പോളിംഗ് സമയം അവസാനിച്ചു; ക്യൂവിൽ നിൽക്കുന്നവർക്ക് മാത്രം വോട്ട് ചെയ്യാം

kerala by election 2019 polling live updates

6:32 PM IST

പോളിംഗ് സമയം അവസാനിച്ചു

ബൂത്തുകളിൽ ക്യൂവിൽ നിൽക്കുന്നവർക്ക് മാത്രം വോട്ട് ചെയ്യാം . 6 മണിക്കുള്ളിൽ ക്യൂവിൽ എത്തിയവർക്ക് മാത്രമാണ് ഇനി വോട്ട് ചെയ്യാനാവുക.

5:45 PM IST

കര്‍ണടകയില്‍ നിന്ന് വോട്ടര്‍മാരുമായി മഞ്ചേശ്വരത്തേക്ക് എത്തിയ ബസുകള്‍ പൊലീസ് പിടികൂടി

മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ടെടുപ്പിനായി കർണാടകയിൽനിന്നും വോട്ടർമാരുമായി  എത്തിയ കർണാടക രജിസ്ട്രേഷനിലുള്ള രണ്ടു വാഹനങ്ങൾ   ഉപ്പളയിൽ ഫ്ലയിംഗ് സ്ക്വാഡ്  നിർദ്ദേശപ്രകാരം മഞ്ചേശ്വരം പോലീസ് പിടികൂടി. നൂറോളം വോട്ടർമാരുമായി ആണ് രണ്ടു ബസ്സ് ഉപ്പളയിൽ എത്തിയത്.

5:43 PM IST

വട്ടിയൂർക്കാവിൽ പോളിങ് ശതമാനം 60.47 ആയി

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകിട്ട് അഞ്ചു വരെയുള്ള കണക്ക് പ്രകാരം 60.47 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി.  മണ്ഡലത്തിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 1,19,481 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഇതിൽ 59160 പേർ പുരുഷന്മാരും 60,320 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. വൈകിട്ട് ആറു മണിക്കാണ് വോട്ടെടുപ്പ് പൂർത്തിയാകുന്നത്.

5:33 PM IST

'പോളിങ് ശതമാനം കുറയുന്നത് യുഡിഎഫ് വിജയത്തെ ബാധിക്കില്ല'

പോളിംഗ് ശതമാനം കുറയുന്നത് എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാര‍്ത്ഥി ടിജെ വിനോദ്. വിജയത്തെക്കുറിച്ച് ആശങ്കയില്ല. പോളിംഗ് കുറയുന്നത് മൂന്ന് മുന്നണികൾക്കും ഒരുപോലെ ബാധകമെന്നും വിനോദ്.

4:49 PM IST

'ആറു മണിവരെ ക്യൂവിൽ ഉള്ളവർക്ക് വോട്ട് ചെയ്യാം'

അഞ്ച് മണ്ഡലങ്ങളിലും വൈകിട്ട് ആറുമണി വരെ ക്യൂവിലുള്ള വോട്ടർമാർക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാൻ അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രിസൈഡിംഗ് ഓഫീസർമാർക്കുള്ള മാന്വലിൽ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.  വോട്ടിങ് സമയം അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.

4:35 PM IST

മഞ്ചേശ്വരത്ത് 69 മുതൽ 73 വരെ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം

മഞ്ചേശ്വരം മണ്ഡലത്തിലെ 69 മുതൽ 73 വരെ ബൂത്തുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേകം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിയോഗിച്ചു. ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബുവിൻറെ നിർദേശപ്രകാരമാണ് കാസർഗോഡ് ആർഡിഒ കെ രവികുമാറിനെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയി നിയോഗിച്ചത്.

4:31 PM IST

'പോളിങ് കുറഞ്ഞാലും യുഡിഎഫ് വിജയം ഉറപ്പ്'

എറണാകുളത്ത് പോളിംഗ് ശതമാനം കുറഞ്ഞാലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പെന്ന് വിഡി സതീശൻ എംഎൽഎ. വിജയത്തിൽ ആശങ്കയില്ല. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം വോട്ടർമാർക്ക് പ്രവേശിക്കാൻ കഴിയാത്ത ബൂത്തുകളിൽ റീ പോളിംഗ് വേണമെന്നും പോളിംഗ് സമയം രണ്ട് മണിക്കൂർ കൂടി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിഡി സതീശന്‍.

