പത്തനംതിട്ട: കോന്നിയിൽ കോൺഗ്രസ്സിന്‍റെ തിരിച്ചടിക്ക് ഇടയാക്കിയത് കാലുവാരലെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ വിലയിരുത്തൽ. അടൂർ പ്രകാശ് അനുകൂലികളുടെ നിസ്സഹകരണം കൂടിയായപ്പോൾ കോൺഗ്രസ്സിന് ജില്ലയിൽ ഉണ്ടായിരുന്ന ഒരേ ഒരു സീറ്റാണ് യുഡിഎഫിന് നഷ്ടമായത്. തോൽവി പാർട്ടി പരിശോധിക്കണമെന്ന് ആവശ്യവുമായി വലത് സ്ഥാനാർത്ഥി പി മോഹൻരാജ് രംഗത്തെത്തി.

23 വർഷം കോൺഗ്രസ് കോട്ടയായിരുന്ന , അടൂർ പ്രകാശിന് ഇരുപതിനായിരത്തിലേറെ ഭൂരിപക്ഷം ലഭിച്ച നിയമസഭാ മണ്ഡലത്തിൽ  കോൺഗ്രസ്സ് ഇക്കുറി അതി ദയനീയ പ്രകടനം ആണ് കാഴ്ച വെച്ചത്. ആദ്യ റൗണ്ട് ഒഴികെ ഒരിക്കൽ പോലും മുന്നിലെത്താൻ പി മോഹൻരാജിന് കഴിഞ്ഞില്ല.

ഭരിക്കുന്ന 6 പഞ്ചായത്തുകളിൽ നിന്നും പാർട്ടി പ്രതീക്ഷിച്ച വോട്ടു ലഭിച്ചില്ല. പ്രമാടം,കോന്നി ഉൾപ്പെടെ നിർണായക സ്വാധീനമുള്ള പഞ്ചായത്തുകളും തുണച്ചില്ല. പ്രമാടത്ത് നല്ലൊരു ശതമാനം വോട്ടുകളും പോൾ ചെയ്യപ്പെടാതിരുന്നതും വലത് പാളയത്തിന് തിരിച്ചടിയായി. 

പ്രവർത്തകരുടെ നിസ്സഹകരണത്തിനൊപ്പം കാലുവാരലും നടന്നുവെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തന്നത്. എന്നാൽ ഇതു സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് ഡിസിസി പ്രസിഡന്‍റ് തയ്യാറായില്ല. തോൽവിയെ കുറിച്ച് നേതൃത്വം പരിശോധിക്കണമെന്നായിരുന്നു മോഹൻരാജിന്‍റെ പ്രതികരണം.

ഐ ഗ്രൂപ്പിന്‍റെ സീറ്റ് എ ഗ്രൂപ്പിന് വെച്ചുമാറിയതടക്കം സ്ഥാനാർത്ഥിത്വം മുതൽ ഉടലെടുത്ത പ്രശ്നങ്ങൾ തന്നെയാണ് കോൺഗ്രസ്സിന്‍റെ പ്രതീക്ഷകൾ തല്ലികെടുത്തിയത്.

അടൂർ പ്രകാശിനെ അനുനയിപ്പിച്ചെന്ന് നേതൃത്വം ആവർത്തിച്ചപ്പോഴും അസംതൃപ്തി പലഘട്ടത്തിലും മറനീക്കി പുറത്ത് വന്നത് കോന്നിയിലെ കാഴ്ചയായിരുന്നു. കൊട്ടികലാശത്തിൽ നിന്നടക്കം അടൂർ പ്രകാശ് വിട്ടുനിന്നതും ഇതിന് തെളിവായി.

നേരത്തെ തന്നെ അടൂർ പ്രകാശ് പക്ഷവുമായി ഇടഞ്ഞ് നിന്നിരുന്ന ഡിസിസിയിലെ പ്രബല വിഭാഗം തോൽവി ആയുധമാക്കാനുള്ള ഒരുക്കത്തിലാണ്. കോന്നിയിലെ തോൽവി വരും ദിവസങ്ങളിൽ പാർട്ടിക്ക് അകത്ത് കൂടുതൽ പൊട്ടിത്തെറിക്ക് വഴി വെച്ചേക്കും.