കൊച്ചി: എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്‍റെ പേരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷൻ ഭരണം പരാജയപ്പെട്ടതാണ് കാരണമെന്നും മേയറെ മാറ്റണമെന്നും ഹൈബി ഈഡൻ എംപി തുറന്നടിച്ചു. പാര്‍ട്ടി പറഞ്ഞാല്‍ രാജിവെയ്ക്കുമെന്ന് മേയര്‍ സൗമിനി ജെയ്ൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എ ഗ്രൂപ്പുകാരിയായ മേയര്‍ സൗമിനി ജയ്നിനെ പുറത്താക്കാനുള്ള ചരടുവലി കോണ്‍ഗ്രസില്‍ തുടങ്ങി. ഹൈബി ഈഡന്‍റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും ഒപ്പം എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് പിന്നില്‍. യുഡിഎഫ് കോട്ടയെന്ന് കരുതിയിരുന്ന എറണാകുളത്ത് 10000ത്തിന് മുകളില്‍ ഭൂരിപക്ഷമായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോര്‍പ്പറേഷൻ പരിധിയിലെ റോ‍ഡുകളുടെ ശോചനീയാവസ്ഥ, രൂക്ഷമായ ഗതാഗതക്കുരുക്ക്, വോട്ടെടുപ്പ് ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടെല്ലാം യുഡിഎഫിന് തിരിച്ചടിയായി.

 മേയര്‍ സൗമിനി ജയ്നിന്‍റെ കഴിവ് കേടാണ് ഇതിന് പിന്നിലെന്നാണ് പ്രധാന ആക്ഷേപം. ഭൂരിപക്ഷം 3750 ലേക്ക് താണതും ഇതുകൊണ്ടെന്ന് വിമര്‍ശനം. ടി.ജെ. വിനോദ് എം.എല്‍.എ. ആയതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തണം. ഇതേസമയം മേയര്‍ സ്ഥാനത്ത് ഉള്‍പ്പെടെ സന്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്നാണ് ആവശ്യം. സൗമിനി ജയ്നിനെ മാറ്റിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷൻ ഭരണം കിട്ടില്ലെന്നാണ് ജില്ലാ നേതാക്കളുടെ വിലയിരുത്തല്‍.