4:02 PM IST

കാലാവസ്ഥ ഇടതിന് അനുകൂലമെന്ന് മനു റോയ്

കാലാവസ്ഥ ഇടതിന് അനുകൂലമെന്ന് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി  മനു റോയ്. എറണാകുളത്തെ പ്രതികൂല കാലവസ്ഥ വിജയത്തെ ബാധിക്കില്ല. ഇടതു മുന്നണിയുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്താനായിട്ടുണ്ട്. എറണാകുളത്ത് അട്ടിമറി വിജയം ഉണ്ടാകുമെന്നും മനു റോയ്. 

4:00 PM IST

എറണാകുളത്ത് പോളിംഗ് സമയം എട്ട് മണി വരെയാക്കണമെന്ന് യുഡിഎഫ്

എറണാകുളത്ത് പോളിംഗ് സമയം എട്ട് മണി വരെയാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്ക് വി ഡി  സതീശൻ എംഎല്‍എ ആ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ റീപോളിംഗ് നടത്തണമെന്നും യുഡിഎഫ് ആവശ്യം

3:59 PM IST

കള്ളവോട്ട് ആരോപണം തെറ്റിദ്ധാരണ മൂലമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

മഞ്ചേശ്വരത്ത് നബീസക്കെതിരെ കള്ളവോട്ട് ആരോപണം ഉയർന്നത് തെറ്റിദ്ധാരണ മൂലമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്.  ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്ന നബീസയുടെ പേര് ഇത്തവണ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഇത് അറിയാതെ മറ്റൊരു നബീസയുടെ സ്ലിപ് തെറ്റിദ്ധരിച്ചു ഇവർക്ക് നൽകിയതാണ് പ്രശ്നമെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് മജീദ് പറയുന്നത്. 
 

3:56 PM IST

വെള്ളക്കെട്ടിനെയും അവഗണിച്ച് അവകാശം വിനിയോഗിച്ച് എറണാകുളത്തെ വോട്ടര്‍മാര്‍

മഴക്ക് ശമനം ആയതോടെ വെള്ളക്കെട്ടിനെ അവഗണിച്ച് അയ്യപ്പൻ കാവ് ശ്രീ നാരായണ ഹയർസെക്കൻഡറി സ്കൂളിലെ ക്യൂ .....

3:42 PM IST

മഴ കുറഞ്ഞതോടെ പോളിംഗ് ശതമാനം കൂടുന്നു

രാവിലെ മുതല്‍ പെയ്ത കനത്ത മഴ ശമിച്ചതോടെ ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉയരുന്നു. കോന്നിയിലും അരൂരിലുമാണ് കനത്ത പോളിംഗ് രേഖപ്പെടുത്തുന്നത്. 

3:25 PM IST

അഞ്ച് മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം

വട്ടിയൂര്‍കാവ്- 45.31
കോന്നി- 56.76
അരൂര്‍ - 60.41
എറണാകുളം - 36.31
മഞ്ചേശ്വരം - 49.43

3:18 PM IST

മഴ മേഘങ്ങള്‍ മാറി, അരൂരില്‍ കനത്ത പോളിംഗ്

മഴ മേഘങ്ങള്‍ ഒഴിഞ്ഞതോടെ അരൂരില്‍ പോളിംഗ് കേന്ദ്രത്തിലേക്ക് വോട്ടര്‍മാരുടെ ഒഴുക്ക്. മൂന്ന് മണി പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 60 പിന്നിട്ടു.

2:53 PM IST

അരൂരില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ സജീവം

കനത്തുപെയ്യുന്ന മഴ തിരിച്ചടിയാകുമെന്ന് ഭയപ്പെട്ടിരുന്നങ്കിലും മഴ കുറഞ്ഞതോടെ അരൂരില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ സജീവം. മഴയുടെ ശക്തി കുറഞ്ഞതോടെ അരൂരിലെ 183 ബൂത്തുകളില്‍ മിക്ക സ്ഥലങ്ങളിലും നീണ്ട നിരതന്നെയുണ്ട്. അദ്യഘട്ടത്തില്‍ പോളിംഗ് മന്ദഗതിയിലായിരുന്നെങ്കിലും നിലവില്‍ 51.45 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്

