ ജനവിധി. സംസ്ഥാന സർക്കാരിനും സിപിഎമ്മിനും എൽഡിഎഫിനും കൂടുതൽ കരുത്തു പകരുന്ന വിധിയാണിത്."

"എൻഎസ്എസ് നേതൃത്വം സമുദായിക ധ്രൂവീകരണത്തിന് ശ്രമിച്ചിരുന്നു. അത് ജനം തള്ളികളഞ്ഞു. സിപിഎമ്മിന് ഒരു സാമുദായിക സംഘടനയോടും  ശത്രുത ഇല്ല. സാമുദായിക സംഘടനകൾ കൂടെ ഉണ്ടെങ്കിൽ എന്തും നടക്കുമെന്ന ചില രാഷ്ട്രീയപാർട്ടികളുടെ ചിന്തയും നടന്നില്ല
എൻഎസ്എസ്, അവർ സ്വീകരിച്ച നിലപാട് പുന:പരിശോധിക്കണം. എൻഎസ്എസ് സഹകരണപരമായ നിലപാട് സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു."

"മഞ്ചേശ്വരത്ത് മതനിരപേക്ഷ ശക്തികൾക്ക് ജയിക്കാനുള്ള കരുത്ത് ഇപ്പോഴില്ല" എന്ന് കോടിയേരി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. "സർക്കാരിന്റെ വിലയിരുത്തൽ തന്നെയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്." വട്ടിയൂർക്കാവിലും കോന്നിയിലും പ്രതീക്ഷച്ചതിൽ കൂടുതൽ വോട്ട് കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"എറണാകുളത്തു അപരൻ നേടിയ വോട്ടുകൾ സംബന്ധിച്ചും പരിശോധിക്കും. ചിഹ്നം വോട്ടർമാരെ പഠിപ്പിക്കുന്നതിൽ  വീഴ്ച്ച ഉണ്ടോയെന്ന് പരിശോധിക്കും" എന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.