തിരുവനന്തപുരം: പാലാക്ക് പിന്നാലെ  വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് എല്‍ഡിഎഫ് നേടിയത് തിളക്കമാര്‍ന്ന വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍തിരിച്ചടിക്ക് ശേഷം രാഷ്ട്രീയകാലാവസ്ഥ തന്നെ മാറ്റുന്ന വിജയം സിപിഎമ്മിനും എല്‍ഡിഎഫിനും നല്‍കുന്നത് സമാനതകളില്ലാത്ത ആത്മവിശ്വാസമാണ്. എന്നാല്‍ ശക്തികേന്ദ്രമായ അരൂരിലെ തിരിച്ചടി ഇതിനിടയിലും എല്‍ഡിഎഫിന് ആഘാതമായി.

അഞ്ചിടത്ത് മത്സരം. 4 എണ്ണം യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റുകള്‍. അതും യു‍‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളവ.ഒന്ന് നിലനിര്‍ത്തി ഒന്ന് കൂടി നേടുക. ഇതായിരുന്നു എല്‍ഡിഎഫ് പദ്ധതി. ഇതിനായി ചിട്ടയായ പ്രവര്‍ത്തനം നടത്തി. എല്ലാ തന്ത്രങ്ങളും പയറ്റി. ആദ്യം തന്നെ ചെറുപ്പക്കാരായ സ്ഥാനാര്‍ഥികളെ ഇറക്കി കളം പിടിച്ചു. ബ്രാഞ്ചംഗം മുതല്‍ മന്ത്രിമാരെയെല്ലാവരെയും  മണ്ഡലങ്ങളിലിറക്കി പ്രചാരണം കൊഴുപ്പിച്ചു.

ഇതിനിടയിലാണ് എന്‍എസ്എസ് സമദൂരം വിട്ട് ശരിദൂരം പറഞ്ഞ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം ശബരിമലയിലേക്ക് എത്തിക്കാന്‍ യുഡിഎഫും ബിജെപിയും ആവത് ശ്രമിച്ചപ്പോഴും മുഖ്യമന്ത്രിയടക്കമുള്ളവര്‍ സംയമനം പാലിച്ചു. എല്‍ഡിഎഫിന് മേല്‍ക്കൈ അനിവാര്യമായിരുന്നു എന്ന തിരിച്ചറിവില്‍ വളരെ കരുതലോടെയായിരുന്നു സിപിഎം നീക്കങ്ങള്‍. അടുത്ത വര്‍ഷം പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിനടുത്ത വര്‍ഷം നിയമസഭാതെരഞ്ഞെടുപ്പും വരാനിരിക്കെ രാഷ്ട്രീയച്ചിത്രം മാറേണ്ടത് സിപിഎമ്മിന്‍റെ ആവശ്യമായിരുന്നു. 

എന്തായാലും പ്രതീക്ഷിച്ചതിനേക്കാല്‍ വലിയ വിജയമാണ് ഒടുവില്‍ ഇടതുപക്ഷം നേടിയെടുത്തത്. വട്ടിയൂര്‍ക്കാവില്‍ സ്വപ്നസമാനമായ ജയം. ശബരിമല വിഷയം ആളിക്കത്തിയ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ നേടിയ വിജയം യുഡിഎഫിനും ബിജെപിക്കും ഇരുട്ടടിയായി മാറി. 2016-ല്‍ വട്ടിയൂര്‍ക്കാവില്‍ 7622 വോട്ടിന് കെ മുരളീധരന്‍ ജയിക്കുമ്പോള്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തായിരുന്നു. കഴിഞ്ഞ ലോക്സഭയില്‍ മൂന്നാം സ്ഥാനത്ത് തന്നെ നിന്ന എല്‍ഡിഎഫിന് കിട്ടിയതാകട്ടെ വെറും 26 ശതമാനം വോട്ട്.  അവിടെയാണ് 14438 വോട്ട് നേടിയുള്ള വികെപ്രശാന്തിന്‍റെ തേരോട്ടം.

 23 വര്‍ഷം അടൂര്‍ പ്രകാശ് കുത്തകയാക്കി വച്ച മണ്ഡലമാണ് കോന്നി. 20742 വോട്ടിനാണ് അടൂര്‍ പ്രകാശ് കോന്നിയില്‍ നിന്നും ഒടുവില്‍ ജയിച്ചത്. അങ്ങനെയുള്ള യുഡിഎഫ് കോട്ടയില്‍ പുതുമുഖമായ  ജനീഷ്കുമാര്‍ നേടിയ 9953 വോട്ടിന്‍റെ വിജയവും സിപിഎമ്മിന് സ്വപ്നസമാനമാണ്. എന്‍എസ്എസിനെയും ബിജെപിയേയുമെല്ലാം തറപറ്റിച്ചെന്ന രാഷ്ട്രീയവും ഇതിന് പിന്നിലുണ്ട്. 

തീര്‍ച്ചയായും പാലാക്ക് ശേഷം കോന്നിയും വട്ടിയൂര്‍ക്കാവും കേരള രാഷ്ട്രീയത്തില്‍ രണ്ട് പ്രതീകങ്ങളാകുകയാണ്. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ ഏറണാകുളത്ത് അവരെ വിറപ്പിക്കാന്‍ സാധിച്ചെന്നും എല്‍ഡിഎഫിന് അഭിമാനത്തോടെ പറയാം. പക്ഷേ അഭിമാനകരമായ രാഷ്ട്രീയവിജയത്തിനിടയിലും അരൂരില്‍ എന്ത് പറ്റിയെന്ന ചോദ്യത്തിനും അവര്‍ മറുപടി പറയേണ്ടിയും വരും.