2:50 PM IST

മഞ്ചേശ്വരത്തെ കള്ളവോട്ടല്ലെന്ന് കോണ്‍ഗ്രസ്

മഞ്ചേശ്വരത്ത് 42 ആം ബൂത്തില്‍ നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്ന് കോണ്‍ഗ്രസ്. നബീസയുടെ അറസ്റ്റ് അനാവശ്യമാണ്. ഒരു വീട്ടില്‍ രണ്ട് നബീസമാര്‍ ഉള്ളതിനാല്‍ സ്ലിപ്പ് മാറിയതാണെന്നും രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എംപി

2:46 PM IST

മഞ്ചേശ്വരത്ത് വിവി പാറ്റ് മെഷീൻ തകരാറ്

മഞ്ചേശ്വരം 79 ബൂത്തിൽ വിവി പാറ്റ് മെഷീൻ കേട് വന്നു. വോട്ടെടുപ്പ് തടസ്സപ്പെട്ടു

2:45 PM IST

കോന്നിയില്‍ മഴ മാറിയതോടെ വോട്ടര്‍മാരുടെ തിരക്കേറി

കോന്നി നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ചിറ്റാർ എസ്റ്റേറ്റ് സ്കൂളിൽ തിരക്കേറി. മഴ മാറിയതോടെയാണ് തിരക്ക് വർദ്ധിച്ചത്

1:45 PM IST

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി കസ്റ്റഡിയില്‍

മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു. നബീസ എന്ന യുവതിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്.  പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി.  42 ആം ബൂത്തിലാണ് സംഭവം. നബീസയ്ക്ക് ഈ ബൂത്തിൽ നിലവിൽ വോട്ടില്ല. നേരത്തെ വോട്ടറായിരുന്നു, ഇപ്പോൾ ഇതേ പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യാനാണ് എത്തിയതെന്ന് പൊലീസ്. 

1:34 PM IST

മഞ്ചേശ്വരത്ത് വോട്ടര്‍മാരുടെ നീണ്ട നിര

ഉച്ചസമയത്തും ബൂത്തുകൾക്ക് പുറത്ത് വോട്ടർമാരുടെ നീണ്ട നിരയാണ് മഞ്ചേശ്വരത്ത്. സ്ത്രീ വോട്ടര്‍മാരടക്കം കൂട്ടമായി എത്തുന്ന കാഴ്ചയാണ്. ഇത്തവണ മഞ്ചേശ്വരത്ത് റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയാലും അത്ഭുതപെടാനില്ല.

1:15 PM IST

ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം ഇങ്ങനെ

വട്ടിയൂര്‍കാവ്- 32.49
കോന്നി- 40.02
അരൂര്‍ - 41.80
എറണാകുളം - 20.72
മഞ്ചേശ്വരം - 34.37

1:13 PM IST

കനത്ത മഴ പോളിംഗിനെ ബാധിക്കുമെന്ന് ഡോമനിക് പ്രസന്‍റേഷന്‍

കനത്ത മഴ പോളിംഗിനെ ബാധിക്കുന്നുണ്ട്. ആളുകളെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഡോമനിക് പ്രസന്‍റേഷന്‍.

1:11 PM IST

കൊച്ചി കോര്‍പ്പറേഷന്‍റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

വോട്ടര്‍മാര്‍ക്ക് വിഷമമുണ്ട്. വോട്ട് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍. കോര്‍പ്പറേഷന്‍റെ അനാസ്ഥയും ചൂണ്ടിക്കാണിച്ച് സ്ഥാനാര്‍ത്ഥി

12:54 PM IST

റിപ്പോര്‍ട്ട് നല്‍കുമെന്ന് എറണാകുളം കളക്ടര്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴയും തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും മൂലം അയ്യപ്പന്‍കാവ് സ്കൂളിലെ അഞ്ച് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചതില്‍ ഇപ്പോള്‍ അഞ്ച് ശതമാനമാണ് പോളിംഗ് നടന്നതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. പോളിംഗ് ശതമാനം പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.  

12:26 PM IST

യു ഡി എഫ് ക്യാമ്പ് തികഞ്ഞ ആഹ്ളാദത്തിലെന്ന് കുഞ്ഞാലിക്കുട്ടി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ കാലാവസ്ഥ ബുദ്ധിമുട്ടുകൾ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷൻ തീരുമാനമെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആഹ്ളാദത്തിലാണ്. പ്രതികൂല കാലാവസ്ഥയിലും പ്രവർത്തകർ പുറത്തിറങ്ങി പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാൻ നന്നായി ശ്രമിക്കുന്നു, മഞ്ചേശ്വരത്ത് ഇതുവരെയുള്ള പോളിംഗ് ആഹ്ളാദമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി. 

