എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന് കാരണം കോർപ്പറേഷന്റെ വീഴ്ചയെന്ന ആരോപണം ശരിയല്ലെന്ന് സൗമിനി ജെയിന്‍. പാർട്ടി പറഞ്ഞാൽ രാജി വെക്കാൻ തയ്യാറാണെന്നും കൊച്ചി മേയർ.

കൊച്ചി: യു‍എഫിന്റെ ഉറച്ച കോട്ടയായ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് സംഭവിച്ച പശ്ചാത്തലത്തില്‍ രാജി സന്നദ്ധത പ്രകടിപ്പിച്ച് കൊച്ചി മേയർ സൗമിനി ജെയിന്‍. എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന് കാരണം കോർപ്പറേഷന്റെ വീഴ്ചയെന്ന ആരോപണം ശരിയല്ലെന്ന് സൗമിനി ജെയിന്‍ പ്രതികരിച്ചു. ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. പാർട്ടി പറഞ്ഞാൽ രാജി വെക്കാൻ തയ്യാറാണെന്നും സൗമിനി ജയ്ൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിനത്തിൽ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഭരണത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കോര്‍പ്പറേഷന്‍ സ്വീകരിച്ച അശാസ്ത്രീയ നടപടികളാണ് കൊച്ചി ന​ഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു ആരോപണം. ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ ഇടപ്പള്ളി മുതൽ എംജി റോഡ് വരെയാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. വെള്ളക്കെട്ട് കാരണം പോളിംഗ് ശതമാനവും മന്ദഗതിയിലായിരുന്നു. ഒട്ടേറെ ബൂത്തുകളില്‍ വെള്ളം കയറി. പലര്‍ക്കും വെള്ളക്കെട്ട് കാരണം വോട്ട് ചെയ്യാന്‍ എത്താന്‍ സാധിച്ചില്ല.

എറണാകുളത്തെ പോളിംഗ് ശതമാനം അറുപത് ശതമാനം പോലും തൊട്ടിരുന്നില്ല. നിറം മങ്ങിയതാണെങ്കിൽ പോലും ഉറച്ച കോട്ടയെന്ന വിശേഷണമുള്ള മണ്ഡലമായ എറണാകുളം നിലനിർത്താൻ കഴിഞ്ഞത് യുഡിഎഫിന് ആശ്വാസം പകരുന്നു. പോളിംഗ് ദിവസത്തെ മഴയും വെള്ളക്കെട്ടും കോർപ്പറേഷനെതിരെയുള്ള ജനരോഷവും വിനോദിന്റെ ഭൂരിപക്ഷം 3673 വോട്ടുകളായി കുറച്ചു. 3673 വോട്ടിന്‍റെ ഭൂരിപക്ഷവുമായാണ് ടി ജെ വിനോദ് എറണാകുളം മണ്ഡലം നിലനിർത്തിയത്. 34141 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 13351 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 

Also Read: 'പൊന്നാപുരം കോട്ട' നിലനിര്‍ത്തി യുഡിഎഫ്; ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം