കോട്ടയം: അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ജാതിസംഘടനകള്‍ക്കെതിരായ വിധിയെഴുത്തെന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നതിനിടെ പ്രതികരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വട്ടിയൂര്‍കാവ്, കോന്നി മണ്ഡലങ്ങളില്‍ എന്‍എസ്എസ് യുഡിഎഫ് അനുകൂല നിലപാട് എടുത്തെന്ന ആരോപണത്തിനാണ് ടൈംസ് ഓഫ് ഇന്ത്യയോട് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്. എന്‍എസ്എസ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ വോട്ട് ചോദിച്ചിട്ടില്ലെന്ന് പറഞ്ഞ സുകുമാരന്‍ നായര്‍ ശരിദൂരം എന്ന നയം പിന്തുടരണമെന്ന് മാത്രമാണ് പറഞ്ഞതെന്ന് പറയുന്നു.

എന്‍എസ്എസ് എന്തെങ്കിലും തെറ്റ് ചെയ്തുവെന്ന് തോന്നുന്നില്ല, തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ടൈംസ് ഓഫ് ഇന്ത്യയോട് നടത്തിയ പ്രതികരണത്തില്‍ ജി സുകുമാരന്‍ നായര്‍ പറയുന്നു. മുന്‍പ് സ്വീകരിച്ച സമദൂരം എന്ന നയത്തിന് പകരം ശരിദൂരം എടുക്കണമെന്നാണ് എന്‍എസ്എസ് പരസ്യമായി ആവശ്യപ്പെട്ടത്. ശരിദൂരം എന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഏതെങ്കിലും പാര്‍ട്ടിക്കോ, വ്യക്തിക്കോ വേണ്ടി എന്‍എസ്എസ് നിലപാട് എടുത്തിട്ടില്ല. എന്‍എസ്എസില്‍ എല്ലാതരം രാഷ്ട്രീയ അനുഭാവം ഉള്ളവരും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ശരിദൂരം പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ കീഴിലുള്ള ചില എന്‍എസ്എസ് അംഗങ്ങള്‍ അവര്‍ക്ക് വിശ്വാസമുള്ള രാഷ്ട്രീയ പാര്‍ട്ടിക്കായി പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.

എന്നാല്‍ വട്ടിയൂര്‍കാവില്‍ ഇത്തരത്തില്‍ കോണ്‍ഗ്രസ് അനുഭാവമുള്ള കരയോഗം അംഗങ്ങള്‍ നടത്തിയ വീട് സന്ദര്‍ശനവും പ്രചാരണവുമാണ് വാര്‍ത്തകളില്‍ വന്നത്. ബാക്കി രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ പോലും ഇതില്‍ തെറ്റിദ്ധരിച്ച് എന്‍എസ്എസിനെതിരെ നിലപാട് എടുത്തു. ഇതിനെ എന്‍എസ്എസ് നിയമപരമായി നേരിടും. 

എന്‍എസ്എസ് ശരിദൂരം എന്ന നിലപാട് എടുക്കാന്‍ വിവിധ കാരണങ്ങളുണ്ട്. വിശ്വാസികളുടെ പ്രശ്നത്തില്‍ അവര്‍ക്കെതിരായ നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എടുക്കുന്നത്. ജനവിഭാഗങ്ങള്‍ക്കിടയില്‍ നവോത്ഥാനം എന്ന പേരില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമം ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. മുന്നോക്കം പിന്നോക്കം എന്ന് വിഭജിച്ച് വിവിധ ജാതികള്‍ക്കിടയില്‍ പ്രശ്നം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നു. മുന്നോക്ക സംവരണം അടക്കമുള്ള വിഷയങ്ങള്‍ പലപ്പോഴും ഞങ്ങള്‍ സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇത് എല്ലാ മേല്‍ജാതികളുടെ പ്രശ്നമായാണ് അവതരിപ്പിച്ചത്, നായര്‍ വിഭാഗത്തിന്‍റെ പ്രശ്നം മാത്രമായല്ല. എന്നാല്‍ ഇതില്‍ ഒരു പരിഗണനയും കിട്ടിയില്ല.

മുന്നോക്ക വിഭാഗത്തിലെ ജാതികള്‍ ഏത്, ഉപജാതികള്‍ ഏത് എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പോലും സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ല. എല്ലാം മുന്നോക്കകാര്‍ എന്ന നിലപാടാണ് സര്‍ക്കാറിന്. ഇത്തരം വിഷയങ്ങളിലാണ് എന്‍എസ്എസ് ശരിദൂരം സ്വീകരിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ പറയുന്നു.