12:21 PM IST

അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം ഇങ്ങനെ

വട്ടിയൂര്‍കാവ്- 24.69
കോന്നി- 30.31
അരൂര്‍ - 35.65
എറണാകുളം - 16.30
മഞ്ചേശ്വരം - 34.37

12:15 PM IST

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എറണാകുളത്തെ പ്രതികൂല സാഹചര്യം പരിഗണിച്ച് അവിടെയുള്ള അവസാന വോട്ടര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകണം. പ്രബുദ്ധരായ വോട്ടര്‍മാര്‍ യുഡിഎഫിന് മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും കെപിസിസി അധ്യക്ഷന്‍.

12:09 PM IST

യന്ത്രതകരാര്‍: കോന്നി 23 നമ്പർ പോളിംഗ് ബൂത്തിൽ വോട്ടിംഗ് നിര്‍ത്തി

യന്ത്രതകരാറിനെ തുടർന്ന് കോന്നി 23 നമ്പർ പോളിംഗ് ബൂത്തിൽ വോട്ടിംഗ് നിർത്തിവെച്ചു. 1200 ലധികം സമ്മതിദായകരുള്ള പോളിംഗ് ബൂത്തുകളിൽ ഓരോ ഓഫീസർമാരെ  കൂടി നൽകാൻ ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ പി ബി നൂഹ് നിർദ്ദേശിച്ചു. അവരെ ഉച്ചയോടെ അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും.

11:58 AM IST

കനത്ത മഴയ്ക്ക് ശമനം; വോട്ടെടുപ്പ് മുന്നോട്ട്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലും രാവിലെ മുതല്‍ പെയ്ത കനത്ത മഴയ്ക്ക് ശമനം. മഴ മാറി നിന്നതോടെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങി.

11:30 AM IST

വോട്ടെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ടിക്കാറാം മീണ

സംസ്ഥാനത്ത് കനത്ത മഴയെതുടർന്ന് വോട്ടെടുപ്പ് മാറ്റി വയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സുഗമമായി പോളിംഗ് തുടരാൻ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു

11:25 AM IST

ആര് പ്രചാരവേല നടത്തിയാലും എൽഡിഎഫ് വിജയിക്കുമെന്ന് എസ്ആര്‍പി

ആര് പ്രചാരവേല നടത്തിയാലും എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് എസ് രാമചന്ദ്രൻ പിള്ള
എൻഎസ്എസ് പ്രചാരണം ജനം വിലയിരുത്തട്ടെയെന്നും എസ്ആര്‍പി

11:20 AM IST

കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം അനുകൂലമാകുമെന്ന് ഷാനുമോള്‍ ഉസ്മാന്‍

മഴയെ അവഗണിച്ച് അരൂരിലെ വോട്ടര്‍മാര്‍ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതുവരെയുളള  സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ അങ്ങനെയാണ്  മനസിലാക്കാന്‍ സാധിക്കുന്നത്'. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഫലം പൂര്‍ണമായും അനുകൂലമാകുമെന്ന പ്രതീക്ഷിക്കുന്നതായി ഷാനുമോള്‍ ഉസ്മാന്‍

11:15 AM IST

നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം ഇങ്ങനെ

വട്ടിയൂര്‍കാവ്- 17.42
കോന്നി- 25.43
അരൂര്‍ - 26.44
എറണാകുളം - 11.58
മഞ്ചേശ്വരം - 20.07

11:11 AM IST

കോന്നിയില്‍ മഴ കുറഞ്ഞു; പോളിംഗ് ശതമാനം ഉയര്‍ന്നു

കോന്നിയിൽ മഴയുടെ ശക്തി കുറഞ്ഞു. കൂടുതൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് എത്തി തുടങ്ങി. പോളിംഗ് ശതമാനവും ഉയർന്നിട്ടുണ്ട്.

10:53 AM IST

ഇപ്പോൾ ബിജെ പി മൂന്നാം ശക്തിയല്ലെന്ന് ശ്രീധരന്‍ പിള്ള

ഇപ്പോൾ ബിജെ പി മൂന്നാം ശക്തിയല്ല, പ്രബല ശക്തിയാണെന്ന് പി എസ് ശ്രീധരന്‍ പിള്ള. തെരഞ്ഞെടുപ്പിൽ വലിയ മാറ്റം ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍

10:21 AM IST

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ തീരുമാനിച്ചാൽ അതുമായി യുഡിഎഫ് സഹകരിക്കും

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കമ്മീഷന്‍ തീരുമാനിച്ചാൽ അതുമായി യുഡിഎഫ് സഹകരിക്കുമെന്നും വി ഡി സതീശന്‍.

10:20 AM IST

പോളിംഗ് തുടരാന്‍ ശ്രമിക്കുകയാണെന്ന് ടിക്കാറാം മീണ

കനത്ത മഴ തുടരുന്നതിനിടെ പോളിംഗ് തുടരാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

10:14 AM IST

കനത്ത പോളിംഗ് മഞ്ചേശ്വരത്ത് തുടരുന്നു

മഞ്ചേശ്വരത്ത് കനത്ത പോളിംഗ് തുടരുകയാണ്. പ്രചാരണ രംഗത്ത് മുന്നണികൾ കാണിച്ച ആവേശം വോട്ടെടുപ്പ് ദിനത്തിലും തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതും അനുഗ്രഹമായി. 

10:05 AM IST

എറണാകുളത്തെ പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴ തുടരുന്നതിനാല്‍ പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി

10:01 AM IST

മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം ഇങ്ങനെ

വട്ടിയൂര്‍കാവ്-10.38
കോന്നി- 11.53
അരൂര്‍ - 12.43
എറണാകുളം - 4.93
മഞ്ചേശ്വരം - 12.18

9:58 AM IST

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍

70 ശതമാനം ബൂത്തുകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളുകള്‍ക്ക് വന്ന് വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളില്ല. ഗുരുതരമായ സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍

9:35 AM IST

അരൂരിന്റെ തീരദേശ മേഖലകളിലും മഴ

അരൂരിന്റെ തീരദേശ മേഖലകളിലും മഴ ശക്തമായതിനെ തുടർന്ന് വോട്ടർമാർ ബുദ്ധിമുട്ടിൽ 

9:31 AM IST

കോന്നിയിലും കനത്ത മഴ; പോളിംഗ് മന്ദഗതിയില്‍

കോന്നിയിലും കനത്ത മഴ തുടരുന്നത് വോട്ടർമാരെ ബുദ്ധിമുട്ടിലാക്കി. മഴയെ തുടർന്ന് പോളിംഗ്  മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

9:23 AM IST

പോളിംഗ് ശതമാനം കുറയുന്നത് എല്ലാ പാര്‍ട്ടികള്‍ക്കും തിരിച്ചടിയെന്ന് യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥി

കനത്ത മഴ മൂലം പോളിംഗ് ശതമാനം കുറയുന്നത് എല്ലാ പാര്‍ട്ടികള്‍ക്കും തിരിച്ചടിയാണെന്ന് വട്ടിയൂര്‍ക്കാവിലെ യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍

9:15 AM IST

മികച്ച പോളിംഗുമായി മഞ്ചേശ്വരം

മഴ മാറി നില്‍ക്കുന്നതിനാല്‍ ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് സുഗമമായി പുരോഗമിക്കുന്നു. മികച്ച പോളിംഗ് ആണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തുന്നത്. 

9:09 AM IST

അരൂരിലും പോളിംഗ് തടസപ്പെട്ടു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും പുലർച്ചെ മുതൽ കനത്ത മഴ തുടരുന്നതിനിടെ പല ബൂത്തുകളിലും പോളിംഗ് തടസപ്പെട്ടു.

9:08 AM IST

അരൂരിലും പുലർച്ചെ മുതൽ കനത്ത മഴ


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലും പുലർച്ചെ മുതൽ കനത്ത മഴ. അരൂരിൽ  മിക്കയിടങ്ങളിലും വോട്ടർമാരെയും പാർട്ടി പ്രവർത്തകരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു. 

9:05 AM IST

കനത്ത മഴ: സ്‌ഥിതി നിരീക്ഷിച്ചു വരികയാണെന്ന് എറണാകുളം കളക്ടർ

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് എറണാകുളം കളക്ടർ എസ് സുഹാസ്. പോളിംഗ് നടത്താൻ സാധ്യമായതെല്ലാം ചെയ്യുകയാണ്. കമ്മീഷനെ കാര്യങ്ങൾ അറിയിക്കുന്നുണ്ടെന്നും കളക്ടര്‍
 

8:58 AM IST

എറണാകുളത്ത് മഴ ബുദ്ധിമുട്ടുണ്ടാകുമെന്ന് പി സി ചാക്കോ

എറണാകുളത്ത് ശക്തമായ മഴ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. എറണാകുളത്ത് യുഡിഎഫിന് ശുഭപ്രതീക്ഷയെന്നും പി സി ചാക്കോ

8:56 AM IST

മഴ പോളിംഗ് ശതമാനം കുറയ്ക്കില്ലെന്ന് കെ സുരേന്ദ്രൻ

മഴ കാരണം പോളിംഗ് ശതമാനം കുറയുമെന്ന് കരുതുന്നില്ലെന്ന് കോന്നി എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ. വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള തെരഞ്ഞെടുപ്പായിരിക്കുമിതെന്നും  സുരേന്ദ്രൻ

8:53 AM IST

കോന്നിയിലെ വൈദ്യുതി പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകി

കോന്നിയില്‍ പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി ഇല്ലാത്ത പ്രശ്നം പരിഹരിക്കാൻ നിർദേശം നൽകി. 5 ഇടങ്ങളിലുണ്ടായ യന്ത്രതകരാർ പരിഹരിച്ചെന്നും ജില്ലാ കലക്ടർ പി.ബി.നൂഹ്.

8:48 AM IST

കോന്നിയിൽ താൻ ഇല്ലാത്തത് ചർച്ച ആക്കുന്നത് മാധ്യമങ്ങൾ മാത്രമെന്ന് അടൂര്‍ പ്രകാശ്

കോന്നിയിൽ താൻ ഇല്ലാത്തത് ചർച്ച ആക്കുന്നത് മാധ്യമങ്ങൾ മാത്രമെന്ന് അടൂര്‍ പ്രകാശ്. തന്‍റെ വോട്ട് അടൂർ ആണ്.  ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നത് വലിയ കുറ്റമല്ല. കോന്നിയിൽ നിന്ന് വിട്ടു നിൽക്കുന്നില്ല. കോന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.  താൻ കൊട്ടിക്കലാശത്തിനെത്തിയില്ല എന്നത് മണ്ഡലത്തിൽ ചർച്ചയായിട്ടില്ല, നിങ്ങൾ ചർച്ചയാക്കാതിരുന്നാൽ മതിയെന്ന് അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു

8:41 AM IST

എറണാകുളത്ത് പോളിംഗ് നിര്‍ത്തി വച്ചു

എറണാകുളത്ത് രണ്ട് സ്കൂളുകളിലായുള്ള ആറ് ബൂത്തുകളില്‍ കനത്ത മഴയും വെള്ളക്കെട്ടും കാരണം പോളിംഗ് നിര്‍ത്തിവച്ചു. സ്കൂളിന്‍റെ ആദ്യനില തന്നെ വെള്ളത്തില്‍ മുങ്ങി നിലയിലാണ്. 

8:38 AM IST

മഴയ്ക്ക് ആളുകളുടെ ആവേശത്തെ തണുപ്പിക്കാൻ കഴിയില്ല എന്ന് യുഡിഎഫ് സ്ഥാനാർത്ഥി

മഴയ്ക്ക് ആളുകളുടെ ആവേശത്തെ തണുപ്പിക്കാൻ കഴിയില്ലെന്ന് കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻരാജ്

8:33 AM IST

വോട്ടെടുപ്പ് മാറ്റിവയ്ക്കാന്‍ സാധ്യത?

മഴ കനത്താല്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കാനുള്ള സാധ്യത ആലോചിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. നിലവില്‍ അത്തരം സാഹചര്യമില്ല. സമയം നീട്ടി നല്‍കുന്നത് പരിഗണനയിലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.

8:32 AM IST

ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം

വട്ടിയൂര്‍കാവ്-3.96
കോന്നി- 5.37
അരൂര്‍ - 5.48
എറണാകുളം - 2.37
മഞ്ചേശ്വരം - 5.20

8:18 AM IST

യുഡിഎഫിന് ഉറച്ച വിജയപ്രതീക്ഷയെന്ന് കെ മുരളീധരന്‍

വട്ടിയൂര്‍കാവ് യുഡിഎഫ് നിലനിര്‍ത്തും എന്ന് കെ മുരളീധരന്‍ എംപി. വട്ടിയൂര്‍കാവില്‍ വോട്ട് രേഖപ്പെടുത്തി ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍

7:15 AM IST

ചിലയിടത്ത് വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ

അരൂരിലെ ഏഴാം നമ്പർ ബൂത്തിൽ വിവിപാറ്റ് മെഷീന് തകരാർ. പോളിങ്ങ് തുടങ്ങിയില്ല. ഇത് പിന്നീട് പരിഹരിച്ചു. പോളിങ്ങ് തുടങ്ങി.

7:10 AM IST

സംസ്ഥാനത്തെമ്പാടും കനത്ത മഴ, പോളിംഗിനെ ബാധിക്കാൻ സാധ്യത

എറണാകുളം, തിരുവനന്തപുരം, കോന്നി, അരൂർ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുന്നു. മഞ്ചേശ്വരത്ത് മഴ കുറവ്. പോളിംഗിനെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. 

7:05 AM IST

മഞ്ചേശ്വരത്ത് മഴയില്ല, രാവിലെത്തന്നെ നല്ല തിരക്ക്

മഞ്ചേശ്വരം, മംഗൽപാടി ഭാഗങ്ങളിൽ രാവിലെ തന്നെ നല്ല തിരക്ക്.

ചിത്രം: കെ അഭിലാഷ്, ക്യാമറാമാൻ, കാസർകോട്

7:00 AM IST

എറണാകുളത്ത് ചില ബൂത്തുകളിൽ കറന്‍റില്ല

എറണാകുളം മണ്ഡലത്തിലെ 122, 123 ബൂത്തുകളിൽ വോട്ടെടുപ്പ് വൈകും. കറന്‍റില്ല.

6:58 AM IST

പോളിംഗ് തുടങ്ങി, മഞ്ചേശ്വരത്തെ ആദ്യ വോട്ടർ ശങ്കർ റൈ

മഞ്ചേശ്വരത്ത് ആദ്യ സ്ഥാനാർത്ഥിയായി ശങ്കർ റൈ. പുത്തിഗെ പഞ്ചായത്തിൽ അംഗടിമുഗർ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ 165-ാം ബൂത്തിലാണ് റൈ വോട്ട് ചെയ്തത്.

 

6:55 AM IST

അരൂരിലും കനത്ത മഴ

അരൂരിലെ കനത്ത മഴ പോളിങ്ങിനെ ബാധിച്ചേക്കും. മോക്ക് പോൾ അവസാനിക്കാറായി.

6:53 AM IST

എറണാകുളത്ത് കനത്ത മഴ, തീരെ തിരക്കില്ല

പലയിടങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയാണ്. എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുന്നു. 

6:50 AM IST

മോക് പോളിംഗ് പൂർത്തിയാകുന്നു, പോളിംഗിലേക്ക്

എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളിൽ മോക് പോളിംഗ് പൂർത്തിയാകുന്നു.

6:45 AM IST

അഞ്ചിലങ്കം ആ‌ർക്കൊപ്പം? ഏഷ്യാനെറ്റ് ന്യൂസിൽ എല്ലാ വിവരങ്ങളും തത്സമയം

ലൈവ് ടിവി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

തത്സമയവിവരങ്ങളറിയാൻ ഏഷ്യാനെറ്റ് ന്യൂസ്, ഇവിടെ ക്ലിക്ക് ചെയ്യുക

12:00 AM IST

ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം

വട്ടിയൂര്‍കാവ്-3.96
കോന്നി- 5.37
അരൂര്‍ - 5.48
എറണാകുളം - 2.37
മഞ്ചേശ്വരം - 5.20

വട്ടിയൂര്‍ക്കാവ് മുതല്‍ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിന്‍റെ പ്രതീതി. പിഎസ്‍സി വിവാദം മുതല്‍ മാര്‍ക്ക് ദാനം വരെയും, കപടഹിന്ദു പ്രയോഗം മുതല്‍ എന്‍എസ്എസിന്‍റെ ശരിദൂരം വരെയുമുള്ള വിഷയങ്ങള്‍ നിറഞ്ഞ് നിന്ന ഒരു മാസത്തെ കാടിളക്കിയുള്ള പ്രചാരണം ആര്‍ക്ക് അനുകൂലമാകും?